Wednesday, September 26, 2018 Last Updated 35 Min 39 Sec ago English Edition
Todays E paper
Ads by Google
ജോയ്‌ എം. മണ്ണൂര്‍
Wednesday 05 Sep 2018 02.17 AM

കെ.പി.എം.ജി: വിദേശക്കമ്പനി എത്തുന്നതു വളഞ്ഞവഴിയില്‍

uploads/news/2018/09/246062/kpmg.jpg

തൃശൂര്‍ : നവകേരള സൃഷ്‌ടിക്കു കണ്‍സള്‍ട്ടന്‍സിയായി രംഗത്തുവന്ന നെതര്‍ലന്‍ഡ്‌് ആസ്‌ഥാനമായ കെ.പി.എം.ജി. അടക്കം ഓഡിറ്റിങ്‌ മേഖലയിലെ വിദേശ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്‌ ഇന്ത്യന്‍ കമ്പനിയെന്ന പേരില്‍. കെ.പി.എം.ജി. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്‌ ആ രാജ്യത്തിന്റെ പേരു കൂടി ചേര്‍ത്ത്‌ പുതിയ കമ്പനിയായാണ്‌.

വിദേശനിക്ഷേപ നിയന്ത്രണ ബോര്‍ഡിന്റെയും ഫെമയുടെയും നിയമങ്ങള്‍ മറികടന്നാണ്‌ ഇതെന്ന്‌ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സിപില്‍ എന്ന സംഘടന ആരോപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 24-നു കേസ്‌ പരിഗണിച്ച കോടതി, ഇക്കാര്യം പഠിക്കാന്‍ മൂന്നംഗ വിദഗ്‌ധ സംഘത്തെ നിയമിക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. പരിശോധന നടത്തി മൂന്നു മാസത്തിനകം സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഇന്ത്യക്കും നിര്‍ദേശമുണ്ട്‌.

ഓഡിറ്റിങ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ കമ്പനിയായി രജിസ്‌റ്റര്‍ ചെയ്യുന്നതു തടയണമെന്നും തന്ത്രപ്രധാന വകുപ്പുകളില്‍ അവരുടെ സേവനം ഉപയോഗപ്പെടുത്തുക വഴി രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായി അത്‌ മാറുമെന്നും പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ എന്‍.ജി.ഒ. സംഘടനയായ സിപില്‍ ആരോപിച്ചിരുന്നു.

കമ്പനിപ്പേരിനൊപ്പം "ഇന്ത്യ" ചേര്‍ത്താണ്‌ ഇവിടെ കെ.പി.എം.ജിയുടെ പ്രവര്‍ത്തനം. നവകേരളം സൃഷ്‌ടിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ചുമതല ഏല്‍പ്പിച്ച കെ.പി.എം.ജി. കമ്പനി വിദേശ കമ്പനിയല്ലെന്നു മുന്‍ ആസൂത്രണബോര്‍ഡ്‌ അംഗം ജി. വിജയരാഘവന്‍ പ്രസ്‌താവിച്ചത്‌ ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌. കൊച്ചിയില്‍ 2017 നവംബറില്‍ ആഗോള വ്യവസായ സംരംഭക കോണ്‍ഫറന്‍സില്‍ (ടൈക്കോണ്‍ 2017) സാരഥ്യം വഹിച്ചിരുന്ന വിജയരാഘവനാണ്‌ കെ.പി.എം.ജി. ഇന്ത്യയുടെ ചെയര്‍മാനും സി.ഇ.ഒ യുമായ അരുണ്‍ എം. കുമാറിനെ പരിചയപ്പെടുത്തി പാനല്‍ ചര്‍ച്ചയില്‍ ഇടപെട്ട്‌ സംസാരിച്ചത്‌.

കെ.പി.എം.ജി. കമ്പനിക്ക്‌ ഇന്ത്യയില്‍ വ്യാപാര താല്‍പ്പര്യങ്ങളുണ്ടെന്ന്‌ കമ്പനിയുടെ പഠനറിപ്പോര്‍ട്ടില്‍ തെളിവുണ്ട്‌. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ പുതിയ വ്യവസായശക്‌തിയായി വളരാന്‍ വിഭവശേഷിയുള്ള രാജ്യം ഇന്ത്യയാണെന്ന്‌ കമ്പനിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഐടി മേഖലയില്‍ പ്രതിഭാസമ്പന്നരായ ലക്ഷക്കണക്കിനു യുവജനങ്ങളുള്ള രാജ്യം ഭാവിയില്‍ വന്‍ കുതിച്ചുചാട്ടം നടത്തുമെന്നും ബംഗളുരുവോ കൊച്ചിയോ സമീപഭാവിയില്‍ ലോകത്തിന്റെ പുതിയ സിലിക്കണ്‍വാലിയായി മാറുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിനു ഏറ്റവും സാധ്യതയുള്ള രാജ്യം ഇന്ത്യയാണെന്നും ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ രാജ്യത്തെ ടൂറിസം - സാംസ്‌കാരിക - കലകളെ പ്രയോജനപ്പെടുത്തി പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള സാധ്യതയും എടുത്തുകാട്ടുന്നു.

ഇന്ത്യയുടെ വികസന - വ്യാപാര മേഖലകളില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന റിപ്പോര്‍ട്ടില്‍ കേരളത്തിനു പ്രത്യേക പരിഗണന നല്‍കുന്നുണ്ട്‌. കേരളം കണ്ട ഏറ്റവും വലിയ കലാമാമാങ്കമായ കൊച്ചി ബിനാലെയുടെ നോളജ്‌ പാര്‍ട്ടണറായി സ്‌ഥാനം നേടിയ കെ.പി.എം.ജി. ഭരണ, രാഷ്‌ട്രീയ നേതൃത്വവുമായും അടുപ്പമുണ്ടാക്കി.

കൊച്ചി ബിനാലെയെക്കുറിച്ച്‌ കെ.പി.എം.ജി. തയാറാക്കിയ റിപ്പോര്‍ട്ട്‌ പുറത്തിറക്കിയത്‌ ഉമ്മന്‍ ചാണ്ടിയാണ്‌. മന്ത്രിമാരായ കെ.സി. ജോസഫും എ.പി. അനില്‍കുമാറും ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ മുസിരിസ്‌ -കൊച്ചി ബിനാലെയുടെയും നോളജ്‌ പാര്‍ട്ടണറായി പ്രവര്‍ത്തിച്ച കെ.പി.എം.ജി യുടെ പുതിയ റിപ്പോര്‍ട്ട്‌ പുറത്തിറക്കിയത്‌ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മന്ത്രിമാരായ ഡോ. തോമസ്‌ ഐസക്‌, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. ഈ പരിപാടിയില്‍ കമ്പനി ചെയര്‍മാനും സി.ഇ.ഒ യുമായ അരുണ്‍ എം. കുമാര്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു.

നവകേരള സൃഷ്‌ടിക്കായി കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാന്‍ സൗജന്യ സേവനം നല്‍കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായി മാറുമെന്ന്‌ കമ്പനിയിലെ മുന്‍ ഉദ്യോഗസ്‌ഥന്‍ പറയുന്നു. നവകേരള സൃഷ്‌ടിക്കായുള്ള റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ചുരുങ്ങിയത്‌ 20 പേരുടെ സേവനം കേരളത്തില്‍ വേണ്ടിവരും. പത്തോളം പേരുടെ സേവനം മുംബൈയിലെ ഓഫീസിലും വേണ്ടിവരും.

വിദേശ രാജ്യങ്ങളില്‍ ഓഡിറ്റിങ്‌ സേവനങ്ങള്‍ക്ക്‌ മണിക്കൂറില്‍ 80 ഡോളര്‍ ഫീസ്‌ ഈടാക്കുന്ന കമ്പനിയുടെ സൗജന്യ സേവനം ഇനിയും ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്‌.

അടുത്ത 100 വര്‍ഷത്തെ കേരളത്തിന്റെ വികസന സ്വപ്‌ന പദ്ധതിക്ക്‌ 50,000 കോടി രൂപ വരുമെന്നാണു പ്രാഥമിക കണക്ക്‌. ഇറാന്‍, ഇറാഖ്‌, കുവൈത്ത്‌ രാജ്യങ്ങളിലെ യുദ്ധത്തിനുശേഷം അവിടെ നടന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ചില വിദേശ കമ്പനികള്‍ സൗജന്യ സേവനം വാഗ്‌ദാനം ചെയ്യുകയും പിന്നീട്‌ നിര്‍മാണ കരാറുകള്‍ തന്ത്രപൂര്‍വം കൈക്കലാക്കിയ ചരിത്രമുണ്ട്‌. കണ്‍സള്‍ട്ടന്‍സിയായി രംഗത്തുവന്ന കമ്പനികള്‍ സപ്ലൈ കരാറുകാരായി മാറിയ അനുഭവം കേരളത്തിലുമുണ്ട്‌.

Ads by Google
ജോയ്‌ എം. മണ്ണൂര്‍
Wednesday 05 Sep 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW