Saturday, December 15, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 01.10 AM

എലിപ്പനി തടയണം

uploads/news/2018/09/245767/editorial.jpg

മഴക്കെടുതി കഴിഞ്ഞതോടെ കേരളം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്‌. കേരളത്തില്‍ പതിമൂന്ന്‌ ജില്ലകളില്‍ എലിപ്പനി ബാധിച്ചതാണു പുതിയ കെടുതി. ഇന്നലെ മാത്രം അഞ്ചു പേര്‍ എലിപ്പനി ബാധിച്ചു മരിച്ചു. ഇതോടെ കേരളത്തില്‍ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 47 ആയി. കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലാണ്‌ എലിപ്പനിബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. പ്രളയം ദുരന്തംവിതച്ച മറ്റു ജില്ലകളിലും എലിപ്പനി ബാധിക്കാന്‍ ഇടയുണ്ടെന്നാണു സൂചന. ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണു പടരുന്നത്‌ എന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌. പ്രളയ സമയത്ത്‌ വെള്ളത്തില്‍ ഇറങ്ങിയവരും അവരോട്‌ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുമാണു മരിച്ചവരില്‍ ഭൂരിപക്ഷവും. അതിനാല്‍ വെള്ളത്തില്‍ ഇറങ്ങിയ എല്ലാവരും ശ്രദ്ധിക്കേണ്ടത്‌ അത്യാവശ്യമാണ്‌

പ്രളയത്തിനുശേഷം വന്‍തോതിലാണ്‌ നാടെങ്ങും മാലിന്യം നിറഞ്ഞത്‌. ഇത്‌ എലികള്‍ പെരുകാന്‍ ഇടയാക്കി. ഇതു മുന്‍കൂട്ടിക്കണ്ട്‌ ശക്‌തമായ പനി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം എന്ന്‌ ആരോഗ്യ വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. പ്രതിരോധ മരുന്ന്‌ കഴിക്കണമെന്ന്‌ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും അത്‌ പാലിക്കുന്നതില്‍ വലിയ വീഴ്‌ച ഉണ്ടായിട്ടുണ്ട്‌. എലിപ്പനി പ്രതിരോധത്തിനുള്ള മരുന്ന്‌ ആശുപത്രികളില്‍ ലഭ്യമായിരുന്നു. പക്ഷേ അവ കാര്യക്ഷമമായി ഉപയോഗിക്കപ്പെട്ടില്ലെന്നാണു മനസിലാക്കുന്നത്‌. എലിപ്പനി തടയാന്‍ ആരോഗ്യവകുപ്പ്‌ നടപടികള്‍ എടുത്തിട്ടുണ്ട്‌. താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങുകയും കൂടുതല്‍ മരുന്ന്‌ ലഭ്യമാക്കുകയും ചെയ്‌തിട്ടുണ്ട്‌.രോഗാണു ശരീരത്തില്‍ കടന്നാല്‍ ആറു ദിവസമെങ്കിലും കഴിഞ്ഞ രോഗലക്ഷണങ്ങള്‍ പുറത്തുകാണൂ. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സയ്‌ക്കു നില്‍ക്കാതെ ആശുപത്രികളില്‍ ചികിത്സ തേടുകയാണു വേണ്ടത്‌. രോഗം മൂര്‍ച്‌ഛിച്ച ശേഷം ആശുപത്രിയിലേക്ക്‌ എത്തുന്നവരാണു പലരും. ഇത്‌ സ്‌ഥിതി രൂക്ഷമാകുന്നു. ആദ്യം തന്നെ രോഗം കണ്ടുപിടിച്ചാല്‍ ചികിത്സ എളുപ്പമാകും. അടുത്തഘട്ടത്തിലേക്കു കടന്നാല്‍ ചികിത്സ ഫലിക്കണമെന്നില്ല. എലിപ്പനി പടരുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുകയും വേണം.
ഇപ്പോള്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്‌തമാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ വേണ്ടത്ര കരുതല്‍ എടുക്കണം.

ശരീരത്തിലെ മുറിവുകള്‍, രോമകൂപങ്ങള്‍ തുടങ്ങിയവയിലൂടെയാണ്‌ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്‌. ഇത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രതിരോധത്തിന്റെ ഭാഗമായി എലികളെ കൊല്ലേണ്ടിവന്നാലും ശ്രദ്ധിക്കണം. രോഗാണു പരക്കുന്ന സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കരുത്‌. പ്രതിരോധ മരുന്നുകള്‍ക്കെതിരേ പ്രചാരണം നടത്തുന്ന ചിലരും രംഗത്തെത്തിയിട്ടുണ്ട്‌. അവര്‍ ജനങ്ങളുടെ ജീവനു വലിയ ഭീഷണിയാണ്‌ ഉയര്‍ത്തുന്നതെന്നു മനസിലാക്കി കര്‍ശന നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

Ads by Google
Tuesday 04 Sep 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW