Sunday, November 18, 2018 Last Updated 10 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.46 AM

പി.കെ. ശശി വിവാദം ആയുധമാക്കാന്‍ യു.ഡി.എഫ്‌.

uploads/news/2018/09/246302/k13.jpg

തിരുവനന്തപുരം : സി.പി.എം. എം.എല്‍.എ: പി.കെ. ശശിക്കെതിരായ പീഡനാരോപണം രാഷ്‌ട്രീയ ആയുധമാക്കാന്‍ യു.ഡി.എഫ്‌. പരാതിയില്‍ പോലീസ്‌ അന്വേഷണമില്ലാത്തതു ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ത്താനാണു യു.ഡി.എഫ്‌. ആലോചിക്കുന്നത്‌.
കോണ്‍ഗ്രസ്‌ എം.എല്‍.എ: എം. വിന്‍സെന്റിനെതിരേ സമാനമായ പരാതിയുയര്‍ന്നപ്പോള്‍ നിയമനടപടി സ്വീകരിച്ച പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്‌ തുറന്നുകാട്ടിയുള്ള പ്രചാരണത്തിനാണ്‌ യു.ഡി.എഫ്‌ ശ്രമം. ഇത്തരമൊരു പരാതി ഉണ്ടായാല്‍ രാജ്യത്തെ നിയമപ്രകാരം ഉടന്‍തന്നെ അത്‌ പോലീസ്‌ കൈമാറി ക്രിമിനല്‍ നടപടിക്രമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിക്കാണ്‌ പരാതി ലഭിച്ചാലും അത്‌ പോലീസിന്‌ കൈമാറണം. നേരത്തെ കോണ്‍ഗ്രസ്‌ എം.എല്‍.എയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അതാണ്‌ ചെയ്‌തത്‌. ഇപ്പോള്‍ ഉയര്‍ന്ന പരാതിയുടെ സത്യാവസ്‌ഥയെക്കുറിച്ച്‌ തനിക്കറിയില്ല. അതേക്കുറിച്ച്‌ അന്വേഷിക്കേണ്ടതുണ്ട്‌. പാര്‍ട്ടി അന്വേഷിച്ചാല്‍ മാത്രം പോരാ, പോലീസ്‌ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.കെ.ശശിയ്‌ക്കെതിരെയുള്ള പീഡന പരാതി പോലീസിനു കൈമാറാതെ പൂഴ്‌ത്തിവച്ച സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെ കേസെടുക്കണമെന്ന്‌ കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.
വനിതാ നേതാവിന്റെ പരാതി സി.പി.എമ്മിന്റെ ആഭ്യന്തകാര്യമായി മാത്രം കാണാനാകില്ല. നേരത്തേ യുഡിഎഫ്‌ എംഎല്‍എയ്‌ക്കെതിരെ സമാനമായ പരാതി ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ എംഎല്‍എ ഹോസ്‌റ്റലില്‍ നിന്നും വിളിച്ചുവരുത്തി പോലീസ്‌ അറസ്‌റ്റു ചെയ്‌തു. നിയമസഭാ സമ്മേളനത്തില്‍ പോലും പങ്കെടുപ്പിക്കാതെ എംഎല്‍എയെ നെയാറ്റിന്‍കര ജയിലടച്ചു. ഈ ഇരട്ടനീതി അംഗീകരിക്കാനാകില്ല. ഷൊര്‍ണൂര്‍ എംഎല്‍എയ്‌ക്കെതിരെ പോലീസ്‌ കേസെടുത്തില്ലെങ്കില്‍ നിയമനടപടിയ്‌ക്കായി കോടതിയെ സമീപിക്കുന്ന കാര്യം യു.ഡി.എഫ്‌ ആലോചിക്കുമെന്നും കെ.മുരളീധരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പരാതി പൂഴ്‌ത്തിയ കോടിയേരി ബാലകൃഷ്‌ണന്‍ ചെയ്‌ത അതേ കുറ്റം തന്നെ വൃന്ദാ കാരാട്ടും ചെയ്‌തിട്ടുള്ളത്‌. ഈ സാഹചര്യത്തില്‍ വൃന്ദാ കാരാട്ടിനെതിരെയും പോലീസ്‌ കേസെടുക്കണം. പരാതി മുക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നല്ല ശ്രമം നടക്കുന്നുണ്ട്‌. നാട്ടിലെ സ്‌ത്രീകള്‍ മുഴുവന്‍ സുരക്ഷിതരായിക്കുമെന്ന്‌ പറഞ്ഞ മുഖ്യമന്ത്രിക്ക്‌ സ്വന്തം പാര്‍ട്ടിയിലെ സ്‌ത്രീകള്‍ക്കുപോലും സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Ads by Google
Thursday 06 Sep 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW