ദമോഹ് (മധ്യപ്രദേശ്): കോണ്‍ഗ്രസ് എം.പി. ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരേ സമൂഹമാധ്യമത്തിലൂടെ ബി.ജെ.പി. എം.എല്‍.എയുടെ മകന്റെ വധഭീഷണി. ഹട്ട എം.എല്‍.എ: ഉമാ ദേവി ഖാട്ടിക്കിന്റെ മകന് പ്രിന്സ്ദീപ് ലാല്ചന്ദാണു സിന്ധ്യയെ വെടിവച്ചു കൊല്ലുമെന്നു ഫെയ്സ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്.
ഖാട്ടിക്കിന്റെ മണ്ഡലമായ ഹട്ടയില്‍ നാളെ നടക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ സിന്ധ്യ സംബന്ധിക്കാനിരിക്കെയാണ് ഭീഷണി. ജ്യോതിരാദിത്യ സിന്ധ്യാ; നിങ്ങളുടെ ഞരമ്പുകളില്‍ ഒഴുകുന്നത് ഝാന്‍സി റാണിയെ വധിച്ച ശിവാജിറാവുവിന്റെ രക്തമാണ്. ഹട്ടയില്‍ കാലുകുത്തിയാല്‍ നിങ്ങളെ ഞാന്‍ വെടിയുതിര്‍ത്തു കൊല്ലും. നമ്മളില്‍ ഒരാള്‍ മാത്രമായിരിക്കും ഇനി ജീവിക്കുക -എന്നായിരുന്നു പ്രിന്സ്ദീപ് ലാല്‍ചന്ദിന്റെ കുറിപ്പ്.
എന്നാല്‍ മകന്റെ നിലപാടിനോടു വിയോജിച്ച് ഉമാദേവി ഖാട്ടിക് രംഗത്തെത്തി. കുറിപ്പ് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും സിന്ധ്യയ്ക്കെതിരായ പോസ്റ്റ് പിന്‍വലിക്കാന്‍ മകനോട് ആവശ്യപ്പെടുമെന്നുമായിരുന്നു ഖാട്ടിക്കിന്റെ പ്രതികരണം.