Wednesday, November 14, 2018 Last Updated 17 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 01.10 AM

പ്രളയം ബോധ്യപ്പെടുത്തി അനിവാര്യം, വിള ഇന്‍ഷുറന്‍സ്‌

uploads/news/2018/09/245766/bft1.jpg

പ്രകൃതിക്ഷോഭങ്ങള്‍ എന്നും കര്‍ഷകന്റെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തിയിട്ടേയുള്ളൂ. കൊടുങ്കാറ്റ്‌, ഇടിമിന്നല്‍, ഉരുള്‍പൊട്ടല്‍, വരള്‍ച്ച തുടങ്ങിയവ മൂലം വര്‍ഷംതോറും നശിപ്പിക്കപ്പെടുന്നത്‌ ഹെക്‌ടര്‍ കണക്കിനു കൃഷിയിടങ്ങളാണ്‌. ഇപ്പോള്‍ പ്രളയക്കെടുതിയുടെ ആഘാതവും. ഈ കാര്‍ഷിക നഷ്‌ടങ്ങളില്‍ നിന്ന്‌ കരകരയാറാന്‍ സാധാരണഗതിയില്‍ കര്‍ഷകനു കഴിയാറില്ല എന്നതാണ്‌ വാസ്‌തവം. പല കര്‍ഷകരും വന്‍ കടബാധ്യതയിലേക്ക്‌ വീണുപോകുന്നു. അതു തടയാനുള്ള പോംവഴിയായി സര്‍ക്കാര്‍ കൊണ്ടുവന്നതാണു വിള ഇന്‍ഷുറന്‍സ്‌ പദ്ധതി. വിള ഇന്‍ഷുറന്‍സ്‌ കൃഷിനഷ്‌ടത്തിന്റെ ആഘാതം കുറയ്‌ക്കും. നിസാര പൈസയ്‌ക്കാണ്‌ വിളകള്‍ ഇന്‍ഷുര്‍ ചെയേ്ണ്ടേത്‌. എന്നാല്‍, കര്‍ഷകര്‍ വിള ഇന്‍ഷുറന്‍സിനോട്‌ അത്രയ്‌ക്ക്‌ അനുഭാവം പ്രകടിപ്പിച്ചിട്ടില്ല. ആദ്യകാലങ്ങളില്‍ വിളനഷ്‌ടത്തില്‍ ഇന്‍ഷുറന്‍സില്‍ നിന്നു ലഭിക്കുന്ന നഷ്‌ടപരിഹാരം നന്നേ കുറവായിരുന്നു. മാത്രവുമല്ല ഇതിനായി കൃഷി, വില്ലേജ്‌ ഓഫീസുകള്‍ പലകുറി കയറിയിറങ്ങണമെന്നതും മനസ്‌ മടുപ്പിച്ചിരുന്നു. ബോധവല്‍കരണത്തിന്റെ അഭാവമായിരുന്നു കര്‍ഷകരെ വിള ഇന്‍ഷുറന്‍സിനോട്‌ മുഖംതിരിക്കാന്‍ പ്രേരിപ്പിച്ച മറ്റൊരു ഘടകം.
പ്രളയകാലം വിള ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം കൂട്ടിയിരിക്കുകയാണ്‌. പ്രളയക്കെടുതിക്കിരയായ കര്‍ഷകരില്‍ വിള ഇന്‍ഷുറന്‍സ്‌ എടുത്തിട്ടുള്ളവര്‍ക്കു നഷ്‌ടപരിഹാരത്തുക കൂടുതല്‍ ലഭിക്കും. വിളകള്‍ ഇന്‍ഷുര്‍ ചെയ്യാത്ത കര്‍ഷകര്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാരം മാത്രമേ ലഭിക്കൂ.
മാത്രവുമല്ല പ്രളയക്കെടുതിമൂലം കൃഷിനാശം സംഭവിച്ചവര്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടത്തിനു പുറമേ വിള ഇന്‍ഷുറന്‍സിന്റെ ആനുകൂല്യവും ലഭ്യമാകുമെന്നതും നേട്ടമാണ്‌. രണ്ടും കൂടി ചേരുമ്പോള്‍ നഷ്‌ടത്തിന്റെ ആഘാതം കുറയും. വിള നഷ്‌ടത്തിനു സംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തേക്കാള്‍ ഇരട്ടിയിലധികമാണ്‌ വിള നഷ്‌ടത്തിന്‌ കൃഷിവകുപ്പ്‌ നല്‍കുന്ന ഇന്‍ഷുറന്‍സ്‌ തുക. കേരളത്തില്‍ ഏറ്റവുമധികം കൃഷി ചെയ്യുന്ന വിളകളില്‍ ഒന്നാണ്‌ വാഴ. ഏറ്റവും കൂടുതല്‍ നഷ്‌ടം നേരിടുന്ന വിളയുമാണിത്‌. പ്രളയക്കെടുതിയില്‍ വാഴക്കൃഷിക്കാണ്‌ ഏറ്റവും നഷ്‌ടം സംഭവിച്ചത്‌. കുലച്ച വാഴ ഒന്നിന്‌ സര്‍ക്കാര്‍ നഷ്‌ടം പ്രഖ്യാപിച്ചിരിക്കുന്നതു 100 രൂപയാണ്‌. എന്നാല്‍, ഇന്‍ഷുറന്‍സ്‌ ഉള്ളവയ്‌ക്കാണെങ്കില്‍ 300 രൂപ ലഭിക്കും. കുലയ്‌ക്കാത്ത വാഴയ്‌ക്കു സര്‍ക്കാര്‍ 75 രൂപ നഷ്‌ടം നല്‍കുമ്പോള്‍ ഇന്‍ഷുറന്‍സുള്ള കര്‍ഷകന്‌ അത്‌ 150 രൂപ കിട്ടും. ഒരു വാഴ ഇന്‍ഷുര്‍ ചെയ്യാന്‍ പ്രീമിയമായി അടയ്‌ക്കേണ്ടതു മൂന്നുരൂപ മാത്രം.
നൂറ്‌ വാഴ കൃഷി ചെയ്യുന്ന കര്‍ഷകന്‌ ഒരു വാഴ നഷ്‌ടമായാല്‍ 300 രൂപ ലഭിക്കും. ആകെ പ്രീമിയത്തിനു മുടക്കേണ്ടത്‌ 300 രൂപ മാത്രം. ഏതു കൃഷിയിടത്തിലായാലും കാറ്റിലും മഴയിലും ചുരുങ്ങിയത്‌ പത്തിരുപത്‌ വാഴകളെങ്കിലും നഷ്‌ടമാകുമെന്ന്‌ ഓര്‍ക്കണം. പത്തു വാഴ നഷ്‌ടമായാല്‍ 3000 രൂപ ഇന്‍ഷുറന്‍സിലൂടെ ലഭിക്കുമെന്നത്‌ ചെറിയ കാര്യമല്ല.
ടാപ്പ്‌ ചെയ്യുന്ന റബര്‍ മറിഞ്ഞുവീണാല്‍ 1000 രൂപയാണ്‌ ഇന്‍ഷുറന്‍സ്‌ നഷ്‌ടപരിഹാരം. പ്രളയക്കെടുതിക്കിരയായാല്‍ സര്‍ക്കാര്‍ നല്‍കുന്നത്‌ 400 രൂപ. തെങ്ങ്‌ ഒന്നിന്‌ ഇന്‍ഷുറന്‍സ്‌ ഉള്ളതിന്‌ 1000 രൂപ ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌ 750 രൂപ. കായ്‌ഫലമുള്ള ജാതിക്ക്‌ ഇന്‍ഷുറന്‍സ്‌ ധനസഹായം 3000 രൂപ. സര്‍ക്കാര്‍ പ്രഖ്യപിച്ചിരിക്കുന്നത്‌ 400 രൂപ. പൈനാപ്പിള്‍ കൃഷിക്ക്‌ ഹെക്‌ടറിന്‌ 50,000 രൂപയും മരച്ചീനിക്ക്‌ 10,000 രൂപയും പച്ചക്കറിക്ക്‌ 40,000(പന്തലുളളതിന്‌), 25,000 (പന്തല്‍ ഇല്ലാത്തതിന്‌) എന്നിങ്ങനെയാണ്‌ വിള ഇന്‍ഷുറന്‍സില്‍ ലഭിക്കുന്ന നഷ്‌ടപരിഹാരം.
പച്ചക്കറി കൃഷിക്ക്‌ 13,500 രൂപയും മരച്ചീനിക്ക്‌ 6,800 രൂപയുമാണ്‌ സര്‍ക്കാരിന്റെ പ്രളയദുരിതക്കണക്കില്‍ ഒരു ഹെക്‌ടറില്‍ നഷ്‌ടപരിഹാരം. വിള ഇന്‍ഷുറന്‍സിന്‌ തുച്‌ഛമായ പ്രീമിയമാണ്‌ ഈടാക്കുന്നത്‌. ഒരു തെങ്ങിനു രണ്ടു രൂപയും റബറിന്‌ ഒന്നര രൂപയും, ജാതിക്ക്‌ 7.50 രൂപയും(മൂന്നുവര്‍ഷം) വാഴയ്‌ക്ക്‌ മൂന്നു രൂപയുമാണ്‌ പ്രീമിയം.
വിള ഇന്‍ഷുറന്‍സ്‌ ലഭിക്കാന്‍ കൃഷി ഭൂമിയുടെ കരംതീര്‍ത്ത രസീതും കൃഷി ചെയ്‌ത വിളയുടെ വിവരങ്ങളുമായി കൃഷി ഓഫീസില്‍ സമീപിക്കുക മാത്രമാണ്‌ കര്‍ഷകന്‍ ചെയേ്േണ്ടതുള്ളൂ. പ്രീമിയം കൃഷി ഓഫീസില്‍ തന്നെ അടയ്‌ക്കാം. വിള നഷ്‌ടം സംഭവിച്ചാല്‍ മാസങ്ങള്‍ക്കകം ഇന്‍ഷുറന്‍സ്‌ തുക കര്‍ഷകന്റെ ബാങ്ക്‌ അക്കൗണ്ടില്‍ വന്നു ചേരും.
പ്രകൃതിക്ഷോഭം പോലെ തന്നെ വിളകള്‍ക്കുണ്ടാകുന്ന രോഗബാധയും കര്‍ഷകന്‌ കനത്ത തിരിച്ചടിയാണ്‌. എന്നാല്‍, രോഗബാധമൂലമുണ്ടാകുന്ന കൃഷിനാശത്തിന്‌ വിള ഇന്‍ഷുറന്‍സ്‌ ലഭിക്കില്ല എന്ന പോരായ്‌മയുണ്ട്‌. ഇതുകൂടി ഇന്‍ഷുറന്‍സ്‌ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നുവരികയാണ്‌. ഭാവിയില്‍ കൃഷിവകുപ്പ്‌ ഇതുകൂടി പരിഗണിക്കാനും സാധ്യതയേറെയുണ്ട്‌.

ബൈജു ഭാസി

Ads by Google
Tuesday 04 Sep 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW