Friday, September 14, 2018 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 07.58 PM

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം; അപ്രതീക്ഷിത തിരിച്ചടിയെന്ന് ബി.ജെ.പി

Congress,  BJP

ബംഗളുരു: കര്‍ണാടകയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. ഭൂരിപക്ഷം വാര്‍ഡുകളിലേയും ഫലം പ്രഖ്യാപിച്ചു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ച 2628 വാര്‍ഡുകളില്‍ 966 വാര്‍ഡുകള്‍ കോണ്‍ഗ്രസ് നേടി. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ജെ.ഡി.എസ് 373 വാര്‍ഡുകളും ബി.ജെ.പി 910 വാര്‍ഡുകളും നേടി.

സംസ്ഥാനത്തെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്കുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. നഗരമേഖലകളിലെ വോട്ടര്‍മാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്ന രീതി മാറ്റിത്തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചു കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇത്തവണ നഗരമേഖലകളിലെ വോട്ടര്‍മാരും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ പൂര്‍ണമായി പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയും തിരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം തുടരുമെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബി.ജെ.പി പരാജയം സമ്മതിച്ചതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യുരപ്പ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പി പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സൂചനയായി കാണാനാകില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

മൂന്ന് സിറ്റി കോര്‍പ്പറേഷനുകളിലേക്കും 29 സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും 52 ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും 20 ടൗണ്‍ പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനം ഒരുമിച്ച് ഭരിക്കുന്നുവെങ്കിലും കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യമില്ലാതെയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമായ തദ്ദേശ സ്ഥാപനങ്ങളില്‍ സഖ്യം രൂപീകരിക്കുമെന്ന് ഇരു പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW