Tuesday, September 25, 2018 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.41 AM

കേന്ദ്രത്തിനെതിരേ പ്രതിഷേധമിരമ്പി; ഡല്‍ഹിയില്‍ വന്‍ കര്‍ഷക റാലി

uploads/news/2018/09/246264/d6.jpg

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരിത്തണമെന്നാവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്കു തുടക്കം കുറിച്ച്‌ ഡല്‍ഹിയില്‍ വന്‍ കര്‍ഷക റാലി. "ഒന്നുകില്‍ നയംമാറ്റം അല്ലെങ്കില്‍ സര്‍ക്കാര്‍ മാറ്റം" എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ കിസാന്‍ മസ്‌ദൂര്‍ സംഘര്‍ഷ്‌ റാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. കിസാന്‍സഭയും സി.ഐ.ടി.യുവും കര്‍ഷകത്തൊഴിലാളി യൂണിയനും സംയുക്‌തമായി സംഘടിപ്പിച്ച റാലി ഇന്നലെ രാവിലെ എട്ടരയോടെ രാംലീല മൈതാനത്ത്‌ നിന്ന്‌ ആരംഭിച്ച്‌ പാര്‍ലമെന്റ്‌ സ്‌ട്രീറ്റിലേക്ക്‌ നീങ്ങി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിച്ചേര്‍ന്ന കര്‍ഷകരും തൊഴിലാളികളും കേന്ദ്ര സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളുമായി മഴയെ അവഗണിച്ച്‌ റാലിയില്‍ അണിനിരന്നു. മൂന്നു ലക്ഷത്തോളംപേര്‍ റാലിയില്‍ പങ്കെടുത്തതായി സംഘാടകര്‍ പറഞ്ഞു. കേരളത്തില്‍നിന്നും അമ്പതിനായിത്തോളംപേര്‍ റാലിക്കെത്തി.
കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള, സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ എന്നിവര്‍ റാലിക്ക്‌ നേതൃത്വം നല്‍കി. ബാങ്കിങ്‌, ഇന്‍ഷുറന്‍സ്‌, തപാല്‍, ടെലികോം ജീവനക്കാരും കേന്ദ്ര സംസ്‌ഥാന ജീവനക്കാരും സ്‌കൂള്‍ അധ്യാപകരും റാലിയില്‍ പങ്കെടുത്തു.
വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കുക, മാന്യമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുക. ചുരുങ്ങിയ വേതനം 18,000 രൂപയാക്കുക, തൊഴിലാളിവിരുദ്ധ തൊഴില്‍ നിയമഭേദഗതികള്‍ ഉപേക്ഷിക്കുക, കര്‍ഷകര്‍ക്ക്‌ സ്വാമിനാഥന്‍ കമ്മിഷന്‍ ശിപാര്‍ശകളനുസരിച്ചുള്ള ന്യായവില ഉറപ്പാക്കുക, ധാന്യസംഭരണം കൃത്യസമയത്ത്‌ നടത്തുക, ദരിദ്ര കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകത്തൊഴിലാളികള്‍ക്കായി സമഗ്ര കേന്ദ്ര നിയമം പാസാക്കുക, തൊഴിലുറപ്പു പദ്ധതി എല്ലാ ഗ്രാമങ്ങളിലും നടപ്പാക്കി പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, എല്ലാവര്‍ക്കും ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം ഉറപ്പുവരുത്തുക, സര്‍വത്രികമായ സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, തുല്യജോലിക്ക്‌ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം ഉറപ്പാക്കുക, ഭൂപരിഷ്‌കരണം നടപ്പാക്കുക, ബലം പ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കല്‍ അവസാനിപ്പിക്കുക, പ്രകൃതിദുരന്തങ്ങളില്‍ ഇരകളായവര്‍ക്ക്‌ ആശ്വാസവും പുനരധിവാസവും നല്‍കുക, നവലിബറല്‍ നയങ്ങള്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു കര്‍ഷക റാലി സംഘടിപ്പിച്ചത്‌.
പത്തുമണിയോടെ ആരംഭിച്ച യോഗത്തില്‍ സി.ഐ.ടി.യു. നേതാവ്‌ തപന്‍ സെന്‍ ഭാവി പ്രക്ഷോഭ പരിപാടികള്‍ വിശദീകരിച്ചു. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി റാലിയെ അഭിവാദ്യം ചെയ്‌തു. സി.പി.എം നേതാക്കളായ പ്രകാശ്‌ കാരാട്ട്‌, വൃന്ദ കാരാട്ട്‌, എം.എ ബേബി തുടങ്ങിയവരും റാലിയില്‍ അണിചേര്‍ന്നു. കേരളത്തില്‍നിന്ന്‌ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എ. വിജയരാഘവന്‍, കിസാന്‍ സഭ നേതാക്കളായ വിജു കൃഷ്‌ണന്‍, പി. കൃഷ്‌ണപ്രസാദ്‌, സി.ഐ.ടി.യു. സെക്രട്ടറി എ.ആര്‍ സിന്ധു, വിവിധ സംഘടനകളുടെ പ്രതിനിധികളായ കെ.കെ ദിവാകരന്‍, ഓമല്ലൂര്‍ ശങ്കരന്‍, എം. കൃഷ്‌ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഡിസംബര്‍ അവസാനത്തോടെ ട്രേഡ്‌ യൂണിയനുകള്‍ രാജ്യവ്യാപക പണിമുടക്ക്‌ നടത്തും. സെപ്‌റ്റംബര്‍ 28ന്‌ ചേരുന്ന ട്രേഡ്‌ യൂണിയനുകളുടെ യോഗത്തില്‍ പണിമുടക്കിന്റെ തീയതി തീരുമാനിക്കും. നവംബര്‍ 28 മുതല്‍ 30 വരെ കിസാന്‍ സഭയും കര്‍ഷക സംഘടനകളും ചേര്‍ന്ന്‌ ഡല്‍ഹിയിലേക്ക്‌ ലോങ്‌ മാര്‍ച്ച്‌ നടത്താനും തീരുമാനിച്ചു.

Ads by Google
Thursday 06 Sep 2018 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW