Tuesday, November 13, 2018 Last Updated 18 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.46 AM

പോലീസിനെതിരേ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ : മദ്യപിച്ചു വാഹനമോടിക്കുന്നവരെ കൈക്കൂലി വാങ്ങി വിട്ടയയ്‌ക്കാന്‍ മാഫിയ

uploads/news/2018/09/246307/k3.jpg

തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിച്ചവരെ പിടികൂടി കൈക്കൂലി വാങ്ങി നിസാരകേസ്‌ ചുമത്തി വിട്ടയക്കുന്ന മാഫിയാസംഘം പോലീസില്‍ സജീവമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. മദ്യപിച്ചു വാഹനമോടിക്കുന്നവരെ ദിവസവും പോലീസ്‌ പിടികൂടുന്നുണ്ടെങ്കിലും ലൈസന്‍സ്‌ റദ്ദായിട്ടുള്ളത്‌ നൂറില്‍ത്താഴെപ്പേരുടെ മാത്രം. മദ്യപിച്ചു വാഹനമോടിച്ചതിനു പിടികൂടിയവരില്‍നിന്ന്‌ അയ്യായിരം രൂപ വരെ കൈക്കൂലി വാങ്ങി ലൈസന്‍സില്ലാതെയാണ്‌ വണ്ടി ഓടിച്ചത്‌ എന്നെഴുതിവാങ്ങി അതിനുള്ള ഫൈന്‍ മാത്രം അടച്ചുവിട്ടയക്കുകയാണ്‌ പോലീസ്‌ നിലവില്‍ ചെയ്യുന്നത്‌ എന്നാണ്‌ ഇന്റലിജന്‍സ്‌ വ്യക്‌തമാക്കുന്നത്‌.
മദ്യപിച്ച്‌ വാഹനമോടിക്കുന്ന നൂറുകണക്കിനുപേരെ ദിവസവും പിടികൂടുന്ന ട്രാഫിക്‌ പൊലീസ്‌ മറ്റു നടപടികളിലേയ്‌ക്കു നീങ്ങാതെ വിട്ടയയ്‌ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ഇന്റലിജന്‍സ്‌ മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ സംഘടിതമായി കൈക്കൂലി വാങ്ങുന്ന ഈ സമ്പ്രദായത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. ഇതേത്തുടര്‍ന്ന്‌ ട്രാഫിക്‌ സ്‌റ്റേഷനുകളില്‍ ക്യാമറ സ്‌ഥാപിക്കണമെന്നാണ്‌ ശിപാര്‍ശ. പിടിക്കപ്പെടുന്ന കേസുകളിലെ തുടര്‍നടപടികള്‍ക്കായി സ്‌റ്റേഷനിലെത്തുന്നവരെ കണ്ടെത്തുന്നതിനാണിത്‌.
മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ പിടിയിലായാല്‍ കൈയോടെ ആര്‍.ടി.ഒയെ അറിയിക്കണമെന്നാണു ചട്ടം. മദ്യപിച്ചതായി പരിശോധനയില്‍ തെളിഞ്ഞാല്‍ പിഴയ്‌ക്കുപുറമേ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നാണ്‌ ചട്ടം. ലൈസന്‍സിന്റെ സസ്‌പെന്‍ഷന്‍ കാലാവധി തീരുന്നതുവരെ വണ്ടിയോടിക്കാനാവില്ല. എന്നാല്‍ സംസ്‌ഥാനത്തെ പോലീസ്‌ ഇത്തരത്തില്‍ നടപടിക്കായി ആര്‍.ടി.ഒയെ അറിയിക്കുന്നതിനുപകരം സ്വന്തം നിലയില്‍ പിഴയും കിഴിയും നിശ്‌ചയിച്ച്‌ കേസ്‌ സ്വന്തം നിലയില്‍ തീര്‍ക്കുകയാണ്‌. ലൈസന്‍സില്ലാതെ വണ്ടിയോടിച്ചുവെന്ന കുറ്റം ചുമത്തുകയാണ്‌ പല ട്രാഫിക്‌ പൊലീസുകാരും ചെയ്യുന്നത്‌. ഇതിനു പിഴ ആയിരം രൂപയാണ്‌. കേസെടുത്ത്‌ ഈ പിഴ വാങ്ങി കനത്ത കൈക്കൂലിയും വാങ്ങി കുറ്റക്കാരെ വിട്ടയയ്‌ക്കും. ലൈസന്‍സ്‌ നഷ്‌ടമാകുമെന്നതുകൊണ്ടും നൂലാമാലകള്‍ ഒഴിവാക്കാനും ആരും പരാതിയുമായി മുന്നോട്ടുവരികയും ഇല്ല.
മദ്യപിച്ച്‌ വണ്ടിയോടിക്കുന്നവരാണ്‌ സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ക്ക്‌ കാരണക്കാരാകുന്നത്‌. എന്നിട്ടും ഇത്തരത്തിലുള്ള കേസുകള്‍ കുറയുകയും ലൈസന്‍സില്ലാതെ വണ്ടിയോടിക്കുന്നതടക്കമുള്ള കുറ്റങ്ങള്‍ വല്ലാതെ കൂടുകയും ചെയ്യുന്നുവെന്നാണ്‌ പോലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തിയത്‌.

എസ്‌. നാരായണന്‍

Ads by Google
Thursday 06 Sep 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW