Wednesday, July 17, 2019 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 04.29 PM

ടെറസിലൊരു പച്ചക്കറി വിജയം

''വീട്ടാവശ്യത്തിനും വില്പനയ്ക്കുമുള്ള പച്ചക്കറികള്‍ വീടിന്റെ ടെറസില്‍ ഉത്പാദിപ്പിക്കുന്ന ജയ എന്ന വീട്ടമ്മയുടെ വിജയഗാഥയിലൂടെ...''
uploads/news/2018/09/245859/inspiringLife040918.jpg

പഴുത്തുതുടുത്ത തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, ചീര, പുതിനയില തുടങ്ങി ജയയുടെ വീടിന്റെ ടെറസിലില്ലാത്ത പച്ചക്കറികളില്ല. കൃഷിയില്‍ മുന്‍പരിചയമൊന്നുമില്ലാത്ത എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് വേങ്ങശ്ശേരിയില്‍ ജയ ഇന്ന് ഒട്ടേറെ വീട്ടമ്മമാര്‍ക്ക് മാതൃകയാണ്.

ഒരു മത്സരത്തില്‍ പങ്കെടുത്ത് കൃഷിയാരംഭിച്ച ജയ കൃഷിക്ക് പുറമേ ഒരു പൗള്‍ട്രിഫാമും ജൈവവള നിര്‍മ്മാണവും നടത്തുന്നു. അടുക്കളത്തോട്ടം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഗ്രോബാഗില്‍ തൈ നട്ടുനല്‍കുന്ന സംരംഭത്തിനും തുടക്കം കുറിച്ചിരിക്കുകയാണീ വീട്ടമ്മ.

മത്സരത്തിലൂടെ തുടക്കം


വീട്ടുമുറ്റത്ത് പച്ചക്കറികളൊക്കെ നട്ടുപിടിപ്പിക്കുമെന്നല്ലാതെ കൃഷിയെക്കുറിച്ച് കാര്യമായ അറിവൊന്നും എനിക്കുണ്ടായിരുന്നില്ല. കഴിഞ്ഞ ഓണക്കാലത്താണ് അടുക്കളത്തോട്ടമത്സരത്തില്‍ പങ്കെടുക്കുന്നത്. നല്‍കുന്ന പച്ചക്കറിതൈകള്‍ നട്ടുവളര്‍ത്തി നിശ്ചിത സമയത്തിനുള്ളില്‍ വിളവെടുക്കുകയായിരുന്നു മത്സരം.

ഞാനുള്‍പ്പെടെയുള്ളവര്‍ക്ക് പല ഇനങ്ങളില്‍പ്പെട്ട ഹൈബ്രിഡ് പച്ചക്കറിത്തൈകള്‍ തന്നപ്പോള്‍ കുറച്ചു പച്ചക്കറികളെങ്കിലും വിളയിച്ച് കാണിക്കണമെന്ന് എനിക്ക് വാശി തോന്നി. തൈകള്‍ വീട്ടില്‍ കൊണ്ടുവന്ന് പിറ്റേ ദിവസം മുതല്‍ മഴ തുടങ്ങി. പലരുടേയും തൈകള്‍ ചീഞ്ഞുപോയെന്നറിഞ്ഞപ്പോള്‍ തൈകള്‍ ചീയാതെ സൂക്ഷിച്ചു.

uploads/news/2018/09/245859/inspiringLife040918a.jpg

മഴ മാറിയപ്പോള്‍ ടെറസില്‍ നടാമെന്ന് തീരുമാനിച്ചു. അങ്ങനെ മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ്, എല്ലുപൊടി, കുമ്മായം, മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവയെല്ലാം ചേര്‍ത്ത് ഗ്രോബാഗ് ഉണ്ടാക്കി. ആദ്യം 300 ഗ്രോബാഗിലാണ് തൈ നട്ടത്. കടുകടക്കമുള്ള തൈകള്‍ എല്ലാം മുളച്ചു. വിധികര്‍ത്താക്കള്‍ തോട്ടംകാണാനെത്തിയപ്പോഴേക്കും പച്ചക്കറികളൊക്കെ ഉണ്ടായി തുടങ്ങിയിരുന്നു.

അതിനുശേഷം വീട്ടിലേക്ക് പച്ചക്കറികളൊന്നും വാങ്ങേങ്ങി വന്നില്ല. പാവല്‍, ചീര, തക്കാളി, വെണ്ടയ്ക്ക, വഴുതനങ്ങ, നാലിനം പച്ചമുളക്, പയര്‍, പുതിന, പീച്ചില്‍, വെള്ളരി, അമരപ്പയര്‍ എന്നിവയെല്ലാം സമൃദ്ധമായി ടെറസില്‍ വളരുന്നു. ഇപ്പോള്‍ വീടിന്റെ പരിസരങ്ങളിലെല്ലാം പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പാഷന്‍ ഫ്രൂട്ട് റംബൂട്ടാന്‍, മള്‍ബറി,വാഴപ്പഴംഎല്ലാമുണ്ട്. കഴിഞ്ഞ വര്‍ഷം 300 കിലോയോളം പാഷന്‍ഫ്രൂട്ടാണ് വിറ്റത്.

തുടക്കത്തില്‍ വീട്ടാവശ്യം കഴിഞ്ഞുള്ള പച്ചക്കറികള്‍ വീടിനടുത്തുള്ളവര്‍ക്ക് സൗജന്യമായി കൊടുക്കുകയായിരുന്നു. എന്നാല്‍ ആവശ്യത്തിലധികം പച്ചക്കറികളായതോടെ ഒരു കട തുടങ്ങാന്‍ തീരുമാനിച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. വീടിനു മുമ്പിലെ കാര്‍ പോര്‍ച്ച് കടയാക്കി. പച്ചക്കറിക്കു പുറമേ പലവ്യഞ്ജനങ്ങളുള്‍പ്പെടെ പലചരക്കുകടയിലേക്കു വേണ്ട സാധനങ്ങള്‍ വാങ്ങി. ഇന്ന് ചുറ്റുവട്ടത്തുള്ള വീട്ടമ്മമാരെല്ലാം ഈ കടയിലെ കസ്റ്റമേഴ്സാണ്.

കൃഷിയെക്കുറിച്ചൊന്നുമറിയാതിരുന്ന ഞാന്‍ ഇന്ന് പലര്‍ക്കും കൃഷിയെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നു. വീടിനടുത്തെ കൃഷിഭവനിലെ അഞ്ജു മാഡമാണ് കൃഷിയെക്കുറിച്ചെല്ലാം പറഞ്ഞു തന്നത്. കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഗ്രോബാഗ് നിര്‍മ്മിച്ചു നല്‍കാനും തുടങ്ങി. ഓര്‍ഡറനുസരിച്ച് ഗ്രോബാഗ് നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. പച്ചക്കറി തൈകള്‍ക്കും ആവശ്യക്കാരേറെയാണ്.

കൂടാതെ ഒരു വാട്ട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. അതിലെ അംഗങ്ങളായ വീട്ടമ്മമാര്‍ക്കെല്ലാം ആവശ്യമനുസരിച്ച് ജൈവവളവും നല്‍കുന്നു.

പൗള്‍ട്രി ഫാം


വീടിനോടു ചേര്‍ന്നു ചെറിയൊരു പൗള്‍ട്രി ഫാമും നടത്തുന്നുണ്ട്. തുടക്കത്തില്‍ ചെറിയ തോതിലായിരുന്നു ഇറച്ചിക്കോഴി വളര്‍ത്തല്‍. ടെറസ് കൃഷിയും വീട്ടുപണിയുമൊക്കെ കഴിഞ്ഞ് സമയം പിന്നെയും ബാക്കിയായപ്പോള്‍ ഫാം കുറച്ചുകൂടി വിപുലപ്പെടുത്തി. ഫാമിലിപ്പോള്‍ ഒരു ബാച്ചില്‍ 2500 കോഴികള്‍ വളരുന്നു. വര്‍ഷം ആറു ബാച്ചുണ്ടാകും.
uploads/news/2018/09/245859/inspiringLife040918b.jpg

കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി 40 ദിവസം പ്രായമെത്തുമ്പോള്‍ കൈമാറുകയാണ് പതിവ്. കോഴിവളര്‍ത്തലിലൂടെ കിട്ടുന്ന പണത്തിന് പുറമേ വളവും കിട്ടുന്നുണ്ട്. കോഴിക്കുഞ്ഞുങ്ങളെ ഇടും മുമ്പ് കൂടിനുള്ളില്‍ വിരിക്കുന്ന അറക്കപ്പൊടി 40 ദിവസം കഴിയുമ്പോള്‍ നല്ല ജൈവവളമായി മാറും. അതിന് ആവശ്യക്കാരേറെ. അറക്കപ്പൊടി വാങ്ങുന്ന ചെലവും വൈദ്യുതിച്ചെലവും വളം വില്‍ക്കുന്നതിലൂടെ ലഭിക്കുമെന്നതിനാല്‍ പണവും ലാഭം.

വിപുലമായല്ലെങ്കില്‍പോലും നായ്ക്കുട്ടികളുടെ വില്‍പനയുമുണ്ടിപ്പോള്‍. ഡാഷ് ഹണ്ടിന്റെയും ജര്‍മന്‍ ഷെപ്പേഡിന്റെയും കുഞ്ഞുങ്ങളെ വില്‍ക്കുന്നുണ്ട്്.

കുടുംബം


ഭര്‍ത്താവ് മണി, മകന്‍ അര്‍ജുന്‍, മകള്‍ ദേവിക. ഇവരെല്ലാം എനിക്കൊപ്പം കൃഷിയില്‍ സഹായിക്കാറുണ്ട്. പച്ചക്കറി ഉത്പാദനം മെച്ചപ്പെടുത്താന്‍ മഴമറ കൃഷി ചെയ്യാനും ആലോചിക്കുന്നുണ്ട്.

ജൈവവള നിര്‍മ്മാണം


കൃഷിഭവന് കീഴില്‍ ഒരാള്‍ക്കാണ് ജൈവവള നിര്‍മ്മാണ യൂണിറ്റ് അനുവദിക്കുന്നത്. പച്ചക്കറികൃഷിയും പൗള്‍ട്രി ഫാമുമൊക്കെ നന്നായി ചെയ്യുന്നതുകൊണ്ടാകാം ജൈവവള നിര്‍മ്മാണ യൂണിറ്റ് തുടങ്ങാനുള്ള അനുമതി കിട്ടിയത്.

വാം(വെസിക്കുലാര്‍ ആര്‍ബസ്‌ക്കുലാര്‍ മൈക്കോറൈസ) എന്ന ജൈവ കുമിളാണ് നിര്‍മ്മിക്കുന്നത്. മൂന്ന് മാസം കൊണ്ട് 1000 കിലോ വളമാണ് ഉത്പാദിപ്പിച്ചത്. ഓര്‍ഡറനുസരിച്ച് വളം പായ്ക്ക് ചെയ്ത് കൊറിയര്‍ ചെയ്യുകയാണ് പതിവ്. ഉത്പാദനം കുറവായതുകൊണ്ട് ആവശ്യപ്പെടുന്നവര്‍ക്കൊക്കെ വളമെത്തിക്കാന്‍ കഴിയാറില്ല.

എന്താണ് വാം?


കേരളത്തിലെ മണ്ണിന് വളരെ അനുയോജ്യമായ ഒരു ജീവാണുവളമാണ് വാം. വേരുകളുടെ അകത്തും പുറത്തുമായി വളരുന്ന മിശ്ര കുമിളാണിത്. ഈ കുമിള്‍, ചെടികളുടെ വേരില്‍ പ്രവേശിച്ച് വെള്ളവും വളവും വലിച്ചെടുക്കാന്‍ സഹായിക്കുന്നു. ഈ ഫംഗസ് സസ്യങ്ങളുടെ റൂട്ട് ഹെയേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നു. ചെടികളുടെ വേര് ആഴത്തിലോടുന്നതിനും മികച്ച ഫലമുണ്ടാകുന്നതിനും ഇതു സഹായിക്കും.

മണ്ണില്‍ ലഭ്യമായ ഫോസ്ഫറസിനെ കൂടിയ അളവില്‍ വലിച്ചെടുക്കാന്‍ സഹായിക്കുന്നതിനു പുറമെ നൈട്രജന്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വെള്ളവും ധാരാളം ആഗീരണംചെയ്യുന്നതിന് ചെടികളെ സഹായിക്കുന്നവയാണ് വാം.
[IMG]

വാമിന്റെ ഉപയോഗം


ചെടിച്ചട്ടികള്‍, ഗ്രോബാഗുകള്‍ തുടങ്ങിയവയില്‍ ചെടി വളര്‍ത്തുമ്പോള്‍ മണ്ണു മിശ്രിതത്തോടൊപ്പം വാം ചേര്‍ത്തുകൊടുക്കാം. വെര്‍മി കമ്പോസ്റ്റിനൊപ്പമോ ജൈവവളങ്ങള്‍ക്കൊപ്പമോ കലര്‍ത്തിയും വാം ഉപയോഗിക്കാം.

ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലും ചേര്‍ക്കുമ്പോള്‍ മണ്ണ് മിശ്രിതത്തോടൊപ്പം 10 കിലോഗ്രാമിന് 3050 ഗ്രാം വാം എന്ന തോതില്‍ ചേര്‍ത്തുകൊടുക്കണം. വിത്തു പാകുമ്പോള്‍ വാം ചേര്‍ത്തുകൊടുക്കാം. വിത്തിടുമ്പോള്‍ ആദ്യം വാം ഇട്ടശേഷം വിത്തിടുക. മണ്ണിനു മുകളില്‍ വാം നേര്‍ത്ത പാളിയായി വിതറിയശേഷം വിത്തു പാകണം. തുടര്‍ന്ന് ചെറുതായി മണ്ണിട്ടു മൂടണം. മുളച്ചുവരുന്ന വേരുകള്‍ വാം കള്‍ച്ചറിലൂടെ കടന്നുപോകുമ്പോള്‍ വേരുകളില്‍ വാം വളരുന്നു.

കിഴങ്ങുവര്‍ഗ വിളകളില്‍ അഞ്ചുഗ്രാം, പച്ചക്കറി വിളകളില്‍ അഞ്ചുഗ്രാം, വാഴയില്‍ 25 ഗ്രാം എന്ന അളവില്‍ വാം ഉപയോഗിക്കാം. പച്ചക്കറി വിത്തു നടുമ്പോള്‍ ചുവടൊന്നിന് അഞ്ചുഗ്രാം മൈക്കോറൈസയും ചേര്‍ത്തുകൊടുക്കാം.

ഉപയോഗിക്കേണ്ട വിധം


50 ലിറ്റര്‍ ചാണകവെള്ളത്തില്‍ അഞ്ചു കിലോ വാം കലക്കുക. അഴുകിയ കുറച്ച് പാളയന്‍ കോടന്‍ പഴവും ഒരു കിലോ ശര്‍ക്കരയും ചേര്‍ത്ത് ഇളക്കുക. ഇത് മൂന്നു ദിവസം വയ്ക്കണം. ഈ മിശ്രിതത്തില്‍ അക്വേറിയത്തില്‍ ഉപയോഗിക്കുന്ന ഒരു എയറേറ്ററും വയ്ക്കാം. എയറേറ്റര്‍ വച്ചാല്‍ കുമിളുകള്‍ പെട്ടെന്ന് പെരുകും. മൂന്നു ദിവസത്തിനു ശേഷം ഈ 50 ലിറ്റര്‍ വാം മിശ്രിതത്തില്‍ മൂന്നിരട്ടി (150 ലിറ്റര്‍) ചാണകവെള്ളവും ചേര്‍ത്ത് നേര്‍പ്പിച്ച് ആവശ്യാനുസരണം ചെടികളുടെ ചുവട്ടില്‍ ഒഴിക്കാം.

അശ്വതി അശോക്

Ads by Google
Tuesday 04 Sep 2018 04.29 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW