Sunday, November 18, 2018 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 08.35 AM

ഗോപി കോട്ടമുറിക്കലി​ന്റെയും പി ശശിയുടെയും പിന്‍ഗാമി ; പി കെ ശശി ലൈംഗികാരോപണത്തില്‍ കുടുങ്ങുന്ന ആദ്യ സിപിഎം ജനപ്രതിനിധി

uploads/news/2018/09/246082/pk-sasi-small.jpg

ലൈംഗികാരോപണക്കേസുകള്‍ നേതാക്കന്മാരെ മുമ്പും പ്രതിരോധത്തിലാക്കിയിട്ടുണ്ടെങ്കിലും ജനപ്രതിനിധിയായിരിക്കെ പീഡനാരോപണത്തില്‍ പെടുന്ന സിപിഎമ്മിലെ ആദ്യ ജനപ്രതിനിധി പി കെ ശശി. ഇതിന് മുന്‍പും പാര്‍ട്ടി നേതാക്കള്‍ക്കെതിരേ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ജന പ്രതിനിധിയായിരിക്കെ വഴിവിട്ട പെരുമാറ്റത്തിന് ആരോപണ വിധേയനാവുന്ന ആദ്യത്തെ വ്യക്തിയാണ് ഷൊര്‍ണൂര്‍ എംഎല്‍എ. ആരോപണത്തില്‍ ശശിക്കെതിരേ നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായേക്കുമെന്നാണ് സൂചനകള്‍.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശി, എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കല്‍ തുടങ്ങിവരാണ് ഇതിന് മുന്‍പ് സ്ത്രീകളുമായി ബന്ധപ്പെട്ട് വിവാദത്തില്‍ തലയിട്ട പാര്‍ട്ടി അംഗങ്ങള്‍. ജില്ലയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പി ശശിക്കെതിരായ ആരോപണം. അഭിഭാഷകയുമായി അവിഹിതബന്ധമുണ്ടെന്നും പാര്‍ട്ടിയുടെ എറണാകുളം ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററിലെ മുറി ഇതിനായി ദുരുപയോഗിച്ചെന്നുമായിരുന്നു എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരെ ഉയര്‍ന്ന ആരോപണം. ഇരുവരെയും സെക്രട്ടറി സ്ഥാനത്തു നിന്നും സിപിഎം നീക്കുകയും ചെയ്തിരുന്നു.

പികെ ശശി എംഎല്‍എ വിവാദത്തില്‍ കുടുങ്ങിയത് സര്‍ക്കാരിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍. പിണറായി സര്‍ക്കാരി​ന്റെ തുടക്കത്തിലായിരുന്നു അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ മന്ത്രിയായിരുന്ന എകെ ശശീന്ദ്രന് രാജിവെയ്ക്കേണ്ടി വന്നത്. എന്നാല്‍ അത് ഘടകകക്ഷി എന്ന നിലയില്‍ സിപിഎമ്മിനെ കാര്യമായി ബാധിച്ചിരുന്നില്ല. പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ ഇദ്ദേഹം മന്ത്രിയായി തിരികെ പ്രവേശിക്കുകയും ചെയ്തു. ശശി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ഫോണിലൂടെ അശ്ലീലം പറയുന്നതായും പരാതി ഉന്നയിച്ച യുവതി ഇക്കാര്യത്തില്‍ ഫോണില്‍ കൂടി സംസാരിച്ചതിന്റെ തെളിവുകളുമായിട്ടാണ് സിപിഎം കേന്ദ്രനേതൃത്വത്തെ സമീപിച്ചത്.

ശശിക്കെതിരേ വനിത പ്രവര്‍ത്തക ആദ്യം സമീപിച്ചത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നടപടി ഉണ്ടാവാതെ വന്നതോടെ പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനെ സമീപിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് അരികില്‍ എത്തിയത്. തുടര്‍ന്ന നടപടി സ്വീകരിക്കാന്‍ യെച്ചൂരി സംസ്ഥാന നേതൃത്വത്തിന് വിവരം കൈമാറിയെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 14-ന് തനിക്ക് പരാതി ലഭിച്ചെന്നും ഇത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും അതനുസരിച്ചുള്ള നടപടി ഉണ്ടാവുമെന്നും യെച്ചൂരി തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. കോടിയേരി പറഞ്ഞത് ഇക്കാര്യത്തില്‍ ഉചിതമായ നടപടി ഉണ്ടാവും എന്നുമാണ്. പരാതി പോലീസിന് കൈമാറുമോ എന്ന ചോദ്യത്തിന് പാര്‍ട്ടിക്ക് ലഭിച്ച പരാതി പാര്‍ട്ടി പരിശോധിക്കുമെന്നും പരാതിക്കാരിക്ക് വേണമെങ്കില്‍ പോലീസിനെ സമീപിക്കാം എന്നുമായിരുന്നു കോടിയേരിയുടെ നിലപാട്.

Ads by Google
Ads by Google
Loading...
TRENDING NOW