Thursday, June 13, 2019 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 02.09 AM

കല അതിജീവനത്തിന്‌ പ്രചോദനം

പ്രളയത്തിന്റെ പശ്‌ചാത്തലത്തില്‍ യുവജനോത്സവവും രാജ്യാന്തര ചലച്ചിത്രോത്സവവുമടക്കം അടുത്ത ഒരുവര്‍ഷത്തേക്കുള്ള എല്ലാ ആഘോഷപരിപാടികളും റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം വ്യാപക ചര്‍ച്ചകള്‍ക്കു വഴി തെളിച്ചിരിക്കുകയാണ്‌. ആഡംബരങ്ങളില്ലാതെ മേളകള്‍ നടത്തണമെന്ന അഭിപ്രായമാണ്‌ കലാരംഗത്തുള്ളവര്‍ പങ്കുവയ്‌ക്കുന്നത്‌. ഇതേക്കുറിച്ചുള്ള പ്രതികരണങ്ങള്‍:

കമല്‍ (ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍)
ചലച്ചിത്രമേള ഒഴിവാക്കിയ തീരുമാനം അക്കാഡമിയുമായി ആലോചിക്കാതെയാണ്‌. ആഘോഷങ്ങളില്ലാതെ മേള നടത്താന്‍ കഴിയുമോയെന്നു പരിശോധിക്കും. സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന്‌ ഒരുക്കങ്ങളെല്ലാം നിര്‍ത്തിവച്ചു. അക്കാഡമിക്ക്‌ ഇക്കാര്യത്തില്‍ സ്വന്തമായി ഒന്നുംചെയ്യാന്‍ നിവൃത്തിയില്ല. മന്ത്രി എ.കെ.ബാലനുമായി സംസാരിച്ചിരുന്നു.
മേള നടത്തേണ്ടെന്നാണു മുഖ്യമന്ത്രി നിര്‍ദേശിച്ചതെങ്കില്‍ അതു പിന്‍വലിപ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും എങ്കിലും അദ്ദേഹം തിരിച്ചുവന്ന ശേഷം ഇതുസംബന്ധിച്ചു ചര്‍ച്ച നടത്താമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്‌. ഡെലിഗേറ്റ്‌സ്‌ രജിസ്‌ട്രേഷന്‍ തുക കൊണ്ടും മറ്റ്‌ ഫണ്ടുകള്‍ ഉപയോഗിച്ചും ചെറിയ തോതില്‍ ഐ.എഫ്‌.എഫ്‌.കെ. നടത്താന്‍ കഴിയുമോയെന്നു പരിശോധിക്കും.
ഒരുവര്‍ഷത്തെ മേള ഇല്ലാതാവുന്നതു നഷ്‌ടം തന്നെയാണ്‌. അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണ്‌.

ഡോ. ബിജു (സംവിധായകന്‍)
ദുരന്തത്തെ അതിജീവിക്കാന്‍ എല്ലാത്തരം കലകളെയും ഒഴിവാക്കണമെന്ന കാഴ്‌ചപ്പാട്‌ ആത്മഹത്യാപരം മാത്രമല്ല, കലാപരമായ സാംസ്‌കാരികതയുടെ അവസാനം കൂടിയാണ്‌. അഭിമാനമായ ഈ കലാമേള അതിജീവനത്തിന്റെ അടയാളപ്പെടുത്തലായി പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ എങ്ങനെ സാധിക്കുമെന്ന സാധ്യത ആരായണം. ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കാതെ മേള ഉപേക്ഷിക്കുന്നത്‌ ആശാവഹമല്ല.

സൂര്യ കൃഷ്‌ണമൂര്‍ത്തി
ആഡംബരങ്ങള്‍ ഒഴിവാക്കി മേള നടത്തുകയാണു വേണ്ടത്‌. നിരവധി കലാകാരന്മാരുടെ ജീവിതത്തിലും പ്രളയം നഷ്‌ടങ്ങളുണ്ടാക്കിയിട്ടുണ്ട്‌. മേളകള്‍ അവര്‍ക്കൊരു പ്രചോദനമാകും. സാമ്പത്തിക ബുദ്ധിമുട്ട്‌ ഒഴിവാക്കുന്നതിനു വേണ്ടിയാണ്‌ മുഖ്യമന്ത്രി ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്‌. അത്‌ ഉള്‍ക്കൊള്ളണം. സര്‍ക്കാര്‍ പണം നല്‍കണമെന്നു പറയുന്നതു ശരിയല്ല. അവരവരുടെ ഫണ്ടില്‍ നിന്നു പണമെടുത്തും മേളകള്‍ നടത്താം. പാഴ്‌ച്ചെലവുകള്‍ ഒഴിവാക്കിയാല്‍ അതിനു സാധിക്കും.

സി.എസ്‌. വെങ്കിടേശ്വരന്‍
അനാവശ്യ ചെലവുകളും ആര്‍ഭാടങ്ങളും ഒഴിവാക്കി ചലച്ചിത്ര മേള നടത്തണം. അഭിപ്രായം. ഭക്ഷണം പോലെതന്നെ പ്രാഥമികമായ ആവശ്യമാണു കലയും. ദുരന്തവും അതിജീവനവും പശ്‌ചാത്തലമാക്കുന്ന സിനിമകള്‍ അടങ്ങിയ പാക്കേജുകള്‍ മേളയില്‍ ഉള്‍ക്കൊള്ളിച്ചാല്‍ ദുരന്തബാധിതര്‍ക്ക്‌ അതൊരു പ്രചോദനമാകും.

വി.കെ. ജോസഫ്‌
എല്ലാം നശിച്ചവര്‍ക്ക്‌ അതിജീവനത്തിന്റെ കരുത്തു പകരാനെങ്കിലും മേളകള്‍ നടത്തണം. വ്യക്‌തമായ ആസൂത്രണമുണ്ടെങ്കില്‍ ആഡംബരം കുറച്ച്‌ കുറഞ്ഞ ചെലവില്‍ ഇവയെല്ലാം നടത്താനാകും. എല്ലാം നിര്‍ത്തിവച്ചാല്‍ നമ്മള്‍ അതിജീവിക്കുന്നില്ലെന്ന പ്രതീതിയാകും സൃഷ്‌ടിക്കുക.

മധുപാല്‍ (സംവിധായകന്‍)
പ്രളയത്തോടുകൂടി സകലതും നശിച്ചെന്ന ചിന്ത ശരിയല്ല. കലാപ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കടക്കം തിരിച്ചുവരാനുള്ള ഊര്‍ജം പകരും. നേരിട്ട ദുരന്തം പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക്‌ അവസരം നല്‍കുകയാണു വേണ്ടത്‌. ഒരു നാടകനടന്‌ ബ്രഹ്‌മാണ്ഡമായ സ്‌റ്റേജിന്റെ ആവശ്യമില്ല. ആടാനൊരു തറ മാത്രമേ വേണ്ടൂ. തറ കൊടുക്കാനുള്ള മനസാണു നമുക്കു വേണ്ടത്‌. ആഡംബരങ്ങള്‍ ഒഴിവാക്കി കലാകാരന്‍മാര്‍ക്ക്‌ അവസരം നല്‍കണം.
എന്‍. ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി,
എ.കെ.എസ്‌.ടി.യു)
കലോത്സവം മാറ്റിവയ്‌ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്‌. ഇത്രയധികം പണം ചെലവഴിച്ചു കലോത്സവം നടത്തുന്നത്‌ അവസരോചിതമല്ല. കലോത്സവത്തിനു വേദി നിശ്‌ചയിച്ചിരുന്ന ആലപ്പുഴയിലെ കുട്ടനാടും ചെങ്ങന്നൂരും ഏറെ കെടുതികള്‍ ഏറ്റുവാങ്ങിയ ഇടങ്ങളാണ്‌. നാലു ദിവസത്തെ മേളയില്‍ മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ അരലക്ഷത്തിലേറെപേര്‍ പങ്കെടുക്കും. അതുകൊണ്ട്‌ തന്നെ ചെലവ്‌ കുറയ്‌ക്കാനാവില്ല. ഈ ഫണ്ട്‌ ദുരിതബാധിതര്‍ക്കായി വിനിയോഗിക്കുകയാണ്‌ വേണ്ടത്‌.

പി. ഹരിഗോവിന്ദന്‍
(പ്രസിഡന്റ്‌, കെ.പി.എസ്‌.ടി.എ.)
ദുരന്തമുഖത്തുനിന്നു കരകയറാന്‍ ഏറെ സമയം വേണ്ടതിനാല്‍ കലോത്സവം മാറ്റിവെക്കാനുള്ള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും തീരുമാനത്തിനൊപ്പം നില്‍ക്കുന്നു. എന്നാല്‍ അര്‍ഹതയുള്ള ഗ്രേസ്‌മാര്‍ക്ക്‌ വിദ്യാര്‍ഥികള്‍ക്ക്‌ നഷ്‌ടമാകരുത്‌. കഴിഞ്ഞവര്‍ഷം കലോത്സവത്തില്‍ പങ്കെടുത്തത്‌ മാനദണ്ഡമാക്കി ഗ്രേസ്‌മാര്‍ക്ക്‌ നല്‍കണം.

കെ.എം അഭിജിത്ത്‌
(പ്രസിഡന്റ്‌, കെ.എസ്‌.യു.)
കലോത്സവങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. വിദ്യാര്‍ഥികളുടെ കഴിവിനെ പരിപോക്ഷിപ്പിക്കുന്നതിനു പകരം അവരെ നിരുത്സാഹപ്പെടുത്തുന്ന നിലപാട്‌ സര്‍ക്കാര്‍ സ്വീകരിക്കരുത്‌.

Ads by Google
Thursday 06 Sep 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW