മുംബൈ: എട്ടു പേര് കൊല്ലപ്പെട്ട മാലെഗാവ് സ്ഫോടനക്കേസില്‍ തന്നെ വിചാരണ ചെയ്യാന്‍ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് നല്കിയ അനുമതി നിയമവിരുദ്ധമാണെന്ന ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ കുറ്റപത്രം തടയണമെന്ന ലഫ്. കേണല്‍ പ്രസാദ് പുരോഹിതിന്റെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.
അതേസമയം, ഇക്കാര്യം വിചാരണക്കോടതി പരിശോധിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. വിചാരണ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ സ്റ്റേ അനുവദിക്കുന്നത് ഉചിതമല്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
മഹാരാഷ്ട്ര എ.ടി.എസ്. നടത്തിയ അറസ്റ്റും അന്യായ തടങ്കലും കസ്റ്റഡി പീഡനവും കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനു വിടണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തു. എ.ടി.എസിനെതിരായ ആക്ഷേപങ്ങള്‍ വിചാരണക്കോടതിയില്‍ ഉന്നയിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്.
കരസേനയുടെ ഇന്റലിജന്‍സ് വിഭാഗം ഓഫീസറായ പുരോഹിതിന് ഒമ്പതു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണു ജാമ്യം ലഭിച്ചത്. "കാവി ഭീകരത" എന്ന ആക്ഷേപം അരക്കിട്ടുറപ്പിക്കാനായി മുന്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പുരോഹിതിനെ കുടുക്കുകയായിരുന്നു എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ ജോയിന്റ് സെക്രട്ടറി ആര്.വി.എസ്. മണി വെളിപ്പെടുത്തിയത് അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.