Wednesday, July 17, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
ബീന സെബാസ്റ്റിയന്‍
Tuesday 04 Sep 2018 02.14 PM

കന്യാസ്ത്രീയുടെ പീഡനപരാതി അന്വേഷിക്കാന്‍ ജലന്ധറിലെത്തിയ കേരള പോലീസിനു കിട്ടിയതു വിദേശ വൈദികന്റെ ദുരൂഹമരണത്തിലെ ഞെട്ടിക്കുന്ന കഥ; അടക്കിയ മൃതദേഹം മൂന്നു തവണ പുറത്തെടുത്ത് പകതീര്‍ത്ത് ഒരുകൂട്ടം വൈദികര്‍

കന്യാസ്ത്രീയുടെ പീഡനപരാതി അട്ടിമറിക്കാന്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കൊപ്പം നില്‍ക്കുന്ന ജലന്ധറിലെ മൂന്നു വൈദികരുടെ പേരുകളാണ് ഈ കേസിലും പ്രതിസ്ഥാനത്തു പറഞ്ഞുകേള്‍ക്കുന്നത്.
fr.mark Barner's death
ഫാ.മാര്‍ക്ക് ബര്‍നസും സഹോദരി ആനി വോക്ക്‌ലിംഗും

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതി അന്വേഷിക്കാന്‍ ജലന്ധറിലെത്തിയ കേരള പോലീസ് 13 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു വിദേശ വൈദികന്റെ ദുരൂഹ മരണത്തിന്റെ കഥകേട്ട് ഞെട്ടിത്തരിച്ചു. വൈദികന്‍ സ്ഥാപിച്ച മഠത്തിന്റെതന്നെ വളപ്പില്‍ സംസ്‌കരിച്ച മൃതദേഹം ഒരു കൂട്ടം വൈദികര്‍ ആരാത്രി തന്നെ മാന്തിപുറത്തെടുത്ത് അജ്ഞാത കേന്ദ്രത്തില്‍ സംസ്‌കരിച്ചു. മൂന്നു തവണ പുറത്തെടുത്ത മൃതദേഹത്തിന് 17 മാസങ്ങള്‍ക്കു ശേഷമാണ് അന്തസ്സോടെയുള്ള അന്ത്യവിശ്രമം കിട്ടിയത്. സംഭവത്തില്‍ ഈ വിദേശവൈദികന്റെ സഹോദരി പരാതി നല്‍കിയപ്പോള്‍ പ്രദേശത്തെ രണ്ട് കത്തോലിക്കാ വിശ്വാസികളെ പ്രതികളാക്കി ക്രിമിനല്‍ കുറ്റംചെയ്ത യഥാര്‍ത്ഥ പ്രതികളായ വൈദികര്‍ തടിതപ്പി.

കന്യാസ്ത്രീയുടെ പീഡനപരാതി അട്ടിമറിക്കാന്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കൊപ്പം നില്‍ക്കുന്ന ജലന്ധറിലെ മൂന്നു വൈദികരുടെ പേരുകളാണ് ഈ കേസിലും പ്രതിസ്ഥാനത്തു പറഞ്ഞുകേള്‍ക്കുന്നത്. അന്ന് കേസില്‍ ശക്തമായ നിലപാട് സ്വീകരിച്ച പഞ്ചാബ് ചീഫ് സെക്രട്ടറിയെ തത്സ്ഥാനത്തുനിന്നും നീക്കുന്ന നടപടിവരെയുണ്ടായി. അതുകൊണ്ടുതന്നെ ഇതിലും എന്തോചീഞ്ഞുനാറുന്നുണ്ടെന്നും ഹൈക്കോടതിയില്‍ ചാരംമൂടിക്കിടക്കുന്ന ഈ കേസ് വീണ്ടും വെളിച്ചംകാണേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണെന്നും വൈദികര്‍ ആവശ്യപ്പെടുന്നു.

2005 ഫെബ്രുവരിയിലാണ് ബ്രിട്ടീഷ് കപ്പൂച്ചിന്‍ വൈദികനായ ഫാ.മാര്‍ക് ബാര്‍നസ് (72)ദൂരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. താമസസ്ഥലത്തുവച്ച് തോക്കില്‍ തിരനിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി മരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വെടിയേറ്റ് ആശുപത്രിയിലായ ഫാ.മാര്‍ക്കിനെ കാണാന്‍ ആരെയും നാലംഗ വൈദിക സംഘം അനുവദിക്കാത്തതും മാര്‍ക്കിന്റെ മുറി പോലീസുകാരെ ഉപയോഗിച്ച് പെട്ടെന്നുതന്നെ കഴുകി വൃത്തിയാക്കിയതും അന്ന് ചിലരില്‍ സംശയമുണ്ടാക്കിയെങ്കിലും രൂപതയെ കേസില്‍ നിന്ന് രക്ഷിക്കാനെന്ന് പറഞ്ഞ് ആ വൈദിക സംഘം അന്നത്തെ ബിഷപ്പ് ഫാ.സിംഫോറിയന്‍ കീപ്രത്തിനെ വരുതിയില്‍ ആക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുമ്പോഴും സംസാരിക്കാന്‍ കഴിയുമായിരുന്ന ഫാ.മാര്‍ക്കിന്റെ മൊഴിപോലും പോലീസ് എടുത്തില്ലെന്നാണ് വിവരം. അപകടമരണമാണ് പുറംലോകമറിഞ്ഞാല്‍ രൂപത കേസിന്റെ പുറകേ പോകേണ്ടിവരുമെന്നും രൂപതയ്ക്ക് ഏറെ നാണക്കേട് ഉണ്ടാകുമെന്നുമാണ് ഇവര്‍ പറഞ്ഞത്.

എന്നാല്‍ പിന്നീടുണ്ടായ സംഭവങ്ങളാണ് പലരിലും ആമരണം അബദ്ധത്തിലുള്ള വെടിപൊട്ടിയാണോ എന്ന് സംശയം ശക്തമാക്കിയത്. ഫാ.മാര്‍ക്കിനെ അദ്ദേഹം തന്നെ സ്ഥാപിച്ചതും അവസാനകാലത്ത് താമസിച്ചിരുന്നതുമായ അമൃത്സറിനു സമീപമുള്ള ഗുംതാലയിലെ സെന്റ് മേരീസ് മഠത്തിലെ വളപ്പില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ സംസ്‌കരിച്ചു. അന്നു രാത്രി തന്നെ നാലംഗ വൈദികര്‍ രഹസ്യമായി മൃതദേഹം കുഴിമാന്തി പുറത്തെടുത്തു. കിലോമീറ്ററുകള്‍ക്ക് അകലെ ഒരു മുസ്ലീംപള്ളിയുടെ കബറസ്താനില്‍ അടക്കിയ മൃതദേഹം പിന്നീട് അവിടെനിന്നും പൊക്കിയെടുത്ത് ഒരു ഹൈന്ദവ ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. ഈ വിവരങ്ങളെല്ലാം അക്കാലത്ത് 'ബിബിസി' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

fr.mark Barner's death
ഫാ.മാര്‍ക്കിന്റെ സംസ്‌കാര ശുശ്രൂഷയില്‍ നിന്നുള്ള ദൃശ്യം

ജലന്ധര്‍ റോമന്‍ കത്തോലിക്കാ രൂപതയുടെ ഒരു വൈദികന്റെ മൃതദേഹം മഠത്തിന്റെ വളപ്പില്‍ സംസ്‌കരിച്ചത് ശരിയല്ലെന്ന വാദവുമായാണ് അവര്‍ മൃതദേഹം അവിടെനിന്നും പൊക്കിയെടുത്തത്. ഭാവിയില്‍ ഫാ.മാര്‍ക്കിന്റെ അനുയായികള്‍ അവിടം സ്മാരകമാക്കുമെന്നും രൂപതയുടെ കയ്യില്‍ നിന്നും ആ വസ്തു കൈവിട്ടുപോകുമെന്നും ഇവര്‍ രൂപതാ നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ മൃതദേഹം മറ്റു മതസ്ഥരുടെ ശ്മശാനത്തില്‍ സംസ്‌കരിച്ചത് രൂപതയുടെ അഭിമാനത്തിന് ചേര്‍ന്നതാണോയെന്ന് അന്ന് അവരെ ചോദ്യംചെയ്യാന്‍ ആരും ധൈര്യപ്പെട്ടുമില്ല. രൂപതയെ വലിയൊരു പ്രതിസന്ധിയില്‍ നിന്നുരക്ഷിച്ചവര്‍ എന്ന പരിവേഷമാണ് അവര്‍ സ്വയം സൃഷ്ടിച്ചെടുത്തത്.

ഫാ.മാര്‍ക്കിന്റെ സഹോദരി ആനി വോക്ക്‌ലിംഗ് പരാതിയുമായി എത്തിയപ്പോഴാണ് സംഭവങ്ങള്‍ പുറംലോകമറിയുന്നത്. 'അജ്ഞാത വ്യക്തികള്‍' മൃതദേഹം പുറത്തെടുത്തു എന്നാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടു വിശ്വാസികളെ പ്രതികളാക്കി കേസ് രജിസ്റ്ററും ചെയ്തു. കേസ് കോടതിയില്‍ എത്തിയതോടെ ഫാ.മാര്‍ക്കിന് ആചാരപരമായ സംസ്‌കാരം അനുവദിക്കാമെന്ന് രൂപതാനേതൃത്വം അറിയിക്കുകയും 17 മാസങ്ങള്‍ക്കു ശേഷം 2006 ജൂലായില്‍ സെന്റ് മേരീസ് മഠത്തില്‍ തന്നെ സംസ്‌കരിക്കുകയും ചെയ്യുകയായിരുന്നു.

ബ്രിട്ടീഷ് ആര്‍മി ഓഫീസറുടെ മകനായ ഫാ.മാര്‍ക്ക് മിഷണറി പ്രവര്‍ത്തനത്തിനായി 1964ല്‍ ആണ് പഞ്ചാബില്‍ എത്തിയത്. 40 വര്‍ഷത്തോളം സ്വതന്ത്ര മിഷണറിയായി ഗുരുദാസ്പുരിലും അമൃത്സറിലും സേവനം ചെയ്ത ഫാ.മാര്‍ക്ക് അതിര്‍ത്തി പ്രദേശത്തെ നിര്‍ധനരരും നിരക്ഷകരരുമായ കര്‍ഷകരെയും തൊഴിലാളികളെയും പഠിപ്പിച്ചും ഉപജീവനമാര്‍ഗം ഉണ്ടാക്കി നല്‍കിയും പുതിയ ജീവിതത്തിലേക്ക് നയിച്ചു. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് അനുയായികളായി ഉണ്ടായിരുന്നത്. പഞ്ചാബി ജനത ഇതുപോലെ ഹൃദയത്തില്‍ സൂക്ഷിച്ച ഒരു ക്രിസ്ത്യന്‍ മിഷണറി ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുത്തബന്ധമുള്ളവര്‍ പറയുന്നത്.

പഞ്ചാബിലെ രാഷ്ട്രീയ ഭരണനേതൃത്വവുമായി വലിയ ബന്ധവും ഫാ.മാര്‍ക്കിനുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഫാ.മാര്‍ക്ക് അദ്ദേഹത്തിനൊപ്പം നായാട്ടിനു പോകുന്നതും പതിവായിരുന്നുവെന്ന് ഫാ.മാര്‍ക്കിനൊപ്പം സേവനം ചെയ്തിട്ടുള്ള വൈദികര്‍ പറയുന്നു. പോലീസിനെ വരെ വരുതിയില്‍ നിര്‍ത്താന്‍ ശേഷിയുണ്ടായിരുന്ന ആള്‍. അത്തരമൊരാളുടെ മരണത്തിന്റെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ ആരും തയ്യാറായില്ലെന്നതും വലിയ സംശയമാണ് വൈദികരില്‍ ഉണ്ടാക്കിയത്.

-ബീന സെബാസ്റ്റിയന്‍

Ads by Google
ബീന സെബാസ്റ്റിയന്‍
Tuesday 04 Sep 2018 02.14 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW