Thursday, November 15, 2018 Last Updated 54 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.45 AM

ഒത്തുതീര്‍പ്പ്‌ സാധ്യതയില്ല; കുരുക്ക്‌ മുറുകുന്നു

പാലക്കാട്‌: ഷൊര്‍ണൂര്‍ എം.എല്‍.എ: പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്‌.ഐ വനിതാ നേതാവ്‌ ഉന്നയിച്ച പീഡന പരാതിയില്‍ ഒത്തുതീര്‍പ്പ്‌ സാധ്യതയില്ല. സി.പി.എം. സംസ്‌ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നതോടെ യുവതി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സമീപിച്ചതു വിട്ടുവീഴ്‌ചക്ക്‌ തയ്യാറല്ലെന്ന സൂചനയാണ്‌ നല്‍കുന്നത്‌. സംഘടനയില്‍ ഉന്നതപദവിയും ഒരുകോടിയോളം രൂപയും വാഗ്‌ദാനം നല്‍കി പിന്‍മാറ്റാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്‌. ഇതിലൊന്നും വശപ്പെടാതെയാണ്‌ യുവതി പരാതിയില്‍ ഉറച്ചുനിന്നത്‌.
പാര്‍ട്ടി മണ്ണാര്‍ക്കാട്‌ ഏരിയാ കമ്മിറ്റി ഓഫീസില്‍വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതിയിലുണ്ടെന്നാണ്‌ വിവരം. ടെലിഫോണില്‍ വിളിച്ച്‌ അശ്ലീലം പറഞ്ഞതായും ഇതിന്റെ ശബ്‌ദരേഖ പരാതിക്കൊപ്പം നല്‍കിയതായും സൂചനയുണ്ട്‌. ഈ രണ്ടുവിഷയങ്ങള്‍ മുന്‍നിര്‍ത്തി പോലീസിനെ സമീപിച്ചാല്‍ എം.എല്‍.എക്കെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്യും. എന്നാല്‍, ഔദ്യോഗിക പക്ഷത്തെ പ്രബലനായ നേതാവിനെതിരെ പാര്‍ട്ടി ഭരിക്കുമ്പോള്‍ പോലീസിനെ മാത്രം സമീപിക്കുന്നത്‌ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും കരുതിയാവും നേതൃത്വത്തെ സമീപിച്ചത്‌. എം.എല്‍.എയില്‍ നിന്നും പാര്‍ട്ടി സംരക്ഷണം നല്‍കണമെന്ന ആവശ്യവും ഇതിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.
ജനറല്‍ സെക്രട്ടറി മുമ്പാകെവരെ എത്തിയ പരാതിയില്‍ ഇനി അനുരഞ്‌നത്തിന്റെ പാത തുറക്കാനിടയില്ല. പകരം പാര്‍ട്ടിയുടെ മുഖംരക്ഷിക്കാനുള്ള അന്വേഷണം നടക്കും. ഇത്രയധികം ചര്‍ച്ചയായ വിഷയത്തില്‍ നടപടി ഒഴിവാക്കിയാല്‍ അത്‌ പാര്‍ട്ടിക്ക്‌ കൂടുതല്‍ കുരുക്കാവും. അതുകൊണ്ടുതന്നെ പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സാധ്യത കുറവാണ്‌. പിണറായി തിരിച്ചെത്തും വരെ അന്വേഷണം നടക്കുന്നതിന്റെ പേരില്‍ പിടിച്ചുനില്‍ക്കാനാവും ശ്രമം.
വിഷയത്തില്‍ ഗൂഡാലോചന ആരോപിച്ച്‌ പാര്‍ട്ടി നടപടി ലഘൂകരിക്കാനുള്ള പരിശ്രമവുമുണ്ട്‌. പരാതി ഉയര്‍ന്നതിനു പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണെന്ന്‌ വരുത്താനാണ്‌ നീക്കം. അതുവഴി ഒരു വിഭാഗത്തെ എതിര്‍ചേരിയില്‍ നിര്‍ത്തി ക്രൂശിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. നിയമനടപടികളിലേക്ക്‌ കാര്യങ്ങളെത്തിക്കാതെ അച്ചടക്ക നടപടിയില്‍ തീര്‍ക്കാനാവും നീക്കം.
അതിനിടെ വിഷയത്തില്‍ കെ.എസ്‌.യുവും യുവമോര്‍ച്ചയും പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്ക് പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ പ്രാഥമികാന്വേഷണത്തിന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പാലക്കാട്‌ ജില്ലാ പോലീസ്‌ മേധാവിയുടെ ചുമതല വഹിക്കുന്ന മലപ്പുറം എസ്‌.പി: പ്രതീഷ്‌കുമാറിനോട്‌ തൃശൂര്‍ റേഞ്ച്‌ ഐ.ജി എം.ആര്‍. അജിത്‌കുമാര്‍ ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയില്ലാത്തതിനാല്‍ പോലീസിന്‌ കേസെത്ത്‌ അന്വേഷിക്കാനാവില്ല.

Ads by Google
Thursday 06 Sep 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW