Saturday, July 20, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.41 AM

നാലു മെഡി. കോളജില്‍ പ്രവേശനത്തിന്‌ ഒരു ദിവസം സ്‌റ്റേ

uploads/news/2018/09/246267/d1.jpg

ന്യൂഡല്‍ഹി/തിരുവനന്തപുരം : തൊടുപുഴ അല്‍ അസ്‌ഹര്‍, വയനാട്‌ ഡി.എം, പാലക്കാട്‌ പി.കെ. ദാസ്‌, തിരുവനന്തപുരം എസ്‌.ആര്‍. മെഡിക്കല്‍ കോളജുകളില്‍ പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതിവിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്‌ കേസ്‌ ഇന്നു വീണ്ടും പരിഗണിക്കും. ഈ കോളജുകളിലെ പ്രവേശന നടപടികളും സ്‌റ്റേ ചെയ്‌തതോടെ തിരുവനന്തപുരത്തു തുടരുകയായിരുന്ന സ്‌പോട്ട്‌ അഡ്‌മിഷന്‍ നിര്‍ത്തിവച്ചു.
നാലിടത്തുമായുള്ള 550 സീറ്റുകളിലേക്കു നടത്തിയ പ്രവേശനമാണ്‌ അനിശ്‌ചിതത്വത്തിലായത്‌. പ്രവേശനം ഏകദേശം പൂര്‍ത്തിയായെന്നു കോളജ്‌ അധികൃതരും സംസ്‌ഥാന സര്‍ക്കാരും വാദത്തിനിടെ അറിയിച്ചെങ്കിലും അനുമതിയില്ലാത്ത കോളജുകളില്‍ ചേര്‍ന്ന വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടിവരുമെന്നു മുന്നറിയിപ്പെന്നോണം ജസ്‌റ്റിസ്‌ മിശ്ര പരാമര്‍ശിച്ചു.
കോടതിവിധിക്കു ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന്‌ പ്രവേശനപരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. പത്തിനകം പ്രവേശനം പൂര്‍ത്തിയാക്കേണ്ടതിനാല്‍ അതനുസരിച്ച്‌ തീയതികള്‍ നിശ്‌ചയിക്കും. ഈ കോളജുകളില്‍ എം.ബി.ബി.എസിനു ചേര്‍ന്ന വിദ്യാര്‍ഥികള്‍ പുറത്താകുന്ന സാഹചര്യത്തില്‍ ബി.ഡി.എസ്‌. പ്രവേശനത്തിനു താല്‍പ്പര്യപ്പെട്ടാല്‍ ബി.ഡി.എസ്‌. പ്രവേശന നടപടികള്‍ ആദ്യം മുതല്‍ വീണ്ടും തുടങ്ങേണ്ടിവരുമെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
അടിസ്‌ഥാനസൗകര്യങ്ങളില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഈ കോളജുകളിലെ പ്രവേശനം കേന്ദ്ര ആരോഗ്യമന്ത്രാലയം തടഞ്ഞിരുന്നു. ഹൈക്കോടതിയില്‍നിന്ന്‌ അനുകൂല ഉത്തരവു നേടി കോളജുകള്‍ പ്രവേശനം നടത്തിയതിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ അപ്പീലാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്‌. വിധി എതിരാണെങ്കില്‍ പ്രവേശനം നേടിയവര്‍ പുറത്താകും. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ 2016-17 വര്‍ഷം നിയമവിരുദ്ധമായി പ്രവേശിപ്പിച്ച 180 വിദ്യാര്‍ഥികളെ സുപ്രീം കോടതി പുറത്താക്കിയ അനുഭവമുണ്ട്‌.
സ്‌പോട്ട്‌ അഡ്‌മിഷന്‍ നിര്‍ത്തിവച്ചതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചത്‌ സംഘര്‍ഷത്തിനിടയാക്കി. ഇന്നും സ്‌പോട്ട്‌ അഡ്‌മിഷന്‍ ഉണ്ടായിരിക്കില്ല. സര്‍ക്കാര്‍ ചെയ്യേണ്ടതു ചെയ്‌തെന്നും അന്തിമവിധിയുടെ അടിസ്‌ഥാനത്തില്‍ നടപടിയെടുക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു.

Ads by Google
Thursday 06 Sep 2018 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW