Wednesday, June 26, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.02 PM

ഒറ്റ പ്രസവത്തില്‍ 24 കുഞ്ഞുങ്ങള്‍, വെറും രണ്ടു മില്ലി മൂത്രത്തില്‍ മാത്രം രണ്ടു കോടിയോളം ബാക്ടീരിയകള്‍ ; പ്രളയ ശേഷം എലികളെ തല്ലിക്കൊല്ലരുത്

uploads/news/2018/09/245549/leptospirosis.jpg

പ്രളയത്തെത്തുടര്‍ന്ന് എലിപ്പനി കേരളമെങ്ങും പടരുകയാണ്. പ്രളയമൊഴിഞ്ഞ കേരളത്തില്‍ എലിപ്പനി ബാധിച്ച് ഇന്നലെ എട്ടു മരണം കൂടി. ശ്വാസകോശത്തെ ബാധിക്കുന്നതരം എലിപ്പനിയാണു പടരുന്നതെന്നതിനാല്‍ മരണനിരക്ക് കൂടിയേക്കുമെന്ന് ആരോഗ്യവകുപ്പ്. കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്ത് ചികിത്സ പ്രോട്ടോക്കോളും പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി ചികിത്സയിലിരുന്ന 18 പേരാണ് ശനിയാഴ്ചയും ഇന്നലെയുമായി മരിച്ചത്.

എലിപ്പനിക്ക് കാരണമാകുന്ന സ്പ്രിംഗിന്റെ രൂപത്തിലുള്ള ലെപ്‌റ്റോ സ്‌പൈറ ബാക്ടീരിയയ്ക്ക് ശരീരത്തില്‍ തുളച്ചു കയറാന്‍ ശേഷിയുണ്ട്. വെള്ളക്കെട്ടുകളില്‍ ഏറെ നേരം കഴിയുന്നതിനെ തുടര്‍ന്ന് തൊലിയും ശരീരഭാഗങ്ങളും മൃദുവാകുന്നത് രോഗാണുക്കള്‍ക്ക് എളുപ്പം കടക്കാന്‍ സഹായകരമാകുകയും ചെയ്യും. വെറും രണ്ടു മില്ലി മൂത്രം തന്നെ എലിപ്പനി പടരാന്‍ ധാരാളം. എലിപ്പനിക്ക് കാരണക്കാരനായ ബാക്ടീരിയകള്‍ വെറും രണ്ടു മില്ലി മൂത്രത്തില്‍ മാത്രം രണ്ടു കോടിയോളം വരും. രക്തത്തിലെത്തി കഴിഞ്ഞാല്‍ മുഴുവന്‍ അവയവങ്ങളെയും ഒന്നിച്ചു ബാധിക്കുന്നു എന്നതാണ് പ്രത്യേകത. പ്രളയ ശേഷം എലികള്‍ പെരുകുമ്പോള്‍ ബാക്ടീരിയകള്‍ കോടിക്കണക്കിനാകും.

രോഗലക്ഷണങ്ങള്‍ രണ്ടു ഘട്ടങ്ങളില്‍

രോഗാണു മനുഷ്യശരീരത്തിലെത്തി ആറുമുതല്‍ എട്ടു ദിവസത്തിനുള്ളില്‍ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ആദ്യത്തെ ഒരാഴ്ചക്കാലമാണത്. പിന്‍ഭാഗത്തു നിന്നെന്നപോലെ തലവേദന, കഠിനമായ പേശിവേദന, കണങ്കാല്‍ വേദന, പനി, കണ്ണുകളില്‍ പുകച്ചില്‍ തുടങ്ങിയവയാണ് ഈ സമയത്തെ പ്രധാന ലക്ഷണങ്ങള്‍. പനിയുണ്ടാകുമ്പോള്‍ െവെറല്‍ പനിയുടേതോ, മലേറിയയുടേതോ പോലുള്ള ലക്ഷണ ങ്ങളാണ് ഉണ്ടാകുന്നത് എന്നതിനാല്‍ എലിപ്പനിയെന്ന് ഈ ലക്ഷണങ്ങളിലൂടെ നിര്‍ണയിക്കുക സാധ്യമല്ല.

വിറയലുണ്ടാക്കുന്ന പനി, ഛര്‍ദ്ദി, മനംപുരട്ടല്‍, നെഞ്ചുവേദന, മൂത്രത്തില്‍ നേരിയ ചുവപ്പുനിറം, കണ്ണിനു ചുവപ്പുനിറം എന്നീ ലക്ഷണങ്ങള്‍ അഞ്ചാറുദിവസങ്ങളാകുമ്പോഴേക്കും പ്രത്യക്ഷപ്പെടും. എട്ട്, ഒമ്പത് ദിവസമാകുമ്പോഴേക്കും രോഗത്തിനു ശമനമുള്ളതായി തോന്നിക്കുക സാധാരണമാണ്. ഇതിനുശേഷം പെട്ടെന്നു രോഗം മൂര്‍ച്ഛിക്കുകയാണു ചെയ്യുക. ഒമ്പത്, പത്ത് ദിവസത്തോടെ രണ്ടാംഘട്ട രോഗലക്ഷണങ്ങള്‍ അതികഠിനമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, പേശികള്‍ വലിഞ്ഞുമുറുകി പൊട്ടിപ്പോകുന്നതുപോലുള്ള വേദന, കണ്ണിനു കടുത്ത ചുവപ്പുനിറം, ചെറിയ ചൊറിച്ചലോടുകൂടിയ തടിപ്പുകള്‍ ത്വക്കില്‍ പ്രത്യക്ഷപ്പെടുക, മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍, മൂത്രത്തില്‍ ചുവപ്പുനിറം എന്നിവയാണ്.

മസ്തിഷ്‌ക ചര്‍മ വീക്കം, ഹൃദയകോശ വീക്കം, പിത്തസഞ്ചി വീക്കം, തലച്ചോര്‍ വീക്കം, ആന്തരാവയവങ്ങളില്‍ രക്തസ്രാവം എന്നിവയൊക്കെ അനുബന്ധമായി ഈ ഘട്ടത്തിലുണ്ടാകാം. ഈ അവസ്ഥയില്‍ മരണംവരെ സംഭവിക്കാം.

ഒറ്റ പ്രസവത്തില്‍ 24 കുഞ്ഞുങ്ങളെ പെറ്റു കൂട്ടുന്ന എലികള്‍

പ്രളയശേഷം നാട്ടിലെങ്ങും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതാണ് എലികള്‍ക്ക് വളരാനുള്ള അനുകൂല സാഹചര്യം ഒരുക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ എലി പെറ്റുപെരുകുമെന്നാണ് വിദഗ്ദ്ധര്‍ കണക്കു കൂട്ടുന്നത്. പാമ്പുകള്‍ പ്രളയത്തില്‍ പെട്ടതോടെയും എലി പെരുകും.സൂര്യപ്രകാശം കടക്കാത്ത ഇടങ്ങളിലും മാളങ്ങളിലുമാണ് എലികളുടെ വാസം. ഇവിടെയെല്ലാം വെള്ളം കയറിയതിനാല്‍ കോടിക്കണക്കിന് ബാക്ടീരിയകളാണ് പ്രളയജലത്തില്‍ കലര്‍ന്നത്. ചൂടേല്‍ക്കും വരെ ബാക്ടീരിയകള്‍ വെള്ളത്തില്‍ സജീവമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഒറ്റപ്രസവത്തില്‍ ചെറിയ ഇനത്തിന് 24 കുഞ്ഞുങ്ങളും പെരുച്ചാഴിക്ക് പത്തു കുഞ്ഞുങ്ങളും ഉണ്ടാകുമെന്നാണ് കണക്ക്. സാധാരണ ഓഗസ്റ്റില്‍ പ്രസവം നടക്കാറുള്ള എലികള്‍ ഗര്‍ഭംധരിച്ച് 20 ദിവസത്തിനുള്ളില്‍ പ്രസവിക്കുന്നു.

എലികളെ തല്ലിക്കൊല്ലരുത്

ചെറിയ എലികള്‍ നാലു വര്‍ഷവും വലിയ എലികള്‍ ഏഴു വര്‍ഷവും ജീവിക്കും. ഒരു കാരണവശാലും എലികളെ തല്ലിക്കൊല്ലാന്‍ ശ്രമിക്കരുത്. എലിയുടെ മൂത്രവും രക്തവും ശരീരശ്രവങ്ങളും വെള്ളത്തില്‍ കലരാനിടയാകും. ചത്ത എലികളെ കൈകൊണ്ട് സ്പര്‍ശിക്കരുത്. കയ്യുറകളും മറ്റും ഉപയോഗിക്കണം. കൊല്ലുന്ന എലികളെ വെള്ളത്തിലേക്കു വലിച്ചെറിയരുത്. വെള്ളക്കെട്ടില്ലാത്ത മണ്ണില്‍ കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യണം.

വെള്ളം കയറിക്കിടക്കുന്ന വീടുകളിലും വെള്ളക്കെട്ടുകളിലുമുള്ള എലികളെ പിടികൂടാന്‍ നൈലോണ്‍, പ്ലാസ്റ്റിക് വലകള്‍ എന്നിവ വീശാം. എലിമൂത്രം കലര്‍ന്നു എന്നു സംശയിക്കുന്ന ആഹാരവസ്തുക്കള്‍ ഉപയോഗിക്കരുത്. അരിച്ചാക്കുകളിലും മറ്റും എലികള്‍ കയറിയിറങ്ങുന്നുവെങ്കില്‍ അതു നന്നായി കഴുകി ഉണക്കിയശേഷം മാത്രമേ ഉപയോഗിക്കാവൂ.

പ്രതിരോധം

ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ ഡോക്‌സി സൈക്ലിന്‍ ഗുളിക പ്രതിരോധത്തിനായി കഴിക്കണം. വേപ്പെണ്ണ ജലവുമായി സ്പര്‍ശിക്കാനിടയുള്ള ശരീരഭാഗങ്ങളില്‍ പുരട്ടുന്നത് രോഗാണുബാധ തടയും. ലെപ്‌റ്റോസ്‌പൈറ നിയന്ത്രിക്കുന്നതില്‍ ഡോക്‌സി സൈക്ലിന്‍ ആണ് വ്യാപകമായി ഉപയോഗിക്കുന്നത്. രോഗലക്ഷണത്തിന്റെ ഒന്നാംഘട്ടത്തില്‍ ചികിത്സ ലഭിച്ചാല്‍ രോഗം പെട്ടെന്നു ഭേദമാകും. എന്നാല്‍ രണ്ടാംഘട്ടത്തില്‍ രോഗശമനം എളുപ്പമല്ല. വിവിധ അവയവങ്ങള്‍ക്ക് രോഗാണുബാധയുണ്ടാകുമ്പോള്‍ രോഗാവസ്ഥ സങ്കീര്‍ണമാകും. മരണമുണ്ടാകുന്നത് ഈ അവസ്ഥയിലാണ്. ഒന്നാംഘട്ടത്തില്‍ വൈറല്‍ പനിയെന്നു കരുതി സ്വയംചികിത്സയുമായി കഴിഞ്ഞ് മൂര്‍ധന്യാവസ്ഥയിലാണ് രോഗി ആശുപത്രിയില്‍ ചികിത്സ തേടുന്നത്. പ്രാഥമികലക്ഷണങ്ങളെ അടിസ്ഥാനമാക്കി എലിപ്പനിയെന്നു സംശയിക്കുന്നെങ്കില്‍ ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്.

Ads by Google
Ads by Google
Loading...
TRENDING NOW