Monday, September 10, 2018 Last Updated 7 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 02.17 AM

ഇന്ന്‌ അധ്യാപകദിനം : വിദ്യാലയങ്ങള്‍ നവകേരളത്തിന്റെ ഊര്‍ജസ്രോതസാകണം

രാഷ്‌ട്രപതിയായിരുന്ന ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനമാണ്‌ അധ്യാപകദിനമായി ആഘോഷിക്കുന്നത്‌. അധ്യാപനത്തെ ഏറ്റവും മഹത്തരമായ കര്‍മമായാണ്‌ അദ്ദേഹം പരിഗണിച്ചത്‌. ഈ കര്‍മത്തെ അദ്ദേഹം അത്രമാത്രം സ്‌നേഹിച്ചിരുന്നു, മാനിച്ചിരുന്നു. ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ ജന്മദിനം എല്ലാവര്‍ഷവും നന്നായി ആഘോഷിക്കണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഡോ. എസ്‌. രാധാകൃഷ്‌ണന്‍ തന്നെ മുന്നോട്ടുവച്ച ആശയമാണ്‌ തന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കണമെന്നത്‌.
അധ്യാപനം പോലെ ഇത്രമാത്രം സ്വാധീനം ചെലുത്താവുന്ന മറ്റൊരു തൊഴിലില്ല. കുട്ടികളുടെ ഭാവിയെ അതിനിര്‍ണായകമായി സ്വാധീനിക്കുന്നവരാണ്‌ അധ്യാപകര്‍. കുട്ടികളുടെ ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ചയെയും വികാസത്തെയും സ്വാധീനിക്കാന്‍ അധ്യാപകര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. കുട്ടികളുടെ ചിന്തയുടെയും പെരുമാറ്റത്തിന്റെയും മൂല്യബോധത്തിന്റെയും വികാസത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നവരാണ്‌ അധ്യാപകര്‍.
ഈ വര്‍ഷത്തെ അധ്യാപകദിനാചാരണത്തിന്‌ പ്രസക്‌തി ഏറെയാണ്‌. ഒരു വലിയ പ്രകൃതി ദുരന്തത്തെ മറികടന്ന ഉടനെയാണ്‌ അധ്യാപകദിനം ആചരിക്കുന്നത്‌. കുട്ടനാട്‌ പൂര്‍ണമായും പ്രളയത്തില്‍നിന്നു കരകയറിയിട്ടില്ല.
പ്രളയാനന്തരം ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. അതിന്റെയെല്ലാം കേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍ മാറണം. പെട്ടെന്നുണ്ടായ ആഘാതത്തില്‍ പകച്ചു പോയ കുട്ടികളെ ആത്മവിശ്വാസം നല്‍കി സ്‌കൂളിലേക്കും വീട്ടിലേക്കും തിരിച്ചുകൊണ്ടു വരേണ്ടതുണ്ട്‌. യൂണിസെഫിന്റെയും മാനസിക പ്രശ്‌നങ്ങളെ സംബന്ധിച്ച ഗവേഷണസ്‌ഥാപനമായ നിംഹാന്‍സിന്റെയും സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രളയബാധിത ജില്ലകളിലെ കുട്ടികളെ ലക്ഷ്യംവച്ചുകൊണ്ട്‌ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ടിങ്‌ പ്രോഗ്രാം നടത്തുന്നു. പ്രളയം മനസിനെ ഏതെങ്കിലും രീതിയില്‍ ബാധിച്ചുള്ള മുഴുവന്‍ കുട്ടികളെയും ലക്ഷ്യമിട്ടാണ്‌ ഈ പ്രവര്‍ത്തനം നടത്തുന്നത്‌. അധ്യാപകരാണ്‌ ഈ പ്രക്രിയയില്‍ മുന്നില്‍നിന്നു പ്രവര്‍ത്തിക്കേണ്ടത്‌. കുട്ടികളുടെ സംഘര്‍ഷഭരിതമായ മനസിനെ പഠനാന്തരീക്ഷത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവരേണ്ട ചുമതല എല്ലാ അധ്യാപകരും ഏറ്റെടുക്കണം.
ഇനി നാം ഏറെ കരുതിയിരിക്കേണ്ടത്‌ ജലജന്യരോഗങ്ങളെയാണ്‌. ഇക്കാര്യങ്ങള്‍ കുട്ടികള്‍ക്ക്‌ മനസിലാക്കിക്കൊടുക്കുവാനുള്ള ഇടമായി വിദ്യാലയങ്ങള്‍ മാറണം. ശുചിത്വമുള്ള വിദ്യാലയാന്തരീക്ഷം സൃഷ്‌ടിക്കുവാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെയും സമൂഹത്തെയും ജീവിതത്തിലേക്കും അവരുടെ പ്രവര്‍ത്തനമണ്ഡലത്തിലേക്കും തിരികെ എത്തിക്കാന്‍ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കേണ്ടതുണ്ട്‌. ജനാധിപത്യമതനിരപേക്ഷ മൂല്യബോധം വളര്‍ത്താനുമുള്ള പൊതുഇടങ്ങളാക്കി വിദ്യാലയങ്ങളെ മാറ്റാനുള്ള പ്രവര്‍ത്തനം കൂടുതല്‍ കൂടുതല്‍ കരുത്തോടെ ചെയ്യാനുള്ള ആത്മവിശ്വാസവും കരുത്തും നിശ്‌ചയ ദാര്‍ഢ്യവും ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനുള്ള അവസരമായി ഈ വര്‍ഷത്തെ അധ്യാപക ദിനം മാറും എന്നു പ്രതീക്ഷിക്കുന്നു.

പ്രഫ. സി. രവീന്ദ്രനാഥ്‌ (വിദ്യാഭ്യാസ മന്ത്രി)

Ads by Google
Wednesday 05 Sep 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW