Tuesday, June 25, 2019 Last Updated 56 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 02.10 AM

താമര വിരിയിക്കാന്‍ മോഹന്‍ലാല്‍ വരുമോ ഇല്ലയോ ? പക്ഷേ മോഹന്‍ലാല്‍ വരും.. വരില്ലേ ? താമരയില്‍ താല്പര്യം ഇല്ലെങ്കില്‍ എന്‍.ഡി.എയുടെ സ്വതന്ത്ര സ്‌ഥാനാര്‍ഥി ? മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ സഹായിക്കുന്നത്‌ സേവാഭാരതിയെ

Mohanlal, BJP

"മോഹന്‍ലാല്‍ വരുമോ...?" "കോട്ടയം കുഞ്ഞച്ച"നില്‍ ജഗതിശ്രീകുമാറിന്റെ ഈ ചോദ്യത്തിന്‌ ഏതാനും ദിവസങ്ങളായി രാഷ്‌ട്രീയകേരളം ഉത്തരം തേടുകയാണ്‌. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തലസ്‌ഥാനത്ത്‌ കോണ്‍ഗ്രസിന്റെ ശശി തരൂരിനെ അട്ടിമറിക്കുന്നതിനു ലാലിനെ ഇറക്കാനുള്ള അണിയറനീക്കത്തിലാണു ബി.ജെ.പി.

എന്നാല്‍, പൃഥിരാജിന്റെ ലൂസിഫര്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ കേരളത്തിലുള്ള നടന്‍ മനസു തുറന്നിട്ടില്ല.

താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും തന്റെ ജോലിയുമായി മുന്നോട്ടു പോകുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞതായാണു വിവരം. താന്‍ രാഷ്‌ട്രീയത്തിലേക്ക്‌ ഇല്ലെന്നും ജനപത്രിനിധിയായി പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം സുഹൃത്തുക്കളോട്‌ വ്യക്‌തമാക്കിയെന്നു സൂചനയുണ്ട്‌. എന്നാല്‍, ഇതു തീര്‍ത്തും മുഖവിലയ്‌ക്കെടുക്കാനാകാത്ത സാഹചര്യമാണുളളത്‌. ജന്മാഷ്‌ടമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഡല്‍ഹിയില്‍ അദ്ദേഹം നടത്തിയ കൂടിക്കാഴ്‌ചയാണ്‌ ചര്‍ച്ച സജീവമാക്കുന്നത്‌. താരത്തെ ട്വിറ്ററില്‍ മോഡി പിന്തുടരുന്നതും ശ്രദ്ധേയം. നടന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ബി.ജെ.പിയോടു ചേര്‍ന്നാണെന്ന്‌ വാദിക്കുന്നവരുമുണ്ട്‌.

ആര്‍.എസ്‌.എസ്‌. നിയന്ത്രണത്തിലുള്ള സേവാഭാരതിയെയാണ്‌ ഫൗണ്ടേഷന്‍ പ്രധാനമായും സഹായിക്കുന്നത്‌. കൂടിക്കാഴ്‌ചയില്‍ വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ താന്‍ സംസാരിച്ചുവെന്ന്‌ മോഹന്‍ലാല്‍ തന്നെ ഫെയ്‌സ്‌ബുക്കിലുടെ വ്യക്‌തമാക്കിയിരുന്നു.
കൂടിക്കാഴ്‌ച അവിസ്‌മരണീയമെന്ന്‌ ട്വിറ്ററില്‍ പ്രധാനമന്ത്രി കുറിച്ചത്‌ ലാലിന്റെ സ്‌ഥാനാര്‍ഥിത്വത്തിനായി വാദിക്കുന്നവര്‍ക്ക്‌ ബലമേകുന്നുണ്ട്‌. ട്വിറ്റിന്‌ ലാല്‍ മറുപടിയും നല്‍കി. എന്നാല്‍, ഫൗണ്ടേഷന്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ ചര്‍ച്ച ചെയ്‌തതെന്നാണു വിവരം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്തു നേട്ടമുണ്ടാക്കാന്‍ പ്രശസ്‌തര്‍ക്കും ജനസ്വാധീനമുള്ളവര്‍ക്കും സീറ്റ്‌ നല്‍കണമെന്നാണ്‌ ബി.ജെ.പി. ദേശീയ പ്രസിഡന്റ്‌ അമിത്‌ഷായുടെയും ആര്‍.എസ്‌.എസ്‌. നേതൃത്വത്തിന്റെയും താല്‍പ്പര്യമെന്ന്‌ അദ്ദേഹത്തിനായി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ലാലിന്റെ സുഹൃത്തുക്കളായ പ്രിയദര്‍ശനും സുരേഷ്‌ കുമാറും അടക്കമുള്ളവര്‍ ബി.ജെ.പിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്‌. ശിവസേനാ പ്രവര്‍ത്തകരുമായും ഇവര്‍ക്കു നല്ല ബന്ധമാണുള്ളത്‌. തലസ്‌ഥാനത്തിന്റെ സ്വന്തം നടനെന്ന പ്രതിച്‌ഛായ മുതലെടുക്കാനാകുമെന്നാണു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

താമര ചിഹ്നഹ്‌നത്തില്‍ മത്സരിക്കാന്‍ തയാറായില്ലെങ്കില്‍ എന്‍.ഡി.എയുടെ സ്വതന്ത്ര സ്‌ഥാനാര്‍ഥിയാക്കാനും നീക്കമുണ്ട്‌. ലാലിനെ പോലെ ബി.ജെ.പി. നേതൃത്വവും ഇതേവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും നടനെ ഇന്നലെ പാര്‍ട്ടിയിലേക്ക്‌ സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌. ശ്രീധരന്‍പിള്ള സ്വാഗതം ചെയ്‌തു.

കഴിഞ്ഞ തവണ ഒ. രാജഗോപാലായിരുന്നു സ്‌ഥാനാര്‍ഥി. 12,000 വോട്ടിനായിരുന്നു രാജഗോപാല്‍ പരാജയപ്പെട്ടത്‌. മോഹന്‍ലാല്‍ വന്നാല്‍ വിജയിക്കാനാകുമെന്നു പാര്‍ട്ടിയുടെ പ്രതീക്ഷ.

ബി.ജെ.പിയോട്‌ മോഹന്‍ലാല്‍ അടുക്കുന്നുവെന്ന തോന്നല്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനുമുണ്ട്‌. സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്‌ വിതരണച്ചടങ്ങില്‍ ശക്‌തമായ എതിര്‍പ്പിനെ മറികടന്ന്‌ ലാലിനെ സര്‍ക്കാര്‍ പങ്കെടുപ്പിച്ചത്‌ ഇതുകൊണ്ടായിരുന്നു. അതേസമയം, നടന്‍ ഇത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന്‌ കരുതുന്നില്ലെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പ്രതികരിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW