Saturday, July 13, 2019 Last Updated 48 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.00 AM

സൗമ്യ ഉപയോഗിച്ചിരുന്നത് ആറ് മൊബൈല്‍ ഫോണുകളും ഒരു ടാബും ; ഇതിലെ പല മെസേജുകളും ഡിലീറ്റ് ചെയ്തു കളഞ്ഞു ; ഡയറിയില്‍ സൗമ്യ സൂചിപ്പിച്ച അവനെ കണ്ടെത്തണമെന്ന് ബന്ധുക്കള്‍

uploads/news/2018/09/246103/saumya.jpg

പിണറായി(കണ്ണൂര്‍): മാതാപിതാക്കളെയും മകളെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത പിണറായി പടന്നക്കാട്ടെ സൗമ്യ ഉപയോഗിച്ചിരുന്നത് ആറ് മൊബൈല്‍ ഫോണുകളും ഒരു ടാബും. ഇതില്‍ പല മെസേജുകളും ഡിലീറ്റ് ചെയ്ത് കളഞ്ഞതിനാല്‍ കേസിലേക്ക് വെളിച്ചം വീശുന്ന പല കാര്യങ്ങളും അപ്രത്യക്ഷമായെന്ന് ബന്ധുക്കളുടെ ആരോപണം. സൗമ്യയ്ക്കെതിരേ ആരോപിക്കപ്പെട്ട കേസുകളും സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തിലും പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് വീട്ടുകാര്‍.

പല മെസേജുകളും ഡിലീറ്റ് ചെയ്ത് കളഞ്ഞതിനാല്‍ സൗമ്യ ഉപ​യോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും ടാബും ഫോറന്‍സിക് ലാബിലയച്ച് വിവരങ്ങള്‍ ശേഖരിച്ച ശേഖരിക്കണം എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ തലശ്ശേരി സിഐ പ്രേമചന്ദ്രന്‍ പറഞ്ഞത്. കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പലരെയും പ്രതിസ്ഥാനത്ത് നിര്‍ത്താവുന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും മറ്റ് പ്രതികളുമായി ബന്ധപ്പെടുത്തുന്ന പൂര്‍ണ്ണമായ തെളിവുകള്‍ ലഭിച്ചാല്‍ അവരെക്കൂടി പ്രതിചേര്‍ക്കുമെന്നാണ് അദ്ദേഹം അന്ന് അറിയിച്ചിരുന്നത്.

കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലൊന്നും തന്നെ ഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. പിന്നീട് സൗമ്യ കുറ്റം ഏറ്റെടുത്തെന്നും സംശയാസ്പദമായി നില്‍ക്കുന്നവരെ ലിങ്ക് ചെയ്യാന്‍ തെളിവുകളൊന്നും ഇല്ലെന്നുമാണ് പോലീസ് പിന്നീട് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് പോലീസ് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഒരാള്‍ നിരന്തരമായി പോലീസുമായി ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ ആലോചിക്കുന്നുണ്ട്. അസുഖം അഭിനയിച്ച് സൗമ്യ ആശുപത്രിയില്‍ കഴിയുമ്പോഴും അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കുമ്പോഴും ബന്ധുക്കളല്ലാത്ത ചിലരുടെ സാന്നിധ്യമുണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

അസുഖമഭിനയിച്ച സൗമ്യയെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ ഒരു സംഘമാളുകള്‍ ഓട്ടോ തടഞ്ഞ് കാറില്‍ സൗമ്യയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതു പോലെ വീട്ടുകിണറ്റിലെ വെള്ളമുപയോഗിച്ചതുകൊണ്ടാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞ് വെള്ളം പരിശോധനയ്ക്കയച്ചപ്പോള്‍ കിണര്‍ വെള്ളം മാറ്റി നല്‍കുകയും ചെയ്തു. സൗമ്യയുടെ വീട്ട് കിണറ്റിലെ വെള്ളത്തില്‍ വിഷാംശമില്ലെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു. ജയിലില്‍ വെച്ച് സൗമ്യ എഴുതിയ ഡയറിയില്‍ പറയുന്നത് ഞാന്‍ നിരപരാധിയാണെന്നാണ്.

ജയിലില്‍ സൗമ്യയ്ക്ക് മാനസാന്തരം വന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഡയറിയില്‍ സൗമ്യ സൂചിപ്പിച്ച അവനെ കണ്ടെത്തണം. സൂചനയിലുള്ള വ്യക്തിയെ കണ്ടെത്താനുള്ള ബാധ്യതയും പോലീസിനാണെന്ന് ബന്ധുക്കള്‍ പറയുന്നു. സംശയാസ്പദമായ അനേകം സാഹചര്യങ്ങള്‍ നില നില്‍ക്കേയാണ് സൗമ്യ ജയില്‍വളപ്പില്‍ ആത്മഹത്യ ചെയ്തത്. സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല. ആത്മഹത്യയിലേക്ക് കൊണ്ടുചെന്നെത്തിച്ച സാഹചര്യമാണ് പരിശോധിക്കേണ്ടത്. ഇത്രയും പ്രമാദമായ കേസിലെ പ്രതിക്ക് ജയില്‍ വളപ്പില്‍ ആത്മഹത്യ ചെയ്യാന്‍ സാഹചര്യമുണ്ടായി എന്ന കാര്യം ബോധ്യപ്പെടാന്‍ പ്രയാസമാണെന്നും പറഞ്ഞു.

ജയില്‍ വളപ്പില്‍ സൗമ്യ ആത്മഹത്യ ചെയ്തതുള്‍പ്പടെയുള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണം തൃപ്തികരമല്ലെന്നും തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുക്കള്‍ പടന്നക്കാട്ട് വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവായതായിട്ടാണ് അറിയാനിടയായത്. എന്നാല്‍ തലശ്ശേരിയില്‍ നിന്ന് ട്രാന്‍സ്ഫറായതിന് ശേഷവും സിഐ പ്രേമചന്ദ്രന്‍ തന്നെയാണ് കേസ് തുടര്‍ന്നും അനേ്വഷിച്ചത്. കേസില്‍ ഏതെങ്കിലും രാഷ്ട്രീയഇടപെടലുകളുള്ളതായി അറിയില്ലെന്നും തുടരന്വേഷണത്തിന് പുതിയ ഏജന്‍സിയോ ഉദ്യോഗസ്ഥനോ വേണമെന്നും ഇതുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും ദേവദാസ് പറഞ്ഞു. എം.ആണ്ടി, പി.വിനേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Wednesday 05 Sep 2018 11.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW