Tuesday, July 16, 2019 Last Updated 35 Min 40 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 05 Sep 2018 02.18 AM

ജലമേല്‍പ്പിച്ച മുറിവ്‌ പാഠമാക്കാം , ഇനി നവകേരളം

uploads/news/2018/09/246064/bft1.jpg

കേരളത്തിന്റെ ചരിത്രത്താളില്‍ പ്രളയം ഒരു മധ്യരേഖ വരച്ചിരിക്കുകയാണിപ്പോള്‍. ഇപ്പുറം പ്രളാനന്തര കാലഘട്ടമെന്നും അപ്പുറം പ്രളയത്തിനു മുമ്പുള്ള കാലഘട്ടമെന്നും. നാമിപ്പോള്‍ പ്രളയാനന്തര കാലത്തെക്കുറിച്ചാണു ചര്‍ച്ചചെയ്യുന്നത്‌. ഇപ്രകാരം ചര്‍ച്ച മുന്നേറുമ്പോള്‍ പ്രളയത്തിനു മുമ്പ്‌ നാം പിന്നിട്ട കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശവും വിമര്‍ശനവും വരുക സ്വാഭാവികം. പ്രളയത്തില്‍ നഷ്‌ടപ്പെട്ടതൊക്കെ പഴയപടി വീണ്ടെടുക്കുക എന്നതു മാത്രമല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. പുതിയൊരു കേരളത്തിന്റെ സൃഷ്‌ടിയാണു സര്‍ക്കാരിന്റെ ചിന്തയിലുള്ളത്‌.
അതിനാവശ്യമായ പണവും നൈപുണ്യവും ആര്‍ജിക്കുകയാണു വേണ്ടത്‌. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നുപോലും സഹായങ്ങള്‍ ഉണ്ടാകുന്നുവെന്നത്‌ പുനര്‍നിര്‍മാണ ദൗത്യം വര്‍ധിച്ച ആത്മവിശ്വാസത്തോടെ ഏറ്റെടുക്കാന്‍ സര്‍ക്കാരിനെ പ്രാപ്‌തമാക്കും. നാം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ മുഖ്യമന്ത്രി നടത്തിയ സാലറി ചലഞ്ച്‌ വൈറലായി മാറികഴിഞ്ഞു. കേരളത്തിലുള്ളവര്‍ മാത്രമല്ല, ലോകമെമ്പാടും കഴിയുന്ന മലയാളികള്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കാന്‍ മുന്നോട്ടുവരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. ഒറ്റയടിക്കല്ല ഇതു ചെയ്യേണ്ടത്‌. ഒരുമാസം മൂന്നുദിവസത്തെ ശമ്പളം എന്ന തോതില്‍ പത്തുമാസം കൊണ്ട്‌ സംഭാവന പൂര്‍ത്തിയാക്കിയാല്‍ മതിയാകും. കേരള ഗവര്‍ണറാണു മുഖ്യമന്ത്രിയുടെ ചലഞ്ച്‌ ആദ്യമായി ഏറ്റെടുത്തത്‌. തുടര്‍ന്ന്‌ ഇത്‌ സുമനസുകളുടെ ഇടയില്‍ ആവേശമായി.
ആയിരക്കണക്കിനു കുടുംബങ്ങളെയാണു പ്രളയം കടപുഴകിയെറിഞ്ഞത്‌. പതിനായിരം കുടുംബങ്ങളുടെയെങ്കിലും വീടുകള്‍ പൂര്‍ണമായും പ്രളയജലം ഒഴുക്കിക്കൊണ്ടുപോയി. അവശേഷിച്ച വീടുകള്‍ വാസയോഗ്യമായി വീണ്ടെടുക്കാന്‍ വിദഗ്‌ദ്ധരെ ഉള്‍പ്പെടുത്തി ദൗത്യസംഘത്തിനു രൂപം നല്‍കണം. ഇതിനു മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കുകയും വേണം.
തകര്‍ന്ന വീടുകളുടെയും വിവിധ കെട്ടിടങ്ങളുടെയും പുനര്‍ നിര്‍മിതി, റോഡുകളുടെ പുനരുദ്ധാരണം, മാലിന്യ സംസ്‌കരണം, കുടിവെള്ള വിതരണ പദ്ധതികള്‍, ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളുടെ വീണ്ടെടുപ്പ്‌ തുടങ്ങി ഓരോ പ്രവൃത്തിയും സമയപട്ടികവച്ച്‌ കൂട്ടിയോജിപ്പിച്ച്‌ ചെയ്‌തുതീര്‍ക്കാന്‍ ഈ വിദഗ്‌ദ്ധ സമിതിക്കു സാധിക്കണം. ദുരിതാശ്വാസനിധിക്കു വലിപ്പം കൂടുന്തോറും അതിന്റെ സുതാര്യതയും വലുതാകണം.
പ്രളയത്തിന്‌ മുന്‍പുള്ള കാലത്ത്‌ നമ്മള്‍ ഒരുപാട്‌ പറയുകയും കേള്‍ക്കുകയും ചെയ്‌തു. പറഞ്ഞതൊന്നും കേട്ടവര്‍ക്ക്‌ ഗുണമുണ്ടാക്കുന്നതായിരുന്നില്ല. മുകളിലെവിടെയോ ഇരിക്കുന്ന ഒരു നേതാവിന്റെയോ ഒരുപിടി നേതാക്കളുടേയോ കര്‍ണസുഖത്തിനുവേണ്ടിമാത്രമായിരുന്നു നമുക്കായി പറയേണ്ടവര്‍ പറഞ്ഞുകൊണ്ടിരുന്നത്‌.
ചുറ്റുമുള്ളത്‌ മനുഷ്യന്റെ ലാഭനേട്ടത്തിനു മാത്രമുള്ളതാണെന്നുമുള്ള പുത്തനാശയം ക്രമേണ സമൂഹത്തിലേക്ക്‌ അവര്‍ കടത്തിവിട്ടുകൊണ്ടിരുന്നു. ലാഭക്കൊതിക്കും അദ്ധ്വാനചൂഷണത്തിനുമെതിരേ ലാഭസിദ്ധാന്തം ഉയര്‍ത്തിപ്പിടിച്ചവര്‍ എല്ലാം ലാഭത്തിനുവേണ്ടി എന്നു തിരുത്തിയതും ചര്‍ച്ചചെയ്യപ്പെടാതെ ആരവങ്ങളില്‍ മറച്ചു. നിര്‍ബന്ധികത ചട്ടകൂടിനകത്ത്‌ നില്‍ക്കാന്‍ മനസില്ലാതെ, ചുറ്റുമുള്ളത്‌ നമുക്ക്‌ മാത്രമുള്ളതല്ലെന്നും ഇപ്പോഴുള്ള മനുഷ്യര്‍ക്കും മറ്റ്‌ ജീവജാലങ്ങള്‍ക്കും ഇനി വരാന്‍ പോകുന്നവര്‍ക്കുകൂടി ഉള്ളതാണെന്നു പറഞ്ഞവര്‍ നിഷ്‌പ്രഭരായി. അവരെ ഭ്രാന്തരായും ശത്രുവായും മുദ്രകുത്തി.
പ്രളയകാലത്ത്‌, നമ്മുടെ ഒരു എം.എല്‍.എ സഹായഹസ്‌തവുമായി വരുന്നവരോട്‌ ഒരു കാര്യം വിളിച്ചുപറഞ്ഞു ദയവായി നിങ്ങള്‍ കൊടിവച്ചുകെട്ടിയ വണ്ടികളില്‍ സഹായങ്ങളുമായി വരരുത്‌. ഞങ്ങളുടെ ഐക്യത ഇല്ലാതാക്കരുത്‌. പ്രളയതിന്റെ ഭീകരമുഖം തൊട്ടടുത്ത്‌ വായും വിളര്‍ന്നു വന്നതുകണ്ട വ്യക്‌തിയാണ്‌ അദ്ദേഹം. കേരളത്തിലെ ഒരു ജനപ്രതിന്ധിയില്‍നിന്നും ഇത്തരത്തിലുള്ള വാക്കുകള്‍ കേട്ടനാളുകള്‍ ഓര്‍മയില്‍ പോലും മാഞ്ഞുപോയ്‌ക്കൊണ്ടിരുന്നപ്പോഴാണ്‌ ജലംകൊണ്ട്‌ മുറിവേറ്റവേദനയില്‍ ഒരുജനപ്രതിനിധിയില്‍ നിന്നും ഇങ്ങനെയുള്ള വാക്കുകള്‍ ഉതിര്‍ന്നു വീണത്‌. താനും തന്റെ കൂട്ടവും ചേര്‍ന്നു ഗ്രാമങ്ങളുണ്ടാക്കി മനുഷ്യരെ വേലികെട്ടിത്തിരിച്ചത്‌ തെറ്റായിപ്പോയെന്നു ജലം മൂക്കോളമുയര്‍ന്നപ്പോള്‍ അദ്ദേഹത്തിനു ബോധ്യമായിക്കാണും.
പ്രളയം ചില ശുഭസൂചനകള്‍ തരുന്നു. കേരള സമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്കു ഗുണകരമാകാവുന്ന ശുഭസൂചനകള്‍. കേരളത്തെ പുനഃസ്‌ഥാപിക്കുക എന്നതിനപ്പുറം ഒരു പുതിയ കേരളത്തെ സൃഷ്‌ടിക്കേണ്ടതിന്റെ ആവശ്യകതയാണ്‌ നിലവിലുള്ളത്‌. കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ ചര്‍ച്ചകള്‍ അതാണു സൂചിപ്പിക്കുന്നത്‌. കേരളത്തിന്റെ സ്‌ഥായിയായ വികസനത്തെ മുന്‍നിര്‍ത്തിയുള്ള സര്‍ക്കാരിന്റെ ഈ സമീപനത്തിന്‌ കേരള സമൂഹമൊന്നാകെ ശക്‌തമായ പിന്തുണ ഉണ്ടാകും.
പ്രളയക്കെടുതിയില്‍നിന്നും അതിജീവനപാതയില്‍ ചുവട്‌വയ്‌ക്കുന്ന കേരളത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ നടന്നുവരുന്നത്‌. ദുരിതമുഖത്ത്‌ ഹിന്ദുവും മുസല്‍മാനും ക്രിസ്‌ത്യാനിയുമെല്ലാം കൈകകോര്‍ത്ത കാഴ്‌ചയ്‌ക്കാണ്‌ കേരളം കണ്ടുകൊണ്ടിരിക്കുന്നതും. നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നു മലിനമാക്കപ്പെട്ട വയനാട്ടിലെ വെന്നിയോട്‌ ശ്രീ മഹാവിഷ്‌ണു ക്ഷേത്രം ശുചീകരിച്ചത്‌ കോഴിക്കോട്‌ മുക്കത്തുനിന്നു വന്ന രണ്ടു സംഘങ്ങളായ മുസ്ലിം യുവാക്കളായിരുന്നു. തങ്ങള്‍ കയറിയാല്‍ കുഴപ്പമുണ്ടോ എന്ന്‌ അവര്‍ ചോദിച്ചപ്പോള്‍ നിറഞ്ഞ മനസോടെയാണ്‌ ഹൈന്ദവ സഹോദരങ്ങള്‍ പങ്കാളികളാകണമെന്നു പറഞ്ഞതും. ഇതേ മാതൃകയില്‍ പാലക്കാട്‌ മണ്ണാര്‍ക്കാട്‌ അയ്യപ്പക്ഷേത്രം നാലുമണിക്കൂര്‍ നീണ്ട ശുചീകരണത്തിലൂടെ വീണ്ടും പഴയതു പോലാക്കിയത്‌ മണ്ണാര്‍ക്കാടുള്ള മുസ്ലീം യുവാക്കളാണ്‌. ഇത്‌ ഒന്നോ രണ്ടോ ഉദാഹരണം മാത്രം. ഇതുപോലെ തിരിച്ചും നിരവധി സംഭവങ്ങള്‍ നടന്നിരിക്കുന്നു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളത്തിന്റെ അന്തരീക്ഷത്തെയും ജീവിത പരിസരത്തെയും മാറ്റിമറിച്ചിരിക്കുന്നു. പ്രളയാനന്തരം പകര്‍ച്ചവ്യാധികള്‍ തലപൊക്കിത്തുടങ്ങിയിരിക്കുന്നു. സാധാരണ കാലവര്‍ഷക്കാലത്ത്‌ ഉണ്ടാകുന്നതിനേക്കാള്‍ എത്രയോ മടങ്ങ്‌ ശക്‌തിയോടെ രോഗങ്ങള്‍ പകരുന്ന പ്രവണതയാണു കാണുന്നത്‌. കേരളത്തിന്റെ താരതമ്യേന മാലിന്യമുക്‌തമായ ജീവിതപരിസരങ്ങളില്‍ വലിയതോതില്‍ പിടിപെടാന്‍ ഇടയില്ലാത്ത അസുഖമാണ്‌ എലിപ്പനി.
എന്നാല്‍ പ്രളയം സൃഷ്‌ടിച്ച പരിസര മലിനീകരണം എലിപ്പനി സാധ്യതകള്‍ കൂട്ടിയിരിക്കുന്നു. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും മലിനജലവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നവരും ആരോഗ്യപ്രവര്‍ത്തകരും ജാഗ്രത പാലിക്കേണ്ടതുണ്ട്‌. ഡോക്‌ടര്‍മാര്‍ എത്ര മാത്രം ജാഗരൂകരാകുന്നുവോ അത്രമാത്രം പനിദുരന്തങ്ങള്‍ ഒഴിവാക്കാനാകും.
നിപാ വൈറസിന്റെ വ്യാപനം പ്രതിരോധിച്ച കേരളത്തിന്‌ എലിപ്പനിയേയും പ്രതിരോധിക്കാന്‍ കഴിയും. സര്‍ക്കാരിന്റെ ഇടപെടലിനൊപ്പം സമൂഹത്തിലെ ആകെ പിന്തുണയും സഹകരണവും പങ്കാളിത്തവും ലഭിച്ചാല്‍ ഏതു മഹാമാരിയെയും തോല്‍പ്പിച്ചു പുതിയ കേരളം കെട്ടിപ്പടുക്കാന്‍ നമുക്ക്‌ കഴിയും.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 05 Sep 2018 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW