കൊച്ചി : പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യബന്ധന യാനങ്ങളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച നടപടികള്‍ സര്‍ക്കാര്‍ ലഘൂകരിക്കണമെന്ന ആവശ്യം ശക്തം. കേടുപാടു സംഭവിച്ച വള്ളങ്ങള്‍ സര്‍ക്കാര്‍ അംഗീകൃത ബോട്ട്യാര്ഡുകളില് എത്തിച്ച് അറ്റകുറ്റപ്പണി നടത്തിയശേഷം ബോട്ട്യാര്ഡിന്റെ ഉടമയുടെ അക്കൗണ്ടിലേക്കു പണം കൈമാറണമെന്നു കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നല്കിയ നിര്‍ദേശമാണു കീറാമുട്ടിയായത്.
അറ്റകുറ്റപ്പണി വൈകുന്നതുമൂലവും മറ്റു വരുമാനമില്ലാത്തതിനാലും, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ചില മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങള്‍ സ്വന്തം നിലയ്ക്ക് അറ്റകുറ്റപ്പണി നടത്തി ജോലിക്കു പോയിത്തുടങ്ങി. ബോട്ട്യാര്ഡുകളില് കൊണ്ടുപോകുന്ന വള്ളങ്ങള്‍ അറ്റകുറ്റപ്പണി നടത്തി കിട്ടുന്നതിനു കാലതാമസം ഉണ്ടാകുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
എറണാകുളം ജില്ലയില്‍നിന്ന് ഇരുന്നൂറോളം വള്ളങ്ങള്‍ പ്രളയത്തെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. ഇതില്‍ 46 എണ്ണത്തിന് കേടുപാടും 30 എണ്ണത്തിന്റെ എന്ജിന് തകരാറും സംഭവിച്ചു. മതിലിലും മരത്തിലും വൈദ്യുതി പോസ്റ്റിലുമൊക്കെ ഇടിച്ചാണു വള്ളങ്ങള്‍ക്കു കേടുപാടുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വള്ളങ്ങളുടെ കൃത്യമായ കണക്കും വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ കൈവശമുണ്ട്. കേടുപാടു സംഭവിച്ച വള്ളങ്ങളുടെ ഫോട്ടോ ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ എടുത്തിരുന്നു. എന്നാല്‍ നടപടിക്രമങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയില്ലെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മൂന്നു മാസത്തോളമായി ഇവര്‍ ജോലിക്കു പോയിട്ട്. ട്രോളിങ് നിരോധന കാലത്ത് അറ്റകുറ്റപ്പണികള്‍ നടത്തി വള്ളങ്ങള്‍ കടലിലിറക്കിത്തുടങ്ങിയപ്പോഴാണ് പ്രളയമുണ്ടാകുന്നത്. പ്രതിഫലംപോലും വേണ്ടെന്നുവച്ചാണു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളില്‍ പലരും സ്വന്തം നിലയ്ക്കു വള്ളങ്ങള്‍ നന്നാക്കി.
കലക്ടര്‍മാരുടെ ചുമതലയിലാണു വള്ളങ്ങള്‍ അതതു സ്ഥലത്തെ ബോട്ട്യാര്ഡുകളില് എത്തിച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. യാര്‍ഡില്‍ ഇതിനുള്ള ക്രമീകരണം നടത്തുന്നത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലും. ബില്ലുകള്‍ ഫിഷറീസ് വകുപ്പ് സാക്ഷ്യപ്പെടുത്തി കലക്ടര്‍മാര്‍ക്കു നല്‍കും.
കലക്ടര്‍ ബോട്ട് യാര്‍ഡിന്റെ ഉടമയുടെ അക്കൗണ്ടിലേക്കു പണം കൈമാറുകയാണു ചെയ്ുന്നതയ്. വള്ളങ്ങള്‍ പൂര്‍ണമായി തകര്‍ന്നവരും ആശങ്കയിലാണ്. സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്കുമെന്നു പറയുമ്പോഴും അത് എപ്പോള്‍ ലഭിക്കുമെന്നതിനെക്കുറിച്ച് പലര്‍ക്കും വ്യക്തതയില്ല.