Thursday, November 15, 2018 Last Updated 20 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.52 AM

സുപ്രീം കോടതി ജഡ്‌ജിമാര്‍ക്കെതിരേ ജസ്‌റ്റിസ്‌ കര്‍ണന്റെ 'ഉത്തരവ്‌'

uploads/news/2018/09/245980/d3.jpg

കൊല്‍ക്കത്ത: കൊല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റിസ്‌ കര്‍ണന്‍ വീണ്ടും വാര്‍ത്തയില്‍. തനിക്കെതിരായ കോടതിയലക്ഷ്യ കേസ്‌ രാജ്യാന്തര നീതിന്യായ കോടതിയുടെ പരിഗണനയ്‌ക്കു വിടണമെന്ന്‌ ഉത്തരവിട്ടാണു ജസ്‌റ്റിസ്‌ കര്‍ണന്‍ രംഗത്തെത്തിയത്‌. എട്ട്‌ സുപ്രീം കോടതി ജഡ്‌ജിമാരെ കുറ്റക്കാരായി വിധിക്കുന്ന ഉത്തരവും അദ്ദേഹം പുറപ്പെടുവിച്ചു. കൂടാതെ ജസ്‌റ്റിസ്‌ കര്‍ണര്‍ സുപ്രീം കോടതി രജിസ്‌ട്രാര്‍ ജനറലിനു കത്തുമയച്ചു.
ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര, മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌. ഖേഹര്‍, വിരമിച്ച ജസ്‌റ്റിസ്‌ ജസ്‌തി ചെലമേശ്വര്‍, ജസ്‌റ്റിസുമാരായ രഞ്‌ജന്‍ ഗൊഗോയ്‌, മദന്‍.ബി.ലോകുര്‍, പി.സി. ഘോസ്‌, കുര്യന്‍ ജോസഫ്‌, ആര്‍. ഭാനുമതി തുടങ്ങിയവര്‍ക്കെതിരേയാണു കര്‍ണന്റെ ഉത്തരവ്‌.
ജസ്‌റ്റിസുമാര്‍ക്കു സാമൂഹിക വിരുദ്ധര്‍, തീവ്രവാദികള്‍ തുടങ്ങിയ വിശേഷണങ്ങളും കര്‍ണന്‍ നല്‍കി. തനിക്കെതിരേയുള്ള കേസില്‍ തീരുമാനമെടുക്കാത്തതു കാരണമാണു രാജ്യാന്തര നീതിന്യായ കോടതിയിലേക്കു മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കത്തയച്ചതെന്നും വ്യക്‌തമാക്കി. സുപ്രീം കോടതി ജഡ്‌ജിമാര്‍ക്കെതിരേ അഴിമതി ആരോപണമുന്നയിച്ച്‌ പ്രധാനമന്ത്രിക്കു കത്തെഴുതിയതിന്റെ പേരിലാണു കര്‍ണന്‍ കോടതി അലക്ഷ്യ കേസ്‌ നേരിടുന്നത്‌. മേയ്‌ ഒമ്പതിന്‌ ഇദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്യാന്‍ ഉത്തരവിട്ടു.
ആറു മാസത്തെ തടവ്‌ ശിക്ഷ അനുഭവിച്ചതിനു ശേഷം ജസ്‌റ്റിസ്‌ കര്‍ണന്‍ ജയില്‍ മോചിതനായി. കര്‍ണനു വേണ്ടി ഹാജരാകാന്‍ 12 അഭിഭാഷകര്‍ തയാറായില്ല.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ മാത്യൂസ്‌ ജെ. നെടുംപാറയാണ്‌ ഒടുവില്‍ അദ്ദേഹത്തിനു വേണ്ടി വാദിക്കാന്‍ തയാറായത്‌. കോടതി നിര്‍ദേശിച്ച പ്രകാരം നിരുപാധിക മാപ്പ്‌ അപേക്ഷിക്കാന്‍ കര്‍ണന്‍ തയാറായില്ല. ജൂണ്‍ 12 ന്‌ അദ്ദേഹം വിരമിച്ചു. സുപ്രീം കോടതിയിലെ ഏഴ്‌ ജഡ്‌ജിമാര്‍ക്കെതിരേ എസ്‌-എസ്‌ടി നിയമപ്രകാരം കേസെടുക്കാന്‍ നേരത്തെ ജഡ്‌ജിയായിരുന്ന സമയത്ത്‌ ഉത്തരവിറക്കിയിരുന്നു.

Ads by Google
Wednesday 05 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW