Wednesday, September 05, 2018 Last Updated 40 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 02.19 AM

പമ്പ തീര്‍ഥാടനത്തിന്‌ സജ്‌ജമാകട്ടെ

uploads/news/2018/09/246065/editorial.jpg

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പമ്പാ നദീതടം താല്‍ക്കാലികമായി അതിവേഗം ഉപയോഗക്ഷമമാക്കിയത്‌ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രളയത്തില്‍ വലിയ നാശനഷ്‌ടം ഉണ്ടായ സ്‌ഥലങ്ങളിലൊന്നാണു പമ്പ. ത്രിവേണി സംഗമം സ്‌ഥാനത്ത്‌ തന്നെ കക്കിയാറ്റില്‍ വലിയതോതില്‍ മണല്‍ വന്നടിഞ്ഞ്‌ പമ്പ ഗതിമാറി ഒഴുകിയത്‌ മൂലം ആ പ്രദേശമാകെ തകര്‍ന്നടിഞ്ഞു. ഇതുമൂലം ശബരിമലയില്‍ കര്‍ക്കടകത്തിലെ നിറപുത്തരി ഉത്സവച്ചടങ്ങുകള്‍ വെട്ടിച്ചുരുക്കേണ്ടി വന്നു. രാമമൂര്‍ത്തി മണ്ഡപവും ശൗചാലയം കോംപ്ലക്‌സും വെള്ളത്തിനടിയിലായി. ഇതുകൂടാതെ മണല്‍പുറത്തുണ്ടായിരുന്ന വിവിധ കെട്ടിടങ്ങള്‍ പാടെ നശിച്ചു. ചില കെട്ടിടങ്ങളുടെ ഒരുനില വരെ മണ്ണിനടിയിലായി. തിരിച്ചറിയാനാകാത്ത വിധം നാശനഷ്‌ടമാണു പമ്പയില്‍ ഉണ്ടായത്‌. അതില്‍ ഏറ്റവും പ്രധാനം നടപ്പാലം മണ്ണിനടിയിലായതായിരുന്നു. പാലം തകര്‍ന്നു പോയിരിക്കും എന്നാണ്‌ ആദ്യം സംശയിച്ചിരുന്നെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മണ്ണിനടിയില്‍നിന്നു പാലം കണ്ടെത്താനായി.

പാലത്തിലെ മണ്ണു നീക്കുകയും പമ്പാനദിയുടെ നീരൊഴുക്ക്‌ പഴയ രീതിയില്‍ ആക്കുകയും ചെയ്യാനായത്‌ വലിയ നേട്ടമാണ്‌. മാത്രവുമല്ല പാലത്തില്‍നിന്നു ശബരിമലയിലേക്കുള്ള നടപ്പാതയിലേക്ക്‌ പുതിയൊരു നടപ്പാത ഉണ്ടാക്കുകയും ചെയ്‌തു. ഇതോടെ ശബരിമലയിലേക്ക്‌ തീര്‍ത്ഥാടകര്‍ക്ക്‌ എത്തിച്ചേരാനുള്ള സൗകര്യമായി. അടുത്ത മാസം പൂജകള്‍ നടക്കുന്ന സമയത്ത്‌ തീര്‍ത്ഥാടകര്‍ക്ക്‌ പമ്പയില്‍നിന്ന്‌ മലയില്‍ എത്താനാകും. എന്നാല്‍, പമ്പയിലേക്ക്‌ എത്തിച്ചേരുക എന്നത്‌ അതീവ ദുഷ്‌ക്കരമായിരിക്കുകയാണ്‌. കനത്ത മഴയില്‍ ശബരിമല പാത പലേടത്തും തകര്‍ന്ന നിലയിലാണ്‌. ഇതുമൂലം നിലയ്‌ക്കല്‍ ബേസ്‌ ക്യാമ്പാക്കി തീര്‍ത്ഥാടനം നടത്താനുള്ള ആലോചന നടക്കുന്നു. അതിനിടെ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നത്‌ സംബന്ധിച്ച്‌ ആലോചനയുള്ളതായി വാര്‍ത്തയുണ്ടായിരുന്നു. അത്‌ പക്ഷേ, പ്രായോഗികമായി തോന്നുന്നില്ല.

അടുത്ത മണ്ഡലകാലം അധികം അകലെയല്ല. രണ്ടുമാസത്തിനുള്ളില്‍ ലക്ഷക്കണക്കിന്‌ തീര്‍ഥാടകരാണു ശബരിമലയിലേക്ക്‌ എത്തുക. ഓരോ വര്‍ഷവും തീര്‍ത്ഥാടകരുടെ എണ്ണം കൂടി വരുന്നതേയുള്ളൂ. അവരെ സ്വീകരിക്കാന്‍ ഇപ്പോള്‍ പമ്പയില്‍ സൗകര്യങ്ങളില്ല. യുദ്ധകാലാടിസ്‌ഥാനത്തില്‍ പമ്പ തീര്‍ത്ഥാടനത്തിന്‌ സജ്‌ജമാക്കാനുള്ള ശ്രമങ്ങളാണു വേണ്ടത്‌. പുതിയപാലം മറ്റ്‌ അടിസ്‌ഥാന സൗകര്യങ്ങളും ഇക്കാലയളവിനുള്ളില്‍ പണിതീര്‍ത്ത തീര്‍ക്കുക എന്നത്‌ ബൃഹത്തായ ശ്രമമായിരിക്കും. പമ്പാ മണല്‍പ്പുറത്ത്‌ ഇനി സ്‌ഥിരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല എന്നാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍ അറിയിച്ചിരിക്കുന്നത്‌. വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പമ്പയില്‍ ഒഴിവാക്കി വാഹനങ്ങളുടെ ബേസ്‌ ക്യാമ്പ്‌ നിലയ്‌ക്കല്‍ ആകുകയും ചെയ്യുന്നതോടെ പാരിസ്‌ഥിതികമായി വലിയ മാറ്റങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാകും. പരിസ്‌ഥിതിയെ പരമാവധി സംരക്ഷിച്ചുകൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനമാണ്‌ ഇനി പമ്പയില്‍ വേണ്ടത്‌.

Ads by Google
Wednesday 05 Sep 2018 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW