Tuesday, September 25, 2018 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.46 AM

കത്തിക്കയറി ഡീസല്‍; കഴുത്തു ഞെരിക്കാന്‍ വിലക്കയറ്റം

uploads/news/2018/09/246310/k6.jpg

കൊച്ചി : ഇന്ധനവില വിലവര്‍ധന ഇടിത്തീയായതോടെ അവശ്യസാധനങ്ങള്‍ക്കു വിലക്കയറ്റ ഭീഷണി. തുടര്‍ച്ചയായ പതിനൊന്നുദിവസത്തിനുള്ളില്‍ സംസ്‌ഥാനത്ത്‌ ഒരുലിറ്റര്‍ പെട്രോളിന്‌ 1.65 രൂപയും ഡീസലിന്‌ 2.22 രൂപയും വര്‍ധിച്ചു. ഒരു മാസത്തിനിടെ പെട്രോളിന്‌ 2.60 രൂപയും ഡീസലിന്‌ മൂന്നു രൂപയുമാണു കൂടിയത്‌. ഇന്നലെ മാത്രം വിലവ്യതിയാനമുണ്ടായില്ല.
കഴിഞ്ഞ മൂന്നുമാസത്തിനിടെ പെട്രോളിന്‌ 6.50 രൂപയും ഡീസലിന്‌ 4.70 രൂപയും വര്‍ധിച്ചു. ഇക്കാലയളവില്‍ പാചകവാതകത്തിന്റെയും സി.എന്‍.ജിയുടെയും വില കുതിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്‌ ആഭ്യന്തര പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നത്‌. ക്രൂഡ്‌ വില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യമിടിയുന്നതും ഇന്ധനവില കൂട്ടാനിടയാക്കുന്നു. ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കെല്ലാം വില ഉയരും. അതേ സമയം, രൂപയുടെ മൂല്യമിടിയുന്നതും ഡോളര്‍ വില ശക്‌തമാകുന്നതും കയറ്റുമതി മേഖലയ്‌ക്കും വിദേശരാജ്യങ്ങളില്‍നിന്ന്‌ പണം അയയ്‌ക്കുന്നവര്‍ക്കും നേട്ടമായി.
രാജ്യത്തെ ചരക്കുനീക്കത്തെ ഡീസല്‍ വില വര്‍ധന ബാധിക്കുമ്പോള്‍ അവശ്യസാധനങ്ങളുടെ വില ഉയരും. ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ ഗണ്യമായ വിലവര്‍ധന വരുംദിനങ്ങളില്‍ ഉണ്ടാകുമെന്നാണു സൂചന. സ്വകാര്യ, കെ.എസ്‌.ആര്‍.ടി.സി. ബസുകളില്‍ നിരക്കു വര്‍ധനയ്‌ക്കു സാധ്യതയുമുണ്ട്‌. ഡീസല്‍ വില വര്‍ധന മൂലം പ്രവര്‍ത്തനച്ചെലവ്‌ കൂടുന്നതാണു കാരണം. ഉപഭോക്‌തൃ സംസ്‌ഥാനമായതിനാല്‍ കേരളത്തിന്‌ ഇന്ധനവില വര്‍ധന കനത്ത പ്രഹരമാകും. ഇതര സംസ്‌ഥാനങ്ങളില്‍നിന്നെത്തുന്ന ചരക്കുകള്‍ക്കു വില കൂടും. ക്രൂഡ്‌ ഓയില്‍ വില ഉയര്‍ന്നാല്‍ ഇനിയും ഇന്ധനം പൊള്ളും.
ഇന്ധനത്തിനുമേല്‍ ഏര്‍പ്പെടുത്തിയ എക്‌സൈസ്‌ നികുതി കുറയ്‌ക്കാതെ വില കുറയില്ലെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട്‌ 3,92057 കോടി രൂപയാണ്‌ ഇന്ധന നികുതിയായി സര്‍ക്കാര്‍ പിരിച്ചെടുത്തത്‌. ഇക്കാലയളവില്‍ പെട്രോളിന്‌ 330 ശതമാനവും ഡീസലിന്‌ 120 ശതമാനവും തീരുവ കൂട്ടി. നടപ്പു സാമ്പത്തികവര്‍ഷം 1,69,250 കോടി രൂപയാണ്‌ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ ജൂണ്‍ മുതലാണ്‌ ഇന്ധനവില ദിവസവും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികളെ അനുവദിച്ചത്‌. അതേ, സമയം ഇന്നലെ ക്രൂഡ്‌ ഓയിലിന്റെ വില 0.35 ഡോളര്‍ കുറഞ്ഞു. ചൈനയും ഇന്ത്യയും കുറഞ്ഞ തോതിലെങ്കിലും ഇറാനില്‍നിന്നു ക്രൂഡ്‌ ഓയില്‍ ഇറക്കുമതി ചെയ്യുമെന്നു പ്രഖ്യാപിച്ചതോടെയാണിത്‌. എന്നാല്‍, ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യത്തില്‍ ഇന്നലെയും കുറഞ്ഞത്‌ ഇറക്കുമതിച്ചെലവ്‌ കൂട്ടും. അത്‌ ആഭ്യന്തര ഇന്ധനവിലയെ പ്രതികൂലമായി ബാധിക്കും. ഇന്നലെ 32 പൈസയാണ്‌ രൂപയ്‌ക്കു നഷ്‌ടം. ഡോളര്‍ വില 71.66 രൂപയിലേക്കാണ്‌ കയറിയത്‌.

Ads by Google
Thursday 06 Sep 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW