Monday, November 05, 2018 Last Updated 51 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 02.53 PM

പ്രമേഹരോഗികള്‍ക്ക് വല്ലപ്പോഴും മധുരം കഴിക്കാമെന്ന് പറയുന്നത് ശരിയാണോ?

uploads/news/2018/09/246147/askdrdibites050918.jpg

''പ്രമേഹരോഗികള്‍ വല്ലപ്പോഴും മധുരം കഴിക്കുന്നതുകൊണ്ട് തെറ്റില്ല. സദ്യയ്ക്കു പോകുമ്പോള്‍ അല്‍പം പായസം കുടിച്ചതുകൊണ്ടോ, പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോള്‍ അല്‍പം ഐസ്‌ക്രീം കഴിച്ചതുകൊണ്ടോ കുഴപ്പമൊന്നുമില്ല''

പ്രമേഹരോഗികള്‍ക്ക് മധുരം വല്ലപ്പോഴുമാവാം


എനിക്ക് 45 വയസ്. പ്രമേഹം തിരിച്ചറിഞ്ഞിട്ട് മൂന്നു മാസമായി. എനിക്ക് മധുരം വലിയ ഇഷ്ടമായിരുന്നു. ഇപ്പോള്‍ പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ്. പ്രമേഹ രോഗികള്‍ക്ക് വല്ലപ്പോഴും മധുരം കഴിക്കാമെന്ന് പറയുന്നത് ശരിയാണോ? ഇങ്ങനെ എന്തെല്ലാം മധുര പലഹാരങ്ങള്‍ കഴിക്കാനാവും?
------ രാജന്‍ എം. വി ,മൂന്നാര്‍

പ്രമേഹരോഗികള്‍ വല്ലപ്പോഴും മധുരം കഴിക്കുന്നതുകൊണ്ട് തെറ്റില്ല. സദ്യയ്ക്കു പോകുമ്പോള്‍ അല്‍പം പായസം കുടിച്ചതുകൊണ്ടോ, പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോള്‍ അല്‍പം ഐസ്‌ക്രീം കഴിച്ചതുകൊണ്ടോ കുഴപ്പമൊന്നുമില്ല. എന്നാല്‍ മധുരത്തോടുള്ള ആസക്തി പാടില്ല.

ചിലര്‍ മധുര പലഹാരങ്ങള്‍ എപ്പോള്‍ കിട്ടിയാലും കഴിക്കും. ഇത് മധുരത്തോടുള്ള ആസക്തിയുടെ ഫലമാണ്. പേരയ്ക്ക, സബര്‍ജല്ലി, അധികം പഴുക്കാത്ത പാളയന്‍കോടന്‍ പഴം ഇവ കഴിക്കുന്നതിലും തെറ്റില്ല. പഴങ്ങളിലെ പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ തോത് പെട്ടെന്ന് വര്‍ധിപ്പിക്കില്ല. കൂടാതെ ഇവയില്‍ ധാരാളം നാരുകളും അടങ്ങിയിരിക്കും. അതിനാല്‍ രക്തത്തിലെ പഞ്ചസാര സാധാരണ നിലയിലായിരിക്കുന്ന അവസരത്തില്‍ അന്നജം കുറഞ്ഞ പഴങ്ങള്‍ കഴിക്കാവുന്നതാണ്.

തേനിന്റെ ഉപയോഗം


ഞാനൊരു പ്രമേഹ രോഗിയാണ്. 40 വയസ്. വണ്ണം കുറയാന്‍ ഞാന്‍ പതിവായി തേന്‍ ഉപയോഗിച്ചിരുന്നു. പ്രമേഹരോഗികള്‍ തേന്‍ ഉപയോഗിക്കരുതെന്ന് അടുത്തിടെ ഒരുമാസികയില്‍ വായിച്ചു. ഇതു ശരിയാണോ?
------- കാര്‍ത്തിക് ,ചെന്നൈ

പ്രമേഹമുള്ളവര്‍ തേന്‍ ഉപയോഗിക്കാന്‍ പാടില്ല. തേനില്‍ അടങ്ങിയിരിക്കുന്ന സിംപിള്‍ ഷുഗര്‍ നേരിട്ടു തന്നെ ആഗിരണം ചെയ്യപ്പെടുന്നതാണ് ഇതിനു കാരണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാന്‍ ഇടയാക്കുന്നു. കൂടാതെ തേന്‍ ഉയര്‍ന്ന ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഉണ്ട്.
ഏതെങ്കിലും ഒരു ഭക്ഷണം കഴിക്കുമ്പോഴും രക്തത്തിലെ പഞ്ചസാര ഉയരുന്ന തോതുകള്‍ തമ്മിലുള്ള താരതമ്യമാണ് ഗ്ലൈസീമിക്‌സ് ഇന്‍ഡക്‌സ്. ഉയര്‍ന്ന ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഉള്ള ആഹാര പദാര്‍ഥങ്ങള്‍ ഒഴിവാക്കണം.

ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്നതും സിംപിള്‍ ഷുഗര്‍തന്നെയാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ ശര്‍ക്കര ഉപയോഗിക്കാന്‍ പാടില്ല. അരിയും ഗോതമ്പും ഞാന്‍ അരി ഭക്ഷണം തീരെ കഴിക്കാറില്ല. ഗോതമ്പു ചപ്പാത്തി മാത്രമേ കഴിക്കാറുള്ളൂ. എന്നിട്ടും എന്റെ രക്തത്തിലെ പഞ്ചസാര താഴുന്നില്ല. എന്താണ് ഇതിനു കാരണം?
സജീഷ് , കുമരകം

അരിയിലും ഗോതമ്പിലും ഏകദേശം ഒരേ അളവിലാണ് പഞ്ചസാര അടങ്ങിയിരിക്കുന്നത്. ഇവ നല്‍കുന്ന ഊര്‍ജത്തിന്റെ അളവില്‍ വലിയ മാറ്റമില്ല. പക്ഷേ, ഗോതമ്പില്‍ നാരുകള്‍ കൂടുതലായി അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ പഞ്ചസര ഉയരുന്ന സമയം ദീര്‍ഘിപ്പിക്കുകയും തോത് കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല വിശപ്പ് കുറയുകയും ചെയ്യും. എന്നാല്‍ അരി ഭക്ഷണത്തിന്റെ അതേ അളവില്‍ മാത്രമേ ഗോതമ്പ് കഴിക്കാനാവൂ. അരി ഒഴിവാക്കി ഗോതമ്പ് ഇഷ്ടം പോലെ കഴിക്കാമെന്ന ധാരണ ശരിയല്ല.

ഡോ. അശോക് കൃഷ്ണന്‍
ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആന്‍ഡ്
കണ്‍സള്‍ട്ടന്റ് ഡയബറ്റോളജിസ്റ്റ്
അഹല്യ ഡയബറ്റീസ് ഹോസ്പിറ്റല്‍ , പാലക്കാട്

Ads by Google
Wednesday 05 Sep 2018 02.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW