ബര്‍ലിന്‍: ചെംനിറ്റ്സില് നടന്ന സംഘര്‍ഷാത്മകമായ കുടിയേറ്റ വിരുദ്ധ പ്രകടനത്തിനിടെ നാസി സല്യൂട്ടുകള്‍ ഉയര്‍ന്നതു സംബന്ധിച്ച് ജര്‍മനി അനേ്വഷണം പ്രഖ്യാപിച്ചു. ആധുനിക ജര്‍മനിയില്‍ നിരോധിക്കപ്പെട്ട നാസി ചിഹ്നങ്ങളിലൊന്നാണ് നാസി സല്യൂട്ട്.
കഴിഞ്ഞ ഞായറാഴ്ച വെളുപ്പിനാണ് 35 കാരനായ ജര്‍മന്‍കാരനെ രണ്ട് അഭയാര്‍ഥികള്‍ ചേര്‍ന്നു കുത്തികൊലപ്പെടുത്തിയതാണു സംഭവം ആളിക്കത്തിച്ചത്.സംഭവത്തിന്റെ പേരില്‍ ഒരു സിറിയക്കാരനെയും അഫ്ഗാനിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ വ്യാജ രേഖയിലാണ് ജര്‍മനിയില്‍ കഴിഞ്ഞതെന്നു പോലീസ് വെളിപ്പെടുത്തി. ഇതിനിടെ കുടുംബ ക്ഷേമ മന്ത്രി ഫ്രാന്‍സിസ്ക്കാ ഗിഫി സംഭവ സ്ഥലം സന്ദര്‍ശിച്ചെങ്കിലും സമാധാനം ഇപ്പോഴും വളരെയകലെയാണ്.
അഭയാര്‍ത്ഥികള്‍ക്കെതിരെ തീവ്ര വലതുപക്ഷക്കാര്‍ സംഘടിപ്പിച്ച പ്രകടനത്തില്‍ ആറായിരം പേരും ഇതിനെതിരേ ഫാസിസ്റ്റ് വിരുദ്ധര്‍ സംഘടിപ്പിച്ച പ്രകടനത്തില്‍ ആയിരത്തോളം പേരും പങ്കെടുത്തിരുന്നു. ഇരു പക്ഷവും തമ്മിലും പോലീസുമായും ഏറ്റുമുട്ടലുമുണ്ടായിരുന്നു.
വിദേശികള്‍ ഉള്‍പ്പെട്ട അക്രമത്തില്‍ ഒരാള്‍ നഗരത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് തീവ്ര വലതുപക്ഷക്കാര്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്ഥികള്ക്കുമെതിരേ പ്രകടനം സംഘടിപ്പിച്ചത്.
ജോസ് കുമ്പിളുവേലില്‍