Tuesday, December 11, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.46 AM

സാമ്പത്തിക അച്ചടക്കം കടലാസില്‍; വനംവകുപ്പില്‍ ഉദ്‌ഘാടന മഹാമഹം

uploads/news/2018/09/246297/K8.jpg

കോഴിക്കോട്‌ : പ്രളയക്കെടുതിയില്‍നിന്നു കരകയറാന്‍ ആഘോഷങ്ങളും പരിപാടികളും ഒഴിവാക്കി സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ ഉദ്‌ഘാടന മഹാമഹവുമായി വനംവകുപ്പ്‌.
വനം-വന്യജീവി വകുപ്പിലെ സര്‍വേ രേഖകള്‍ സൂക്ഷിക്കാന്‍ 40 ലക്ഷം രൂപ ചെലവിട്ടു കോഴിക്കോട്ടു സജ്‌ജീകരിച്ച ശീതീകരിച്ച റെക്കോഡ്‌ മുറിയുടെ ഉദ്‌ഘാടനമാണ്‌ വിവാദത്തിനാധാരം. ഉദ്‌ഘാടകനാകട്ടെ പ്രളയകാലത്തെ ജര്‍മന്‍ യാത്രയുടെ പേരില്‍ വിവാദപുരുഷനായ വനംമന്ത്രി കെ. രാജുവും. കോഴിക്കോട്ട്‌ ഈ മാസം എട്ടിനാണ്‌ ഉദ്‌ഘാടനം നിശ്‌ചയിച്ചിരിക്കുന്നത്‌. മാത്തോട്ടം വനശ്രീയിലെ പഴയ ഇരുനില ക്വാര്‍ട്ടേഴ്‌സ്‌ കെട്ടിടം മോടിപിടിപ്പിച്ചുള്ള മുറിയൊരുക്കല്‍ വനംവകുപ്പിലെ ധൂര്‍ത്തിനു മറ്റൊരുദാഹരണമാണെന്ന ആക്ഷേപവുമുണ്ട്‌.
സി.സി.ടിവിയടക്കമുള്ള ആധുനിക സംവിധാനങ്ങളാണ്‌ ഇവിടെ ഒരുക്കിയിട്ടുള്ളത്‌. ബയോമെട്രിക്‌ ലോക്ക്‌ ഡോര്‍ തുറക്കാനാകുക ചുമതലയുള്ള ഒന്നോ രണ്ടോ ഉദ്യോഗസ്‌ഥര്‍ക്കുമാത്രം. രേഖകള്‍ ചിതലരിക്കാതിരിക്കാനുള്ള സംവിധാനമടങ്ങുന്ന റാക്കുകളും തീപിടിത്തത്തില്‍ കത്തിനശിക്കാത്ത മൂന്നു കാബിനറ്റുകളുമാണു മറ്റു സവിശേഷതകള്‍. വനം സംരക്ഷണ ഫണ്ടില്‍ നിന്നാണ്‌ മുറി സജ്‌ജീകരിക്കാന്‍ ആവശ്യമായ 39,47,146 രൂപ അനുവദിച്ചത്‌. സിഡ്‌കോയ്‌ക്കായിരുന്നു നിര്‍മാണച്ചുമതല. മുറിക്കായി പുതിയ കെട്ടിടം നിര്‍മിച്ചില്ലെന്നതുമാത്രമാണ്‌ ഏക ആശ്വാസം.
രേഖകള്‍ സൂക്ഷിക്കാന്‍മാത്രം ഇത്രയേറെ രൂപ ചെലവിട്ട്‌ മുറി പണിയണമോ എന്നാണു വിമര്‍ശകരുടെ ചോദ്യം. ഉദ്‌ഘാടനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പൊടിക്കുമെന്നും സൂചനയുണ്ട്‌.
മന്ത്രി പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വനംവകുപ്പ്‌ ഉന്നത ഉദ്യോഗസ്‌ഥര്‍ കോഴിക്കോട്ട്‌ എത്തും. ഇവര്‍ക്കു യാത്രപ്പടിയിനത്തില്‍ത്തന്നെ വന്‍തുക ചെലവാകുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. എം.കെ. രാഘവന്‍ എം.പിയും കോഴിക്കോട്‌ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും ഉദ്‌ഘാടന ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്‌.
ഫോറസ്‌റ്റ്‌ മിനി സര്‍വേയുടെ ആസ്‌ഥാനം കോഴിക്കോട്ട്‌ ആയതിനാലാണ്‌ റെക്കോഡ്‌ റൂം ഇവിടെ നിര്‍മിച്ചതെന്നും സര്‍വേ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ്‌ പുതിയ സംവിധാനമെന്നുമാണ്‌ അധികൃതരുടെ വിശദീകരണം. സംസ്‌ഥാനത്തെ എല്ലാ വനം ഓഫീസുകളിലുമുള്ള സര്‍വേ സംബന്ധിച്ച രേഖകള്‍ റെക്കോഡ്‌ റൂമിലേക്കു മാറ്റുമെന്ന്‌ ഇതിന്റെ ചുമതലയുള്ള ഉത്തര മേഖലാ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ്‌ ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ്‌കുമാര്‍ പറഞ്ഞു.

എം. ജയതിലകന്‍

Ads by Google
Thursday 06 Sep 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW