കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്കിയ പീഡന പരാതിയില്‍ ശക്തമായ തെളിവുകളും വേണ്ടത്ര സാക്ഷിമൊഴികളും ഉണ്ടായിരിക്കേ അറസ്റ്റു വൈകുന്നതിനെതിരെ വിശ്വാസ സമൂഹം പ്രതിഷേധത്തിലേക്ക്. ഈ മാസം എട്ടിന് രാവിലെ 8.30 മുതല്‍ ഹൈക്കോടതി ജംഗ്ഷനിലെ 'വഞ്ചി' സ്റ്റേജില്‍ നിരാഹാര സത്യാഗ്രഹം നടക്കുന്നു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ ക്രിസ്ത്യന്‍ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 'ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യുക, സേവ് അവര്‍ സിസ്റ്റേഴ്സ്' എന്നതാണ് സമരത്തിലെ മുദ്രാവാക്യം.
കേരള കാത്തലിക്ക സഭ നവീകരണ സമിതി, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്, കേരള കാത്തലിക് ഫെഡറേഷന്, കാത്തലിക് ലേമെന്‍ അസോസിയേഷന്, ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമരമെന്ന് നവീകരണ സമിതി നേതാവ് ജോര്‍ജ് ജോസഫ് പറഞ്ഞു.
ഫ്രാങ്കോയുടെ അറസ്റ്റില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉചിതമായ നിലപാട് ഉണ്ടായില്ലെങ്കില്‍ എട്ടാം തീയതി തുടങ്ങുന്ന സത്യാഗ്രഹം അനിശ്ചിതമായി തുടരാനും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. #SOS എന്നതുകൊണ്ട് കന്യാസ്ത്രീകളെ മാത്രമല്ല, സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളുടെയും സംരക്ഷണമാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.
പി.കെ ശശി എം.എല്‍.എയുടെ കേസിന്റെ മറവില്‍ ഫ്രാങ്കോയെ രക്ഷിക്കാനും ശ്രമം നടക്കുന്നുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാവില്ലെന്ന സൂചനയാണ് വരുന്നത്. കോടതിയിലും പോരാട്ടം തുടരും. കോടതിയില്‍ നേരത്തെ പോലീസ് കൊടുത്ത വാക്കുപാലിക്കാതെ കോടതിയെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ഈ കേസില്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ച ഹര്ജിക്കാരന് കൂടിയായ ജോര്‍ജ് ജോസഫ് കുറ്റപ്പെടുത്തി.