Friday, November 16, 2018 Last Updated 33 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.45 AM

പൊതുഭരണവകുപ്പിന്റെ ഉത്തരവ്‌ : ആഘോഷവിലക്കില്‍ മന്ത്രിമാര്‍ക്കു വിയോജിപ്പ്‌

തിരുവനന്തപുരം : ബുധനാഴ്‌ച ദിവസങ്ങളില്‍ പതിവുള്ള മന്ത്രിസഭായോഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായിപ്പോലും ചേര്‍ന്നില്ല. കലോത്സവങ്ങളും ചലച്ചിത്രമേളയും ഉപേക്ഷിച്ചതില്‍ മന്ത്രിമാര്‍ക്കു വിയോജിപ്പ്‌. ദുരിതാശ്വാസം കൈകാര്യം ചെയ്യാന്‍ നിയോഗിച്ച മന്ത്രിസഭാ സമിതിയില്‍ ധനമന്ത്രിയെ ഉള്‍പ്പെടുത്താതിരുന്നതു തര്‍ക്കവിഷയം. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ സര്‍ക്കാരും മന്ത്രിമാരും ചരടു പൊട്ടിയ പട്ടം പോലെയായെന്ന വിമര്‍ശനത്തിനു ശക്‌തി കൂടുന്നു.
ചികിത്സയ്‌ക്കായി മുഖ്യമന്ത്രി അമേരിക്കയ്‌ക്കു പോയതിനെ ആരും കുറ്റപ്പെടുത്തുന്നില്ലെങ്കിലും ചുമതലകള്‍ മറ്റൊരാളെ ഏല്‍പ്പിച്ച്‌ കൃത്യമായ സംവിധാനം ഒരുക്കാതിരുന്നതാണു വിവാദത്തിനു വഴിവയ്‌ക്കുന്നത്‌. മന്ത്രിസഭ യോഗം ചേരുമ്പോള്‍ അധ്യക്ഷനാകാനുള്ള അധികാരം മന്ത്രി ഇ.പി. ജയരാജനു കൈമാറിയെങ്കിലും മറ്റു ചുമതലകളൊന്നും നല്‍കാത്തത്‌ ആശയക്കുഴപ്പത്തിനു വഴിവയ്‌ക്കുന്നു എന്ന അഭിപ്രായവും ശക്‌തമാകുന്നു. ആശയവിനിമയ സൗകര്യങ്ങളും ഇ-ഫയലിങ്‌ സംവിധാനവുമൊക്കെയുണ്ടെങ്കിലും ചികിത്സയ്‌ക്കിടെ മുഖ്യമന്ത്രിക്ക്‌ എല്ലാം ശ്രദ്ധിക്കാനാകുമോ എന്നാണു ചോദ്യം.
പ്രളയക്കെടുതി തുടരുന്നതിനിടെയാണ്‌ ബുധനാഴ്‌ചകളില്‍ ചേരാറുള്ള മന്ത്രിസഭായോഗം ഇന്നലെ നടക്കാതിരുന്നത്‌. ഇതു ഗുരുതര വീഴ്‌ചയാണെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രധാന അജന്‍ഡകള്‍ ഇല്ലാതിരുന്നതിനാലാണു മന്ത്രിസഭായോഗം ചേരാതിരുന്നതെന്നു സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയെങ്കിലും ചേരേണ്ടിയിരുന്നു എന്നാണു പൊതുവിലുയരുന്ന അഭിപ്രായം. ദുരിതാശ്വാസത്തില്‍ ഏകോപനം നഷ്‌ടപ്പെടുന്നത്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്കയും ശക്‌തം.
ധനമന്ത്രിയില്ലാത്ത പ്രളയദുരിതാശ്വാസ സമിതിക്ക്‌ ഒന്നും ചെയ്യാനാകില്ലെന്നു വിമര്‍ശനം ഉയരുമ്പോഴും മുഖ്യമന്ത്രി ഇല്ലാത്ത നിലയ്‌ക്ക്‌ സമിതിയുടെ ഘടനയില്‍ മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ല.
സ്‌കൂള്‍ കലോത്സവവും യുവജനോത്സവവും രാജ്യാന്തര ചലച്ചിത്രമേളയും ട്രാവല്‍ മാര്‍ട്ടും മറ്റും മാറ്റിവച്ച്‌ പൊതുഭരണ വകുപ്പ്‌ പുറപ്പെടുവിച്ച ഉത്തരവിനെതിരേ മന്ത്രിമാരായ എ.കെ. ബാലനും കടകംപള്ളി സുരേന്ദ്രനും രംഗത്തുവന്നു. കലോത്സവം ഉപേക്ഷിച്ചതിനെപ്പറ്റി ആലോചിച്ചില്ലെന്നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും തുറന്നുപറഞ്ഞു.
ചലച്ചിത്രമേളയുടെ കാര്യത്തില്‍ മന്ത്രി ബാലന്‍ ചീഫ്‌ സെക്രട്ടറിക്കു കത്തുനല്‍കി. ട്രാവല്‍ മാര്‍ട്ട്‌ നടത്തുമെന്ന നിലപാടിലാണു കടകംപള്ളി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണു നടപടിയെങ്കിലും ഉത്തരവിറക്കുന്നതിനു മുമ്പ്‌ അറിയിക്കേണ്ടിയിരുന്നു എന്നാണു മന്ത്രിമാരുടെ നിലപാട്‌. കുട്ടനാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിമാരായ ഡോ. തോമസ്‌ ഐസക്കും ജി. സുധാകരനും പരസ്യമായി ഏറ്റുമുട്ടിയതും മുഖ്യമന്ത്രിയുടെ പോയതിനു പിന്നാലെയാണ്‌.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍, മന്ത്രിമാരുടെ വിയോജിപ്പ്‌ പുറത്തുവന്നതു പ്രതിപക്ഷം ഏറ്റുപിടിച്ചിട്ടുണ്ട്‌. നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി ഇല്ലാതായതോടെ മന്ത്രിമാര്‍ സ്വന്തം നിലയില്‍ മുന്നോട്ടുപോകുന്നെന്നാണു കുറ്റപ്പെടുത്തല്‍.
ഭരണമാകെ സ്‌തംഭിച്ചെന്നും ഒന്നും ഏകോപിപ്പിക്കാന്‍ ആരുമില്ലാതായെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. തന്റെ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി കൈമാറാതിരുന്നതു മന്ത്രിമാരെ വിശ്വാസമില്ലെന്നതിന്റെ സൂചനയാണെന്നു കെ. മുരളീധരന്‍ വിമര്‍ശിച്ചു.

Ads by Google
Thursday 06 Sep 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW