ചെന്നൈ: ഡി.എം.കെയിലേക്കു പുനഃപ്രവേശം കൊതിച്ച് ആസൂത്രണം ചെയ്ത ശക്തിപ്രകടനം പാളിയതോടെ അടവുമാറ്റി എം.കെ. അഴഗിരി. കലൈജ്ഞര്‍ എം. കരുണാനിധിയുടെ മരണശേഷം പാര്‍ട്ടിയില്‍ അനിഷേധ്യനായ ഇളയസഹോദരന് എം.കെ. സ്റ്റാലിനു നേരേ സമാധാനത്തിന്റെ ഒലിവിലനീട്ടി അഴഗിരിയുടെ തന്ത്രം.
ചെന്നൈ, മറീനാ ബീച്ചിലെ കരുണാനിധി സ്മാരകത്തിലേക്കു നടത്തിയ റാലിയില്‍ അണികളുടെ പ്രാതിനിധ്യം കുറഞ്ഞതാണ് അഴഗിരിയെ ചുവടുമാറ്റത്തിനു പ്രേരിപ്പിച്ചതെന്നാണ് അനുമാനം.
ഒന്നരലക്ഷത്തോളം പേര് അണിനിരക്കുമെന്ന് അവകാശപ്പെട്ട റാലിക്കെത്തിയത് പതിനായിരത്തോളം പേര് മാത്രമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അണികളുടെ കുറവിനുപുറമേ ഡി.എം.കെ. പക്ഷത്തുനിന്ന് പ്രമുഖരായ ഒറ്റ നേതാവുപോലും പങ്കെടുത്തുമില്ല.
തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാത്തപക്ഷം അനന്തരഫലം പ്രവചനാതീതമായിരിക്കുമെന്ന പഴയ പ്രഖ്യാപനം സൗകര്യപൂര്‍വം വിസ്മരിക്കാന്‍ അഴഗിരിയെ പ്രേരിപ്പിച്ചതും മറ്റൊന്നല്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തുറന്ന വാനില്‍ റാലി നയിച്ച അഴഗിരിക്കു പുറമേ മകന് ദുരൈ ദയാനിധി, മകള്‍ കായല്‍വിഴി എന്നിവരും മധുരൈ കോര്പ്പറേഷന് മുന്‍ ഡെപ്യൂട്ടി മേയര്‍ പി.എം. മന്നനും മാത്രമായിരുന്നു പരിചിതമുഖങ്ങള്‍. കരുണാനിധിയുടെ ദേഹവിയോഗമേല്പ്പിച്ച ആഘാതത്തില്‍നിന്നു മോചിതരായിട്ടില്ലെന്നതിന്റെ സൂചനയായി കറുത്ത ഷര്‍ട്ടും മുണ്ടുമായിരുന്നു അഴഗിരി ഉള്‍പ്പെടെയുള്ളവരുടെ വേഷം.
കരുണാനിധി സ്മാരകത്തില്‍ റാലി അവസാനിച്ചതിനുശേഷം പൊതുസമ്മേളനമോ അണികളെ അഭിവാദ്യം ചെയ്യലോ ഉണ്ടായില്ല.
എന്നാല്‍ പിന്നീടു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ തന്നെ പിന്തുണയ്ക്കുന്നവരെ പുറത്താക്കാന്‍ ഡി.എം.കെ. നേതൃത്വത്തെ അഴഗിരി വെല്ലുവിളിച്ചതു മാത്രമായിരുന്നു പ്രകോപനപരമായ ഏകനീക്കം. "ഒന്നരലക്ഷത്തോളം പേര് റാലിയില്‍ പങ്കെടുത്തു. ഇവര്‍ക്കെല്ലാം എതിരേ നടപടി സ്വീകരിക്കുമോ" എന്ന് ഡി.എം.കെ. നേതൃത്വത്തോട് ആരായണമെന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
കലൈജ്ഞരോടുള്ള ആദരവു പ്രകടിപ്പിക്കുക എന്നതൊഴികെ മറ്റൊരു ലക്ഷ്യവും റാലിക്കില്ലെന്നു കൂട്ടിച്ചേര്‍ത്ത അഴഗിരി ഡി.എം.കെ. അധ്യക്ഷന്‍ സ്റ്റാലിനെതിരേ ഒരു വാക്കുപോലും ഉരിയാടിയില്ലെന്നതും ശ്രദ്ധേയമായി.