Wednesday, November 21, 2018 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.46 AM

അടിയന്തര ധനസഹായ വിതരണം : സമയപരിധി പിന്നിട്ടിട്ടും പാതിപോലും എത്തിയില്ല

uploads/news/2018/09/246299/k10.jpg

ആലപ്പുഴ: പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന്‌ വീടുകളിലേക്ക്‌ മടങ്ങുന്നവര്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ സഹായ വിതരണം നിശ്‌ചിത സമയപരിധിയില്‍ പകുതിപോലും പൂര്‍ത്തിയായില്ല. സെപ്‌റ്റംബര്‍ അഞ്ചിനകം തുക ലഭ്യമാക്കുമെന്നായിരുന്നു ധനമന്ത്രി നേരത്തെ അറിയിച്ചിരുന്നത്‌. എന്നാല്‍ അദ്ദേഹത്തിന്റെ ജില്ലയായ ആലപ്പുഴയില്‍ പോലും 20 ശതമാനത്തില്‍ താഴെയാളുകള്‍ക്കേ പണം ലഭിച്ചിട്ടുള്ളു.
ആലപ്പുഴയില്‍ ഇതുവരെ 13181 പേര്‍ക്കാണ്‌ പതിനായിരം രൂപയുടെ അടിയന്തിര സഹായം വിതരണം ചെയ്‌തത്‌. ചേര്‍ത്തലയില്‍ 1093 പേര്‍ക്കും അമ്പലപ്പുഴയില്‍ 1184 പേര്‍ക്കും കുട്ടനാട്‌ 6960 പേര്‍ക്കും കാര്‍ത്തികപള്ളിയില്‍ 457 പേര്‍ക്കും മാവേലിക്കരയില്‍ 2107 പേര്‍ക്കും ചെങ്ങന്നൂരില്‍ 1390 പേര്‍ക്കുമാണ്‌ സഹായം വിതരണം ചെയ്‌തത്‌. ജില്ലയില്‍ 93812 പേര്‍ക്ക്‌ കിറ്റുകള്‍ വിതരണം ചെയ്‌തതായാണ്‌ ഔദ്യോഗിക കണക്ക്‌. എന്നാല്‍ ഇവിടെയും സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നതു പോലെ 22 ഇനങ്ങളടങ്ങിയ കിറ്റുകള്‍ ഭൂരിഭാഗം പേര്‍ക്കും ലഭിച്ചില്ല. ചിലയിടങ്ങളില്‍ വിതരണം ചെയ്‌ത കിറ്റുകളില്‍ അരി ഉണ്ടായിരുന്നതുമില്ല.
ദുരിതബാധിതരുടെ അക്കൗണ്ട്‌ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടി ഇഴഞ്ഞുനീങ്ങുന്നതാണ്‌ ആനുകൂല്യം വൈകാനിടയാക്കുന്നത്‌. ദുരിതബാധിതരുടെ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ ക്രോഡീകരിച്ച്‌ നല്‍കേണ്ട വില്ലേജ്‌ ഓഫീസര്‍മാര്‍ മറ്റു തിരക്കുകളിലാണ്‌. ഇതാണ്‌ ദുരിതബാധിതരുടെ അക്കൗണ്ട്‌ വിവരശേഖരണം വൈകിപ്പിക്കുന്നത്‌. ക്യാമ്പ്‌ വിട്ട്‌ വീടുകളില്‍ പോയവരുടെ വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്‌. രജിസ്‌റ്റര്‍ ചെയ്യാത്ത ക്യാമ്പുകളില്‍ താമസിച്ചവരുടെ വിവര ശേഖരണവും ഉടനടി പൂര്‍ത്തിയാക്കണം. ബി.എല്‍.ഒമാരും വില്ലേജ്‌ ഓഫീസര്‍ ഓഫീസര്‍മാരും ചേര്‍ന്ന്‌ ശേഖരിച്ച ഗുണഭോക്‌താക്കളുടെ വിവരങ്ങള്‍ ക്രോഡീകരിച്ച്‌ തഹസില്‍ദാര്‍ വഴി ട്രഷറിയിലേക്കാണ്‌ കൈമാറുന്നത്‌. നഷ്‌ടപ്പെട്ട വീട്ടുപകരണങ്ങളടക്കം വാങ്ങാന്‍ നിര്‍ധന കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമാണ്‌ നടപടിക്രമങ്ങളിലെ കാലതാമസം മൂലം വൈകുന്നത്‌. 14 ജില്ലകളിലായി 3,91,494 കുടുംബങ്ങള്‍ക്ക്‌ വിതരണം ചെയ്യാനായി 242.73 കോടി രൂപയാണ്‌ ധനവകുപ്പ്‌ നീക്കിവച്ചിരിക്കുന്നത്‌. സംസ്‌ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന്‌ 3800 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ 6200 രൂപയും ഉള്‍പ്പടെയാണ്‌ ആകെ പതിനായിരം രൂപ വീതം നല്‍കുന്നത്‌.

ജി.ഹരികൃഷ്‌ണന്‍

Ads by Google
Thursday 06 Sep 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW