Saturday, November 17, 2018 Last Updated 42 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.04 AM

പുതിയ ക്വാറികള്‍ക്ക്‌ കേന്ദ്രാനുമതിയില്ല

uploads/news/2018/09/245613/1.jpg

ന്യൂഡല്‍ഹി:കേരളത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കുന്നത്‌ കേന്ദ്ര വനം- പരിസ്‌ഥിതി മന്ത്രാലയം നിര്‍ത്തിവച്ചു. പ്രളയക്കെടുതിയുടെ പശ്‌ചാത്തലത്തിലാണു നടപടി. പരിസ്‌ഥിതിതിലോല വില്ലേജുകളുടെ എണ്ണം 123-ല്‍നിന്നു 94 ആയി കുറയ്‌ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച്‌ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള കരട്‌ വീണ്ടും വിജ്‌ഞാപനം ചെയ്യാനും വനം-പരിസ്‌ഥിതി മന്ത്രാലയം തീരുമാനിച്ചു. നേരത്തേ നിര്‍ദേശിച്ചതില്‍നിന്ന്‌ 4,452 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കും.
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ 2014 മാര്‍ച്ച്‌ മൂന്നിനു പുറപ്പെടുവിച്ച ആദ്യ കരടിന്റെയും പിന്നീടുണ്ടായ പുനര്‍ വിജ്‌ഞാപനങ്ങളുടെയും കാലാവധി കഴിഞ്ഞ 26-ന്‌ അവസാനിച്ചിരുന്നു. അന്തിമ വിജ്‌ഞാപനമുണ്ടാകാത്ത സാഹചര്യത്തില്‍, ആദ്യ കരട്‌ വിജ്‌ഞാപനത്തോടെ നിലവില്‍വന്ന നിബന്ധനകളും വ്യവസ്‌ഥകളും നിലനില്‍ക്കുന്നുണ്ട്‌.
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിലുള്ള പരിസ്‌ഥിതിലോല മേഖല മാറ്റരുതെന്നാണു കഴിഞ്ഞ ഒന്നിനു ജസ്‌റ്റിസ്‌ എ.കെ. ഗോയല്‍ അധ്യക്ഷനായ ദേശീയ ഹരിത ട്രിബ്യൂണല്‍ നല്‍കിയ നിര്‍ദേശമെന്നതിനാല്‍ കേരളമടക്കമുള്ള സംസ്‌ഥാനങ്ങളുടെ ഭേദഗതികള്‍ ട്രിബ്യൂണലിനെ ബോധ്യപ്പെടുത്താന്‍ നിയമോപദേശം തേടും. ട്രിബ്യൂണല്‍ മുന്‍ ഉത്തരവില്‍ ഉറച്ചുനിന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‌ സുപ്രീം കോടതിയെ സമീപിക്കാം. ആറു മാസത്തിനകം അന്തിമ വിജ്‌ഞാപനം പുറപ്പെടുവിക്കണമെന്നും ട്രിബ്യൂണല്‍ ഉത്തരവിട്ടതോടെയാണു കരട്‌ വീണ്ടും വിജ്‌ഞാപനം ചെയ്യാന്‍ തീരുമാനമായത്‌.
പശ്‌ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെതിരേ വിവിധ സംസ്‌ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ്‌ അതു നടപ്പാക്കുന്നതിനെപ്പറ്റി പഠിക്കാന്‍ കസ്‌തൂരി രംഗന്‍ കമ്മിറ്റിയെ നിയോഗിച്ചത്‌. കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലും കേരളം അടക്കമുള്ള സംസ്‌ഥാനങ്ങളില്‍നിന്നു പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന്‌ കേരളം നല്‍കിയ റിപ്പോര്‍ട്ടില്‍, പരിസ്‌ഥിതിലോല മേഖലകളായി ചൂണ്ടിക്കാണിച്ച 123 വില്ലേജുകള്‍ 94 ആയി കുറയ്‌ക്കാനും ആകെ അടയാളപ്പെടുത്തിയ 13,108 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയില്‍നിന്നു 4,452 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കാനും കേരളം ആവശ്യപ്പെട്ടിരുന്നു.
റിപ്പോര്‍ട്ട്‌ പൂര്‍ണമായും നടപ്പാക്കണമെന്നാണ്‌ ആര്‍.എസ്‌.എസിന്റെ താല്‍പ്പര്യമെങ്കിലും പൊതു തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ അനുനയ ശ്രമങ്ങള്‍ക്കാണ്‌ കേന്ദ്ര നീക്കം. കേരളം നിര്‍ദേശിച്ച ഇളവുകളോടെ അന്തിമ വിജ്‌ഞാപനമിറക്കാനാണ്‌ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രി ഹര്‍ഷവര്‍ധന്റെയും താല്‍പ്പര്യം. എന്നാല്‍ ട്രിബ്യൂണല്‍ ഉത്തരവ്‌ ഇതിനു വിരുദ്ധമായതു കേന്ദ്രത്തെ കുഴക്കുന്നു.
പരിസ്‌ഥിതി ദുര്‍ബല മേഖലകളിലടക്കം നടന്ന ഖനനങ്ങള്‍ ഉള്‍പ്പടെയുള്ള ഇടപെടലുകള്‍ പ്രകൃതിദുരന്തങ്ങള്‍ക്കു കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണു പുതിയ ക്വാറികള്‍ക്കും ഖനനത്തിനും പാരിസ്‌ഥിതികാനുമതി തേടിയുള്ള അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം. 25 ഹെക്‌ടറില്‍ താഴെയുള്ള ആറു ക്വാറികള്‍ക്ക്‌ പരിസ്‌ഥിതി അനുമതി തേടി മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ പ്രളയത്തിനു ഖനനവും കാരണമായെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയ അവലോകന സമിതി, അപേക്ഷകള്‍ മാറ്റിവയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സംസ്‌ഥാന പരിസ്‌ഥിതി പ്രത്യാഘാത അതോറിറ്റി പുനഃസംഘടിപ്പിക്കാത്തതിനാല്‍ കേരളത്തില്‍നിന്ന്‌ നിരവധി അപേക്ഷകളാണ്‌ ലഭിക്കുന്നതെന്നും സംസ്‌ഥാനത്തെ ഖനനത്തിന്റെ വ്യാപ്‌തി അറിയില്ലെന്നും സമിതി വിലയിരുത്തി. കേരളത്തില്‍ നടക്കുന്ന ഖനനത്തിന്റെ സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കാന്‍ സംസ്‌ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചു. ഈ വിവരങ്ങള്‍ വിലയിരുത്തിയ ശേഷമേ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും പരിസ്‌ഥിതി അനുമതിക്കായുള്ള അപേക്ഷകള്‍ പരിഗണിക്കൂ.

Ads by Google
Tuesday 04 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW