ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് സ്വന്തമായി ഭരണഘടനയുള്ളത് അപഭ്രംശം മാത്രമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കവേയായിരുന്നു ഡോവലിന്റെ വിവാദ പരാമര്‍ശം.
ഭരണഘടനാ അനുചേ്ഛദം 35- എയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കവേയാണ് ഡോവലിന്റെ പരാമര്‍ശം. ഒരു പരമാധികാര രാഷ്ര്ടത്തിലുള്ള ജനതയുടെ പുരോഗതിക്കു പിന്നില്‍ എല്ലാവര്ക്കും ബാധകമായ ഒരു ഭരണഘടനയുടെ പിന്‍ബലമുണ്ട് എന്നതാണു യാഥാര്‍ഥ്യം.
കശ്മീരിനെ സംബന്ധിച്ച് ഈ ഭരണഘടനയ്ക്ക് അംഗഭംഗം വന്നു. കശ്മീരിന് ഇപ്പോഴും ഒരു ഭരണഘടന നിലനില്ക്കുന്നു എന്നത് അപഭ്രംശം തന്നെയാണ്- ഡോവല്‍ തുടര്‍ന്നു. 560 നാട്ടുരാജ്യങ്ങള്‍ സംയോജിക്കപ്പെട്ടതോടെ രാജ്യത്ത് ഉണ്ടായിരുന്ന വ്യത്യസ്ത നിയമങ്ങള്‍ക്ക് അവസാനമായി. സംയോജനം എന്നതുകൊണ്ട് കാര്യങ്ങള്‍ക്ക് അവസാനം ഉണ്ടായി എന്നതാണ് സത്യം.
പട്ടേല്‍ എല്ലാം അവസാനിപ്പിച്ചു എന്ന പരാമര്‍ശത്തിനു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നല്കിയ വിശദീകരണം ഇങ്ങനെയായിരുന്നു.
ഡോവലിനെതിരേ കശ്മീരിലെ വിവിധ കക്ഷികള്‍ രംഗത്തെത്തി. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുസ്തഫ കമാല്‍, പി.ഡി.പി. നേതാവ് റാഫി അഹമ്മദ് മിര്‍ ഡോവലിന്റെ പ്രസ്താവന നിരുത്തരവാദപരമെന്നു വിലയിരുത്തി.