Tuesday, September 25, 2018 Last Updated 50 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.40 AM

ലൈംഗികാതിക്രമം: കുറഞ്ഞ നഷ്‌ടപരിഹാരം 4 ലക്ഷം

ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ ഇരകള്‍ക്കു കുറഞ്ഞ നഷ്‌ടപരിഹാരമായി ഒക്‌ടോബര്‍ രണ്ടു മുതല്‍ നാലു ലക്ഷം രൂപ നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം. പീഡന ഇരകള്‍ക്കുളള ദേശീയ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റിയുടെ (എന്‍.എ.എല്‍.എസ്‌.എ) 2018 ലെ നഷ്‌ടപരിഹാര പാക്കേജ്‌ ശിപാര്‍ശ കോടതി അംഗീകരിച്ചു.
പരമാവധി നഷ്‌ടപരിഹാരം പത്തു ലക്ഷം വരെയാണ്‌ അംഗീകരിച്ചത്‌. ഇതിലും വലിയ തുക സംസ്‌ഥാനങ്ങള്‍ക്ക്‌ അനുവദിക്കാമെന്നും കോടതി വ്യക്‌തമാക്കി.
പുതിയ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതു വരെ പീഡനത്തിനിരയാകുന്ന കുട്ടികള്‍ക്കും പോക്‌സോ നിയമപ്രകാരം ഇതേ നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ ജസ്‌റ്റിസുമാരായ മദന്‍ ബി. ലൊകുര്‍, ദീപക്‌ ഗുപ്‌ത, എസ്‌. അബ്‌ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച്‌ ഉത്തരവായി.
നിര്‍ഭയാക്കേസിനുശേഷം അടിയന്തര നഷ്‌ടപരിഹാരം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഡ്വ. നിപും സക്‌സേന നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ്‌ സുപ്രധാനമായ ഉത്തരവുണ്ടയത്‌.
നിലവില്‍ നിര്‍ഭയാ പദ്ധതിയിലും മറ്റും അഞ്ചു മുതല്‍ 10 ശതമാനം വരെ ഇരകള്‍ക്കു മാത്രമാണ്‌ രാജ്യത്ത്‌ നഷ്‌ടപരിഹാരം കിട്ടുന്നതെന്ന്‌ ദേശീയ ലീഗല്‍ അതോറിട്ടി ചുണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം ആന്ധ്രപ്രദേശില്‍ രജിസ്‌റ്റര്‍ ചെയ്‌ത 901 കേസില്‍ ഒരാള്‍ക്കു മാത്രമാണ്‌ നഷ്‌ടപരിഹാരം കിട്ടിയതെന്ന്‌ എന്‍.എ.എല്‍.എസ്‌.എ. ഡയറക്‌ടര്‍ എസ്‌.എസ്‌. രതി കോടതിയില്‍ ബോധിപ്പിച്ചു.
1028 പോക്‌സോ കേസില്‍ 11 കുട്ടികള്‍ക്കേ തുക കിട്ടിയുള്ളൂ. രാജ്‌സഥാനില്‍ കഴിഞ്ഞവര്‍ഷം രജിസ്‌റ്റര്‍ ചെയ്‌ത 3305 കേസില്‍ 140 ഇരകള്‍ക്കാണു നഷ്‌ടപരിഹാരം അനുവദിച്ചത്‌. ബിഹാറില്‍ 1199 ലൈംഗികാതിക്രക്കേസില്‍ 82 ഇരകള്‍ക്കാണു തുക കിട്ടിയതെന്നും അറിയിച്ചു. മറ്റു സംസ്‌ഥാനങ്ങളിലെ റിപ്പോര്‍ട്ട്‌ ഉടന്‍ സമര്‍പ്പിക്കും.
അമിക്കസ്‌ ക്യൂറി ഇന്ദിരാ ജെയ്‌സിങ്‌ മുഖേന സമര്‍പ്പിച്ച ശിപാര്‍ശകള്‍ മുഴുവന്‍ കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ പാക്കേജിനു ദൂരദര്‍ശനിലും ആകാശവാണിയിലും ഉള്‍പ്പെടെ നല്ല പ്രചാരണം നല്‍കാന്‍ ഹൈക്കോടതികള്‍ക്ക്‌ സുപ്രീംകോടതി നിര്‍ദേശം നല്‍കി. പീഡനക്കേസുകളില്‍ ശിക്ഷ വിധിക്കുന്നതിനൊപ്പം കോടതികള്‍ക്കു തന്നെ പിഴ ഈടാക്കാന്‍ അധികാരമുണ്ടെന്നും ബെഞ്ച്‌ വ്യക്‌തമാക്കി.
ബാല പീഡനക്കേസില്‍ വിചാരണക്കോടതിക്ക്‌ ഇടക്കാല നഷ്‌ടപരിഹാരം നല്‍കാമെന്നും പരമോന്നത നീതിപീഠം നിര്‍ദേശിച്ചു.

Ads by Google
Thursday 06 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW