Wednesday, June 26, 2019 Last Updated 12 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.47 AM

പ്രളയദുരന്തം ഗുണ്ടാരാജിന്‌ വളംവയ്‌ക്കരുത്‌

uploads/news/2018/09/245508/editorial.jpg

ദുരിതത്തില്‍ കൈത്താങ്ങാവുക എല്ലാവര്‍ക്കും ചെയ്യാനാവുന്ന കാര്യമല്ല. മറ്റൊരാളുടെ സങ്കടങ്ങളെ തന്റേതു കൂടിയായിക്കണ്ട്‌ സഹായിക്കുക എന്നത്‌ നല്ല മനസുകള്‍ക്കുമാത്രം കഴിയുന്നതാണ്‌. കഴിഞ്ഞുപോയ പ്രളയകാലത്ത്‌ അത്തരത്തില്‍ നിരവധി നല്ല മനസുകളെ കേരളം കണ്ടു. ആ കൈത്താങ്ങില്‍ ജീവിതത്തിലേക്കു പിടിച്ചുകയറിയവര്‍ നിരവധിയായിരുന്നു. മരണംവരെ മനസില്‍ സൂക്ഷിക്കാന്‍ അവ്യക്‌തമായൊരു മുഖംമാത്രമായിരുന്നു രക്ഷപ്പെട്ടവര്‍ക്ക്‌ ആ രക്ഷകരില്‍ പലരും. പേരോ വിലാസമോ ഒന്നും അവിടെ പ്രസക്‌തമായിരുന്നില്ല.

അതിനുമപ്പുറം കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നല്ല മനസുകളുടെ തെളിവായി ദുരിതാശ്വാസം കേരളത്തിലേക്ക്‌ ഒഴുകിക്കൊണ്ടിരിക്കുന്നു. പണമായും വസ്‌തുക്കളായും മരുന്നായും എല്ലാം. ഒരിക്കലും കാണാത്തവര്‍, ജീവിതത്തിലൊരിക്കലും കാണാന്‍ സാധ്യതയില്ലാത്തവര്‍ക്കായി സ്‌നേഹത്തിന്റെ കരങ്ങള്‍ തുറക്കുന്ന യഥാര്‍ഥ സഹജീവിസ്‌നേഹത്തിനു വേദിയായി പ്രളയാനന്തര കേരളം മാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പ്രവഹിക്കുന്ന പണത്തിലെ ഓരോ നാണയവും പ്രളയദുരന്തത്തില്‍പ്പെട്ട ഓരോ മുഖവും കണ്ട്‌ മനമലിഞ്ഞു നല്‍കുന്ന തുകയാണ്‌. അത്‌ ധാരാളിത്തത്തില്‍നിന്നോ മിച്ചം വന്ന തുകയില്‍നിന്നോ ഇട്ടുതരുന്നതല്ല. മറിച്ച്‌, ചെലവു ചുരുക്കി ഹൃദയംതുറന്നു നല്‍കുന്ന സ്‌നേഹമാണ്‌. അത്‌ കരുതലോടുകൂടി വിനിയോഗിക്കണമെന്ന്‌ അധികാരികളെ പ്രത്യേകം ഓര്‍മിപ്പിക്കേണ്ടതില്ല.
ദുരന്തത്തില്‍ രക്ഷയുടെ കരം നീട്ടിയവര്‍ക്കപ്പുറം ചില കറുത്ത മനസുകളെയും കേരളം കണ്ടു. പ്രളയത്തെത്തുടര്‍ന്ന്‌ ഒറ്റപ്പെട്ടവയാണെങ്കില്‍ പോലും ചിലയിടങ്ങളില്‍ നടന്ന അക്രമങ്ങള്‍ നീതീകരിക്കത്തക്കതല്ല. അരാജകാവസ്‌ഥ സൃഷ്‌ടിച്ചു നടന്നതും നടക്കുന്നതുമായ അക്രമങ്ങള്‍ക്കെതിരേ ശക്‌തമായ നടപടി ആവശ്യമാണ്‌. പ്രളയദുരന്തത്തിന്റെ കണക്കില്‍പ്പെട്ടുപോകുമെന്നു കരുതി കൊലപാതകങ്ങള്‍ പോലും അക്രമികള്‍ നടത്തി. അവയില്‍ രണ്ടെണ്ണം പുറംലോകമറിയുകയും പ്രതികള്‍ പിടിയിലാകുകയും ചെയ്‌തു. അതോടൊപ്പം സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം പലയിടങ്ങളിലും ഉണ്ടായി. പലയിടത്തും കടകള്‍ കൊള്ളയടിക്കുകയും വീടുകള്‍ കുത്തിത്തുറന്ന്‌ വസ്‌തുവകകള്‍ മോഷ്‌ടിക്കുകയും ചെയ്‌തു. അത്തരം അക്രമങ്ങള്‍ക്കെതിരേ പ്രത്യേകസംഘത്തെ നിയോഗിച്ചുതന്നെ പ്രതികളെ പിടികൂടേണ്ടത്‌ ഭരണസംവിധാനത്തിന്റെ വിജയത്തിന്‌ അനിവാര്യമാണ്‌. ദുരന്തസ്‌ഥലത്തെ കൊള്ളയും കവര്‍ച്ചയും അരാജകത്വം സൃഷ്‌ടിക്കലും ദയനീയത മുതലെടുക്കലുമാണ്‌. മനുഷ്യത്വരഹിതമായ അത്തരം അക്രമങ്ങള്‍ മുളയിലേ നുള്ളിക്കളയണം. ഗത്യന്തരമില്ലാതെ ഉപേക്ഷിച്ചുപോയ വീടുകള്‍ കുത്തിത്തുറന്നു നടത്തിയ കവര്‍ച്ച കൊലപാതകതുല്യമാണ്‌.

പ്രളയസഹായമെന്ന പേരില്‍ നടക്കുന്ന വ്യാജ പിരിവുകള്‍ക്കും തടയിടേണ്ടതുണ്ട്‌. ക്രിമിനല്‍ കേസ്‌ പ്രതികളടക്കമുള്ളവര്‍ നടത്തിയ ബക്കറ്റ്‌ പിരിവ്‌ പോലീസ്‌ കണ്ടെത്തിയത്‌ യാദൃശ്‌ചികംമാത്രം. പ്രളയത്തിന്റെ പേരില്‍ നടക്കുന്ന സകല പിരിവുകള്‍ക്കും നിയന്ത്രണമുണ്ടാക്കുകയും ഒരു പൈസ പോലും നഷ്‌ടപ്പെടുന്നില്ലെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്‌. പ്രളയദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ നടക്കുന്ന നിര്‍ബന്ധ പിരിവുകളെ നിരുത്സാഹപ്പെടുത്തുകയും വേണം. നിര്‍ബന്ധ പിരിവുകള്‍ക്ക്‌ അധികാരികള്‍ ഒരു കാരണവശാലും വളംവയ്‌ക്കരുത്‌. ചിലര്‍ ഇത്ര തുക തന്നു, അതുപോലെ മറ്റുള്ളവര്‍ക്കും നല്‍കാം തുടങ്ങിയ പ്രസ്‌താവനകള്‍ അധികാരസ്‌ഥാനത്തുനിന്നുണ്ടാകുന്നത്‌ നിര്‍ബന്ധ പിരിവിനു കളമൊരുക്കും. ഇത്തരം കാര്യങ്ങളില്‍ ജനപ്രതിനിധികള്‍ സംയമനം പാലിക്കുകയും ദുരിതാശ്വാസ പിരിവ്‌ ഗുണ്ടാപിരിവായി മാറാതിരിക്കാനുള്ള സംവിധാനമുണ്ടാക്കുകയും വേണം.

Ads by Google
Monday 03 Sep 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW