Saturday, April 20, 2019 Last Updated 15 Min 48 Sec ago English Edition
Todays E paper
Tuesday 04 Sep 2018 03.54 PM

ചിലര്‍ മരിക്കും രണ്ടുവട്ടം

''ആയുസിന്റെ തുലാസിലാണ് അവര്‍. എപ്പോള്‍ വേണമെങ്കിലും മരണം സംഭവിക്കാം. അത് അവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍, ഐസിയുവില്‍ കിടക്കുന്ന കാര്യത്തെക്കുറിച്ച് അവര്‍ക്ക് ആലോചിക്കാന്‍ കഴിയുമായിരുന്നില്ല''
uploads/news/2018/09/245854/helthnews040918a.jpg

2008-ല്‍നടന്ന സംഭവമാണ്. ഞാനന്ന് ഒരു ഔദ്യോഗിക പരിശീലനപരിപാടിയില്‍ പങ്കെടുക്കുകയാണ്. അപ്പോഴാണ് ഏകദേശം അറുപത് വയസ് പ്രായമുള്ള സ്ത്രീയെ ശ്വാസതടസവുമായി ആശുപത്രി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. കുറെ വര്‍ഷങ്ങളായി അവര്‍ക്ക് ശ്വാസതടസമുണ്ട്. വര്‍ഷം കഴിയുംതോറും അത് കൂടിക്കൂടി വന്നു.

അവരുടെ ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്നു. അതുമൂലം ശ്വാസകോശത്തില്‍ അപകടകരമായ അളവില്‍ വെള്ളം കെട്ടിക്കിടന്നു. ആയുസിന്റെ തുലാസിലാണ് അവര്‍. എപ്പോള്‍ വേണമെങ്കിലും മരണം സംഭവിക്കാം. അത് അവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍, ഐസിയുവില്‍ കിടക്കുന്ന കാര്യത്തെക്കുറിച്ച് അവര്‍ക്ക് ആലോചിക്കാന്‍ കഴിയുമായിരുന്നില്ല.

ആകെ മെലിഞ്ഞ് ക്ഷീണിച്ച ശരീരപ്രകൃതം. ശ്വാസം കിട്ടാതെ തളര്‍ന്നുള്ള കിടപ്പ്. രണ്ട് സെക്കന്‍ഡില്‍ കഷ്ടിച്ചൊന്ന് ശ്വാസമെടുക്കും. അവരുടെ മുഖത്തിനും ചുണ്ടിലും കൈപ്പത്തിക്കും കാല്‍പ്പാദത്തിനുമെല്ലാം ചുവന്ന തുടിപ്പായിരുന്നു.

അങ്ങിങ്ങായി നരച്ച മുടി, ചുളിഞ്ഞ മുഖം. എങ്കിലും എല്ലാ ആശുപത്രി ജീവനക്കാര്‍ക്കു നേരെ നോക്കി അവര്‍ ചിരിക്കുമായിരുന്നു. വളരെ ക്ഷമയോടെയും കാര്യങ്ങള്‍ മനസിലാക്കിയുമായിരുന്നു ഞങ്ങളോട് ഇടപെട്ടിരുന്നത്. ഇത്തരം വ്യക്തിത്വങ്ങളോട് നമുക്ക് സ്‌നേഹം തോന്നും. അവര്‍ വിട്ടുപോകാന്‍ നാം ഒരിക്കലും ആഗ്രഹിക്കില്ല.

അവരുടെ ഭര്‍ത്താവ് ഒരു അക്കൗണ്ടന്റായിരുന്നു. വര്‍ഷങ്ങളായി അയാള്‍ അവരെ വളരെ കാര്യമായി പരിചരിച്ചുവന്നു. ഭാഗ്യവശാല്‍ അദ്ദേഹത്തിന് ഭാര്യയുടെ കിടയ്ക്കക്ക് അരികിലിരുന്നുതന്നെ ജോലി ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നു. ചികിത്സയ്ക്കായി അത്യാവശ്യം പണമുണ്ടായിരുന്നെങ്കിലും മിച്ചം പിടിച്ചതെല്ലാം വളരെ വേഗം തീര്‍ന്നുകൊണ്ടിരുന്നു. അങ്ങേരുടെ മുഖത്ത് ഒരു തെളിച്ചവുമില്ലായിരുന്നു. അവരെ വേര്‍പിരിയേണ്ടി വരുമെന്ന കാര്യം മനസിലാക്കിയെന്നത് തോന്നിപ്പിക്കുംവിധമായിരുന്നു ആ മുഖഭാവം.

അന്നൊരു ഞായറാഴ്ചയായിരുന്നു. ക്രിക്കറ്റിന്റെ ആവേശം കെടുത്തിക്കൊണ്ടാണ് ആ കോള്‍ വന്നത്. ആ സ്ത്രീയ്ക്ക് രോഗം കലശലായെന്നും ശ്വാസംകിട്ടാന്‍ ബുദ്ധിമുട്ടുകയാണെന്നും ഹെഡ്‌നഴ്‌സ് അറിയിച്ചു. ഒരു പക്ഷേ, അവരുടെ ശ്വാസകോശത്തിലേയ്ക്ക് പെട്ടെന്ന് വെള്ളം വന്നു നിറഞ്ഞിരിക്കാം. ഞാന്‍ പെട്ടെന്നുതന്നെ ആശുപത്രിയിലേയ്ക്ക് ഓടി.

പത്ത് മിനിട്ടേ വേണ്ടി വന്നുള്ളൂ അവിടെയെത്താന്‍. താഴത്തെ നിലയില്‍ എത്തിയപ്പോള്‍ത്തന്നെ 'കോഡ് ബ്ലൂ അലേര്‍ട്ട്' അറിയിപ്പ് മുഴങ്ങുന്നുണ്ടായിരുന്നു. സിപിആര്‍ ടീം എത്രയും വേഗം അവരുടെ പക്കല്‍ എത്താനായിരുന്നു നിര്‍ദ്ദേശം. അവര്‍ ഏതാണ്ട് മരിച്ചുകഴിഞ്ഞിരുന്നു. അവരെ എത്രയും വേഗം ജീവിത ത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്.

uploads/news/2018/09/245854/helthnews040918a1.jpg

ഞാന്‍ പടികള്‍ ഓടിക്കയറി അവരുടെ അടുത്തെത്തി. ഒരു മിനിട്ടിനു മുമ്പുതന്നെ സിപിആര്‍ ടീമും അവിടെ എത്തിക്കഴിഞ്ഞിരുന്നു. അവര്‍ നെഞ്ചില്‍ അമര്‍ത്തുകയും ഹൃദയമിടിപ്പ് കൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ആകെ മുഷിഞ്ഞ വേഷത്തിലായിരുന്നു. അതുകൊണ്ടുതന്നെ ആ ആള്‍ക്കൂട്ടത്തിലേയ്ക്ക് പോയില്ല.

ഏതാനും മിനിട്ടുകള്‍ക്കകം അവര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടി. അവര്‍ക്ക് അധിക സമയം അനുവദിക്കപ്പെട്ടു. അവര്‍ കണ്ണുകള്‍ മെല്ലെ ചലിപ്പിച്ചു. എന്താണ് ചുറ്റും നടക്കുന്നതെന്നായിരിക്കും അവര്‍ തിരഞ്ഞത്. മാസ്‌കിലൂടെ ഓക്‌സിജന്‍ നല്കുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ അവരെ ഐസിയുവിലേയ്ക്ക് മാറ്റി. എല്ലാത്തിനും അനുവാദം നല്‍കി ഭര്‍ത്താവ് കൂടെത്തന്നെയുണ്ടായിരുന്നു.

ദൈവത്തിനു നന്ദി. അവര്‍ ഭാഗ്യവതിയാണ്, അവര്‍ ജീവിച്ചിരിക്കുന്നു. അടുത്ത ദിവസം അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി അവരെ ഐസിയുവില്‍നിന്ന് പുറത്തിറക്കി. പഴയ അതേ ബെഡിലേയ്ക്ക് അവര്‍ തിരിച്ചുവന്നു. ഞാന്‍ അവരെ കാണാന്‍ പോയി. എങ്ങനെയുണ്ട് തിരിച്ചുവരവ് എന്ന് ഞാന്‍ കുശലം ചോദിച്ചു.

പ്രയാസപ്പെട്ട് ശ്വാസമെടുക്കുന്നതിനിടയിലും വ്യക്തമായി അവര്‍ ചോദിച്ചു, എന്തിനാണ് എന്നെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത്? ഞാന്‍ സ്വസ്ഥമായി മരിച്ചതല്ലായിരുന്നോ? അതും ഞാന്‍ പോലുമറിയാതെ... ഇനി അടുത്ത തവണ എങ്ങനെയാണ് മരിക്കുകയെന്ന് ആര്‍ക്കറിയാം. എന്തായാലും അതുവരെ ഇനിയും ജീവിച്ചിരിക്കണം.

അവര്‍ ആശയറ്റതുപോലെ തല ഇരുവശങ്ങളിലേയ്ക്കും ആട്ടിക്കൊണ്ടിരുന്നു. ഈ പ്രതികരണം എന്നെ ഉലച്ചുകളഞ്ഞു. എങ്ങനെ മറുപടി പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ അവരുടെ ഭര്‍ത്താവിനെ നോക്കി. ഞങ്ങള്‍ ഇരുവരും മറ്റുള്ളവരുടെ നോട്ടം ഒഴിവാക്കി. ഞാന്‍ എങ്ങനെയോ അവിടെനിന്ന് മുങ്ങി. അവര്‍ അടുത്ത ദിവസം ഡിസ്ചാര്‍ജ് ആയി. ഞാന്‍ പിന്നെ അവരെ കണ്ടിട്ടേയില്ല. എന്തായിരിക്കാം സംഭവിച്ചത്?

അത് ഡോക്ടറുടെ പിഴവാണോ? തീര്‍ച്ചയായും അല്ല. അടിയ ന്തരവൈദ്യ സഹായം നല്കിയവരുടെ തെറ്റാണോ? അല്ലേയല്ല. അത് രോഗിയുടെതന്നെ കുഴപ്പമായിരുന്നോ? അല്ല. നമ്മുടെ സംവിധാനത്തിലാണ് കുഴപ്പം. വീണ്ടും ജീവിക്കണമെന്ന് തോന്നുന്നവര്‍ രണ്ടു പ്രാവശ്യം ജീവിക്കട്ടെ. ജീവിക്കണ്ടാ എന്നു തോന്നുന്നവര്‍ രണ്ടുവട്ടം മരിക്കട്ടെ.

ഡോ. ബിജയ്‌രാജ് രാജന്‍ ബാബു
കണ്‍സള്‍ട്ടന്റ് ഫാമിലി ഫിസിഷന്‍
ആസ്റ്റര്‍ മിംമ്‌സ്, കോഴിക്കോട്

Tuesday 04 Sep 2018 03.54 PM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW