Wednesday, April 24, 2019 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 02.17 AM

'' ഇതു സര്‍ക്കാര്‍ നിര്‍മിത പ്രളയം; തെളിവുണ്ട്‌ അനവധി''

uploads/news/2018/09/246063/bft2.jpg

ഈ നൂറ്റാണ്ടിലെ മഹാപ്രളയം മനുഷ്യനിര്‍മിതം അഥവാ സര്‍ക്കാര്‍ നിര്‍മിതം എന്നതിന്‌ കൂടുതല്‍ തെളിവുകള്‍ ദിനംപ്രതി പുറത്തുവരികയാണ്‌. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രളയത്തിന്റെ ഉത്തരവാദിത്വം കാലാവസ്‌ഥാവകുപ്പില്‍ ചാരി തലയൂരാന്‍ ശ്രമിച്ചെങ്കിലും അതു വസ്‌തുതാപരമല്ലെന്നാണ്‌ സംസ്‌ഥാന കാലാവസ്‌ഥാ നിരീക്ഷണ വകുപ്പും കേന്ദ്രഭൗമ മന്ത്രാലയവും വ്യക്‌തമാക്കിയത്‌.
കാലാവസ്‌ഥാവകുപ്പ്‌ ഡയറക്‌ടര്‍ ഡോ. കെ. സന്തോഷ്‌ പറയുന്നത്‌ ഇപ്രകാരം: ഓഗസ്‌റ്റ്‌ തുടക്കം മുതല്‍ തന്നെ ഒഡീഷ തീരത്തുണ്ടായ ന്യൂനമര്‍ദവും അതു കേരളത്തിലെ മലയോര മേഖലയില്‍ ഉണ്ടാക്കിയ അതിവൃഷ്‌ടിയെക്കുറിച്ചും കൃത്യമായ സൂചന നല്‍കിയിരുന്നു. ഏറ്റവും കനത്ത മഴ പെയ്‌ത ഓഗസ്‌റ്റ്‌ 9 മുതല്‍ 16 വരെ ഇടുക്കി, വയനാട്‌, എറണാകുളം മേഖലകളില്‍ കാലാവസ്‌ഥാ കേന്ദ്രം റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. 15ന്‌ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും റെഡ്‌ അലര്‍ട്ട്‌ നല്‍കി. ഏറ്റവും തീവ്രവമായ മഴയ്‌ക്കു കാലാവസ്‌ഥാ കേന്ദ്രം നല്‍കുന്നതാണു റെഡ്‌ അലര്‍ട്ട്‌. ഇത്‌ എല്ലാ ദിവസവും കേന്ദ്രകാലാവസ്‌ഥാ കേന്ദ്രത്തിന്റെയും സംസ്‌ഥാന കേന്ദ്രത്തിന്റെയും വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതിനു പുറമേ, അലര്‍ട്ടുകളുടെയും മഴയുടെ തീവ്രതയെയും വിശദമാക്കുന്ന കുറിപ്പുകള്‍ ചേര്‍ത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസിനു നല്‍കിയിട്ടുണ്ട്‌. സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി, ചീഫ്‌ സെക്രട്ടറി, കലക്‌ടറേറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം നല്‍കിയിരുന്നു. തീവ്രമഴ ഉണ്ടാകുമെന്നു സൂചന കിട്ടിയ ദിവസങ്ങളില്‍ സ്‌പെഷല്‍ ബുള്ളറ്റിനും പ്രസിദ്ധീകരിച്ചു. 15നു കേരളം മുഴുവന്‍ അതിതീവ്രമഴയ്‌ക്ക്‌ വ്യക്‌തമായ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഡയറക്‌ടര്‍ വ്യക്‌തമാക്കി. പ്രളയത്തിനു മുമ്പ്‌ കേരളത്തിനു രണ്ടു തവണ മുന്നറിയിപ്പ്‌ നല്‍കിയിരുന്നെന്നു കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയം സെക്രട്ടറിയും പ്രമുഖ കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞനുമായ ഡോ. എം. രാജീവന്‍ വെളിപ്പെടുത്തി. രൂക്ഷമായ മഴയ്‌ക്കുള്ള സാധ്യത ഓഗസ്‌റ്റ്‌ ഒന്‍പതിനു മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ അറിയിച്ചിരുന്നു. അതുകൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല- ഡോ. രാജീവന്‍ അറിയിച്ചു.

റെഡ്‌ അലര്‍ട്ടിനു മുകളില്‍ അലര്‍ട്ടില്ല

കാലാവസ്‌ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പിനെ മുഖ്യമന്ത്രിയുടെ ഓഫീസെങ്കിലും മുഖവിലയ്‌ക്ക്‌ എടുത്തിരുന്നെങ്കില്‍ കേരളം ഇത്രയും കനത്ത വില നല്‍കേണ്ടി വരുമായിരുന്നോ? 483 പേര്‍ കൊല്ലപ്പെടുകയും 22,000 വീടുകള്‍ നിലംപൊത്തുകയും 55 ലക്ഷം പേരെ ബാധിക്കുകയും ചെയ്‌ത കേരളം കണ്ട മഹാദുരന്തത്തിനു നേരേ കൊട്ടിയടച്ച വാതിലുകള്‍ കാണാതെ പോകരുത്‌.
റെഡ്‌ അലര്‍ട്ടിനു മുകളില്‍ മറ്റൊരു അലര്‍ട്ടില്ല. യുദ്ധഭൂമിയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചാല്‍ ഏതു സമയത്തും ശത്രു എത്തുമെന്നും അതുകൊണ്ട്‌ ജാഗരൂകരായിരിക്കണം എന്നുമാണ്‌ അര്‍ത്ഥം. മഴക്കാലത്ത്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചാല്‍ വെള്ളം താണ്‌ഡവമാടി വരും എന്നു തന്നെയാണ്‌ അര്‍ത്ഥം. എന്നിട്ടും സംസ്‌ഥാന ഭരണകൂടമോ, ജില്ലാതല ഭരണകൂടങ്ങളോ തയാറെടുപ്പു നടത്തിയില്ല.
കേരളത്തെ വെള്ളത്തില്‍ മുക്കിയത്‌ മനുഷ്യനിര്‍മിത ദുരന്തം തന്നെയാണ്‌. ഇക്കാര്യം തുറന്നു പറഞ്ഞവര്‍ പറഞ്ഞവര്‍ ഒന്നും രണ്ടുമല്ല, അവര്‍ നിസാരക്കാരുമല്ല.

വിദഗ്‌ധര്‍ പറയുന്നത്‌

1) ഡോ അമിതാ സിങ്‌, ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ വകുപ്പ്‌: സംസ്‌ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ദുരന്തം ഒഴിവാക്കുന്നതില്‍ വീഴ്‌ച വരുത്തി. ഇതു മനുഷ്യന്‍ വരുത്തിവച്ച വിനയാണ്‌. മഹാപ്രളയത്തിനു മുമ്പ്‌ ലഭിച്ച ഇടവേളയില്‍ ഡാമുകളില്‍നിന്നു വെള്ളം കുറെശെ പുറത്തുവിട്ട്‌ സ്‌ഥിതിഗതികള്‍ നിയന്ത്രിക്കാമായിരുന്നു.
2) ബി.ബി.സി: മുപ്പതു ഡാമുകളിലെ വെള്ളം നിയന്ത്രിച്ചു വിട്ടിരുന്നെങ്കില്‍ പ്രളയം ഉണ്ടാകില്ലായിരുന്നു. കാര്യങ്ങള്‍ നിയന്ത്രണാധീതമായപ്പോള്‍ 80 ഡാമുകളിലെ വെള്ളമാണു തുറന്നുവിട്ടത്‌. വാട്ടര്‍ മാനേജ്‌മെന്റില്‍ കേരളം 42 പോയിന്റുമായി രാജ്യത്ത്‌ 12-ാം സ്‌ഥാനത്താണ്‌. ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ഏറ്റവും പിറകിലും.
3) മാധവ്‌ ഗാഡ്‌ഗില്‍: കേരളത്തിലെ ഈ പ്രളയത്തിനു പ്രധാന കാരണം ശക്‌തമായ മഴയോടൊപ്പം ഇത്രയധികം ഡാമുകള്‍ ഒന്നിച്ചു തുറന്നുവിട്ടതാണ്‌. ഡാമുകള്‍ മഴക്കാലം തീരാറാകുമ്പോള്‍ മാത്രമേ നിറച്ചുവയ്‌ക്കാവൂ. കേരളത്തില്‍ മഴ സീസണ്‍ പകുതിയായപ്പോള്‍ തന്നെ ഡാമുകള്‍ നിറച്ചു. കനത്ത മഴ പെയ്‌തപ്പോള്‍ തികച്ചും ഡാമുകള്‍ ഒറ്റയടിക്കു തുറന്നു. തികച്ചും അശാസ്‌ത്രീയവും അനുചിതവുമായ ഡാം മാനേജുമെന്റാണു നടന്നത്‌.
4) ഇ. ശ്രീധരന്‍: അശാസ്‌ത്രീയമായി ഡാമുകള്‍ തുറന്നുവിട്ടത്‌ പ്രളയത്തിനു വഴി തെളിച്ചു. മഴക്കാലം തീരുംമുമ്പേ ഡാമില്‍ വെള്ളം നിറച്ചുനിര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല.

ജനപ്രതിനിധികളുടെ നാവുപൂട്ടി

പ്രളയത്തില്‍പ്പെട്ട പ്രദേശങ്ങളിലെ എം.എല്‍.എമാരായ സജി ചെറിയാന്‍, രാജു ഏബ്രഹാം, വീണാ ജോര്‍ജ്‌, വി.ഡി. സതീശന്‍, റോജി ജോണ്‍, ഒ.ആര്‍. കേളു തുടങ്ങിയവര്‍ അപ്രതീക്ഷിതമായി ഡാം തുറന്നുവിട്ടതിനെതിരേ പരസ്യമായി രംഗത്തുവന്നവരാണ്‌. ഭരണകക്ഷി എം.എല്‍.എമാര്‍തന്നെ രംഗത്തുവന്നത്‌ സര്‍ക്കാരിനു വലിയ ക്ഷീണമായി. പ്രളയത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ സജി ചെറിയാനും രാജു ഏബ്രഹാമിനും അവസരം കൊടുത്തതുമില്ല. പത്തനംതിട്ട, ആലപ്പുഴ, വയനാട്‌ കലക്‌ടര്‍മാര്‍ തങ്ങളുടെ ജില്ലയിലുള്ള ഡാമുകള്‍ തുറന്നവിവരം അറിഞ്ഞതേയില്ല.
കോട്ടയത്ത്‌ രക്ഷാപ്രവര്‍ത്തനത്തിനു ചുമതലയുള്ള മന്ത്രി പ്രളയകാലത്തു വിദേശത്തുപോയി. ഇനി മന്ത്രിമാരെ കൂട്ടത്തോടെ വിദേശത്തേക്ക്‌ അയയ്‌ക്കുകയാണ്‌.

വിളിച്ചുവരുത്തിയ ദുരന്തം

കേരളത്തിന്റെ തീരത്തെ കശക്കിയെറിഞ്ഞ ഓഖി ദുരന്തം ഉണ്ടായപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത്‌ അടുത്ത പ്രകൃതി ദുരന്തം ഉണ്ടാകുമ്പോഴേക്കും കേരളം തയാറെടുക്കും എന്നാണ്‌. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഓഖി ദുരന്തം ഉണ്ടായപ്പോള്‍ ദുരന്തനിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കണമെന്ന മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനുള്ള ഫയല്‍ മാസങ്ങളായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാസങ്ങളായി ഉറങ്ങുന്നു.
ഡാം സുരക്ഷയ്‌ക്കായി പ്രത്യേക അതോറിറ്റിയുണ്ട്‌. ജഡ്‌ജിയാണു ചെയര്‍മാന്‍. റിട്ട. ജഡ്‌ജിക്ക്‌ ഡാമിന്റെ സുരക്ഷിതത്വവുമായി എന്തുബന്ധമെന്നു ചോദിക്കരുത്‌. അദ്ദേഹം ചാനലുകളില്‍ വന്നിരുന്ന്‌ ജനങ്ങളുടെ സുരക്ഷിതത്വം വിസ്‌മരിച്ച്‌ ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ചു മാത്രം സംസാരിക്കുന്നു. വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പ്രവചനം നടത്തുന്ന കേന്ദ്രജലസേചന കമ്മിഷനുള്ള വിവരങ്ങളും കണക്കുകളും നല്‍കേണ്ടത്‌ സംസ്‌ഥാന സര്‍ക്കാരാണ്‌. എന്നാല്‍ ഇതു നല്‍കാത്ത ഏക സംസ്‌ഥാനം കേരളമാണ്‌.

പാഠം പഠിക്കാം
ഓഖിക്കു പിന്നാലെ എത്തിയ മഹാപ്രളയം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്‌. നൂറു വര്‍ഷത്തിനിടയില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസമായി മഹാപ്രളയത്തെ എഴുതിത്തള്ളരുത്‌. കഴിഞ്ഞതില്‍നിന്നു കേരളം പാഠം ഉള്‍ക്കൊള്ളണം. അതിന്‌ വിദഗ്‌ധര്‍ ഉള്‍പ്പെടുന്ന ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം നടത്തി ഭാവിയിലേക്കുള്ള ഒരു രൂപരേഖ അടിയന്തരമായി ഉണ്ടാക്കണം.

എം.എം. ഹസന്‍ ( കെ.പി.സി.സി. പ്രസിഡന്റ്‌)

Ads by Google
Wednesday 05 Sep 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW