Saturday, April 20, 2019 Last Updated 32 Min 9 Sec ago English Edition
Todays E paper
Monday 03 Sep 2018 01.45 AM

കുടിയിറക്കപ്പെട്ട മഴവെള്ളം

uploads/news/2018/09/245506/bft2.jpg

കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുക എന്നത്‌ സാമാന്യമര്യാദയും ധാര്‍മ്മിക ബോധവുമുള്ളവരുടെ കടമയാണ്‌. വീടും കൂടും നഷ്‌ടപ്പെട്ട്‌ അലഞ്ഞുതിരിയുന്നവരുടെ പ്രതികരണങ്ങള്‍ പലപ്പോഴും നാം പ്രതീക്ഷിക്കുന്ന മാന്യതയോടെയും മര്യാദയോടെയും ആയെന്നു വരില്ല. വൈകാരികമായ അവരുടെ പ്രതികരണം അക്രമാസക്‌തമാണെന്ന്‌ കാഴ്‌ചക്കാര്‍ വിധിച്ചേക്കാം. കയറിക്കിടക്കാന്‍ ഒരിടമില്ലാത്തതിന്റെ വേദന ഉള്‍ക്കൊള്ളാന്‍ കഴിയാത്തിടത്തോളം നാം അവരെ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കും. ഈ പശ്‌ചാത്തലത്തില്‍ വേണം കേരളത്തില്‍ സമീപകാലത്തു സംഭവിച്ച കാലവര്‍ഷക്കെടുതികളെ വിശകലനം ചെയ്യാന്‍.
സൂര്യപ്രകാശത്തിന്റെ കണിക പോലുമില്ലാതെ ഇടവപ്പാതിയും കര്‍ക്കടകപ്പേമാരിയും തകര്‍ത്തുപെയ്‌ത നാളുകള്‍ മുതിര്‍ന്ന തലമുറയുടെ ഓര്‍മകളില്‍ സജീവമാണ്‌. അല്‍പം ചരിവുള്ള ഭൂമികളിലെല്ലാം ഉറവകള്‍ സൃഷ്‌ടിച്ചുകൊണ്ട്‌ അരുവികളായി തിമിര്‍ത്തൊഴുകുന്ന പുഴയും കായലും അലര്‍ച്ചയോടെ അവയെ സ്വീകരിക്കുന്ന കടലും മുതിര്‍ന്ന തലമുറയ്‌ക്ക്‌ പരിചിതമാണ്‌. 99-ലെ വെള്ളപ്പൊക്കവുമായി (1924) ഇന്നത്തെ കാലവര്‍ഷത്തിന്‌ യാതൊരു സാമ്യവുമില്ല. 1924ല്‍ 3162.2 മില്ലി മീറ്റര്‍ മഴ ലഭിച്ച സ്‌ഥാനത്ത്‌ 2018 ല്‍ 2398 മില്ലി മീറ്റര്‍ മഴ മാത്രമേ ജൂണ്‍-ജൂലൈ-ഓഗസ്‌റ്റ്‌ മാസങ്ങളില്‍ കേരളത്തില്‍ പെയ്‌തുള്ളൂ. ഏകദേശം 800 മില്ലി മീറ്റര്‍ കുറവു മഴ മാത്രമാണ്‌ 2018 ല്‍ പെയ്‌തത്‌. എന്നാല്‍ നാശനഷ്‌ടങ്ങളുടെ കാര്യത്തില്‍ 1924, 2018 വര്‍ഷങ്ങള്‍ ഏകദേശം സമാനമാണ്‌. ഇത്ര ചെറിയ തോതില്‍ പെയ്‌ത മഴയ്‌ക്ക്‌ ഇത്രത്തോളം നഷ്‌ടങ്ങളും ദുരിതങ്ങളും വരുത്താനുള്ള ശേഷി എങ്ങനെയുണ്ടായി? കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമായ കണക്കുകള്‍ പ്രകാരം കേരളത്തില്‍ പെയ്‌ത ഇടവപ്പാതിയുടെ താഴെപ്പറയുന്ന വര്‍ഷങ്ങളിലെ കണക്കു പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്‌തമാകും. 1961ല്‍ 2830 മില്ലി മീറ്ററും 1968ല്‍ 2386 മില്ലി മീറ്ററും 1991 ല്‍ 2467 മില്ലി മീറ്ററും മഴ കേരളത്തില്‍ പെയ്‌തു. 2018ലേതിന്‌ അധികമോ സമാനമോ ആയ മഴ പെയ്‌തിട്ടും മുന്‍പറഞ്ഞ വര്‍ഷങ്ങളിലൊന്നും വെള്ളപ്പൊക്കകെടുതികള്‍ ഇത്രത്തോളം സംഭവിച്ചില്ല. മുപ്പതോ അമ്പതോ വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ ഭൂപ്രകൃതിയില്‍ സംഭവിച്ച ക്രൂരമായ മാറ്റമാണ്‌ ഈ ദുരന്തത്തിനെല്ലാം അടിസ്‌ഥാനം. വികസനത്തിന്റെ പേരില്‍ കാട്ടിക്കൂട്ടിയ കോലാഹലങ്ങളും നെറികേടുകളുമാണ്‌ പ്രകൃതിക്കും പരിസ്‌ഥിതിക്കും സംഭവിച്ച ദ്രുതമാറ്റത്തിനു കാരണം.

വെള്ളത്തിനു നഷ്‌ടമായ വാസഗൃഹങ്ങള്‍

മഴവെള്ളത്തിനു കേറിക്കിടക്കുവാനുണ്ടായിരുന്ന സ്വാഭാവിക വാസഗൃഹങ്ങള്‍ വികസനത്തിന്റെ പേരില്‍ നാം കവര്‍ന്നെടുത്തു. നെല്‍വയലുകളും ചതുപ്പുകളും തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും മഴവെള്ളത്തിനു കുടിപാര്‍ക്കാനുള്ള സ്വാഭാവിക ഇടങ്ങളാണ്‌. 30 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ അവയ്‌ക്കുണ്ടായിരുന്ന വിസ്‌തൃതി നാലിലൊന്നായി കുറഞ്ഞു. വേമ്പനാട്ടുകായല്‍ ഉള്‍പ്പെടെയുള്ള ജലസംഗമസ്‌ഥാനങ്ങളുടെ വിസ്‌തൃതി കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 40 ശതമാനം കുറഞ്ഞതായി 2013 ല്‍ പ്രഭാത്‌ ഭട്‌നായികിന്റെ നേതൃത്വത്തില്‍ നടന്ന "കായല്‍ കൈയേറ്റ പഠന"ങ്ങളില്‍ പറഞ്ഞിരിക്കുന്നു. ജലനിര്‍ഗമന മാര്‍ഗങ്ങള്‍ കൈയേറിയതുകൊണ്ടും അടഞ്ഞുപോയതുകൊണ്ടും ഇടുങ്ങിപ്പോയതുകൊണ്ടും ഒഴുക്കു നിലച്ചുപോകുന്ന അവസ്‌ഥ ഭീതിജനകമാണ്‌. തോട്ടപ്പള്ളി സ്‌പില്‍വേയും തണ്ണീര്‍മുക്കം ബണ്ടുമെല്ലാം ഇക്കാര്യത്തില്‍ പ്രതിസ്‌ഥാനത്താണ്‌. ഓരോ വന്‍മരവും ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളം സംഭരിച്ചു നിര്‍ത്തുന്ന റിസര്‍വോയറുകളാണ്‌. മരങ്ങള്‍ക്കടിയില്‍ രൂപപ്പെട്ട കനമുള്ള ചവറുകൂമ്പാരങ്ങള്‍ കോടാനുകോടി ലിറ്റര്‍ ജലം സംഭരിച്ചുവയ്‌ക്കുന്ന ജലനിധികളാണ്‌. ഇവയിലധികവും നിഷ്‌കരുണം മുറിച്ചു തള്ളപ്പെടുകയാല്‍ അവിടെനിന്നും ജലം കുടിയിറക്കപ്പെട്ടു.
കുടിയൊഴിക്കപ്പെട്ട മഴവെള്ളത്തെ പമ്പ, പെരിയാര്‍, ചാലക്കുടി എന്നീ പുഴകളില്‍ നാം തീര്‍ത്ത 37 ജലസംഭരണികളില്‍ കുടിയിരുത്തി. ഈ കൃത്രിമ വാസസ്‌ഥാനങ്ങളില്‍ നിന്നും പുറത്തു ചാടാനുള്ള വ്യഗ്രതയോടെ മഴവെള്ളം ചിലപ്പോഴൊക്കെ തിടുക്കം കാണിക്കുന്നു. ഇതിന്റെ പരിണിതഫലങ്ങളാണ്‌ വെള്ളപ്പൊക്ക കെടുതികളും ദുരന്തങ്ങളും. ദുരന്തങ്ങളെ നേരിടാനുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ചില അന്വേഷണങ്ങള്‍ അടിയന്തിരമായി നടത്തേണ്ടതാണ്‌. അഞ്ചുമണിക്കൂര്‍ നീണ്ട നിയമസഭാ ചര്‍ച്ചകളിലൊന്നും ഇത്തരം കാര്യങ്ങള്‍ ഊന്നിപ്പറഞ്ഞതായി കാണുന്നില്ല. 1. വെള്ളത്തിന്റെ സ്വാഭാവിക വാസഗൃഹങ്ങള്‍ ഏതായിരുന്നു.? 2. എങ്ങനെ ആ വാസഗൃഹങ്ങള്‍ നഷ്‌ടപ്പെട്ടു? 3. ഈ വാസഗൃഹങ്ങള്‍ എങ്ങനെ വീണ്ടെടുത്തു നല്‍കുവാന്‍ കഴിയും? ഇത്തരം ചിന്തകളിലേക്കും അന്വേഷണങ്ങളിലേക്കു കടക്കുകയും പരിഹാരക്രിയകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നില്ലെങ്കില്‍ നാം ഭോഷന്മാരാകും. അനുഭവത്തില്‍നിന്നും യാതൊരു പാഠവും പഠിക്കാത്ത ശുംഭന്മാര്‍.
മുഖ്യമന്ത്രിയുടെയും സന്നദ്ധസംഘടനകളുടെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കേന്ദ്ര വിദേശസഹായങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും നവകേരള ചിന്തകള്‍ പരിമിതപ്പെടുത്തുവാനുള്ള തിടുക്കമാണ്‌ പ്രകടമാകുന്നത്‌. ഇതിനൊക്കെ അപ്പുറത്ത്‌ മുന്‍പറഞ്ഞ ചോദ്യങ്ങളിലേക്കും അവയുടെ ഉത്തരങ്ങളിലേക്കും നമ്മുടെ ശ്രദ്ധ അടിയന്തിരമായി പതിയണം. വീണ്ടുമൊരു ദുരന്ത നിവാരണത്തിന്‌ കേരളത്തിനു കരുത്തുണ്ടാകില്ല. ഇപ്പോഴത്തെ ശുഷ്‌കാന്തി അടുത്ത ദുരന്തനിവാരണത്തിനു പ്രതീക്ഷിച്ചുകൂടാ. അതുകൊണ്ടു തന്നെ ദുരന്തമുണ്ടാകാതിരിക്കാനള്ള വഴികളാണ്‌ സജീവമായി ചിന്തിക്കേണ്ടത്‌. ഓരോ ദുരന്താനുഭവവും പഠിക്കാനും തിരുത്താനുമുള്ള പാഠങ്ങളാണ്‌.
മഹാവഴികളും പൊതുവഴികളും ഇടവഴികളുമെല്ലാം ഒരുതുള്ളി വെള്ളം പോലും കിനിഞ്ഞിറങ്ങാതവണ്ണം ടാറും സിമന്റും കൊണ്ട്‌ സുരക്ഷിതവും മനോഹരവുമാക്കി കഴിഞ്ഞു. മുറ്റവും മുറ്റത്തെത്തുന്ന വഴികളും പാര്‍ക്കിംഗ്‌ ഏരിയകളും ടൈല്‍സ്‌ നിരത്തി വാട്ടര്‍ പ്രൂഫ്‌ ആക്കിക്കഴിഞ്ഞു. വെള്ളത്തെ മഴക്കാലത്തു ശത്രുവായി കാണുന്ന നാം വേനലാകുമ്പോള്‍ കുടിവെള്ളത്തിനായി ടാങ്കറുകള്‍ വരുന്നതും കാത്തിരിക്കുന്നു. വെള്ളത്തെ കുടിയിറക്കിയതിന്റെ ദുരന്തഫലം തീഷ്‌ണമായ വെള്ളപ്പൊക്കവും കുടിവെള്ള ക്ഷാമവുമായി നാം ഓരോ വര്‍ഷവും അനുഭവിച്ചു തീര്‍ക്കുന്നു. ജലം മണ്ണിലേക്ക്‌ ഊര്‍ന്നിറങ്ങുന്നതിന്‌ തടസം സൃഷ്‌ടിക്കുന്ന വികസന വഴികളെ തിരിച്ചറിഞ്ഞ്‌ ഒഴിവാക്കിയില്ലെങ്കില്‍ ജീവിവര്‍ഗങ്ങളുടെ ആവാസവ്യവസ്‌ഥ ഒന്നാകെ തകര്‍ന്നുപോകും.
ജലസാന്നിധ്യം കുറഞ്ഞ ഭൂമി രക്‌തം കുറഞ്ഞ്‌ വിളര്‍ച്ച ബാധിച്ച മനുഷ്യശരീരം പോലെയാണ്‌. അതു പ്രതിരോധശേഷി നഷ്‌ടപ്പെട്ടതും രോഗാതുരവുമാണ്‌. ഇത്തരം ഭൂമിയില്‍ ജീവന്റെ തുടിപ്പ്‌ അധികകാലം നിലനില്‍ക്കില്ല. ദുര്‍ബലമായ ജീവിവര്‍ഗങ്ങളുടെ ആവാസവ്യവസ്‌ഥ ആദ്യമാദ്യം തകരും. അതുകൊണ്ടു തന്നെ കുടിയൊഴിപ്പിച്ച ജലത്തെ കുടിപാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കാണ്‌ മുന്‍ഗണന നല്‍കേണ്ടത്‌. ഒലിച്ചുപോയ മേല്‍മണ്ണിന്റെ സ്‌ഥാനത്ത്‌ വളക്കൂറുള്ള മണ്ണ്‌ സൃഷ്‌ടിക്കാന്‍ കോടാനുകോടികള്‍ ചിലവിട്ടാലും സാധ്യമല്ല. അതു കാലത്തിന്റെ സൃഷ്‌ടിയും ഉല്‍പന്നവുമാണ്‌.
പള്ള കീറിനിര്‍ത്തിയ ആയിരക്കണക്കിനു കുന്നുകളും പാറമടകളും സൃഷ്‌ടിച്ച ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും കേരളത്തിന്റെ ജൈവഘടനയെത്തന്നെ തകര്‍ത്തെറിഞ്ഞിരിക്കുന്നു. ജലത്തെ പുനരധിവസിപ്പിച്ചുകൊണ്ടു മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാകൂ. ആറന്മുളയിലൊരു വിമാനത്താവളം സൃഷ്‌ടിക്കപ്പെട്ടിരുന്നുവെങ്കില്‍ ഈ വെള്ളപ്പൊക്കത്തില്‍ 10 മൈല്‍ ചുറ്റളവില്‍ ഒന്നും അവശേഷിക്കില്ലായിരുന്നു.
ആറന്മുളയില്‍ വിമാനത്താവളം വേണ്ടെന്നും ജലത്തെ കുടിപ്പാര്‍പ്പിക്കുന്നതാണ്‌ പ്രധാനമെന്നും തീരുമാനിച്ചതിന്റെ പിന്നിലെ സദ്‌ബുദ്ധിക്കായി ഈശ്വരനു നന്ദി പറയാം. ആലുവ അങ്കമാലി മേഖലയില്‍ നെടുമ്പാശേരി പാടശേഖരത്തുനിന്നും 13 ഡാമുകളില്‍നിന്നും കുടിയിറക്കപ്പെട്ട ജലം സൃഷ്‌ടിച്ച പ്രതിസന്ധി നാം ഭയത്തോടെ കണ്ടുവല്ലോ. മുതിര്‍ന്ന നേതാവായ വി.എസ്‌. അച്യുതാനന്ദന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായം മാനിക്കപ്പെടണം. നിയമാനുസൃതമല്ലാത്ത എല്ലാ നികത്തലുകളും ഒഴിവാക്കപ്പെടണം. തണ്ണീര്‍ത്തടങ്ങളിലും പാടങ്ങളിലും പുറമ്പോക്കുകളിലും നിര്‍മിക്കപ്പെട്ട എല്ലാ നിര്‍മിതികളും പൊളിച്ചുമാറ്റണം. വെള്ളത്തിനു കയറിക്കിടക്കാനുള്ള ഇടം പുനഃസ്‌ഥാപിച്ചുകൊണ്ടു മാത്രമേ നമുക്ക്‌ ഇതിനു പരിഹാരം കണ്ടെത്താനാകൂ. ഇടതുപക്ഷ സര്‍ക്കാര്‍ പാസാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തടനിയമം 2018 പുനഃപരിശോധിക്കണം. 2008 ലെ നെല്‍ വയല്‍ തണ്ണീര്‍ത്തട നിയമം പുനഃസ്‌ഥാപിക്കണം.
പ്രകൃതിയോടു മല്ലടിച്ചു വിജയിച്ചവര്‍ എന്ന പാഴ്‌വാക്ക്‌ നമുക്ക്‌ ഒഴിവാക്കാം. അങ്ങനെയുള്ള വിജയങ്ങളൊന്നും ആത്യന്തികമല്ല. പ്രകൃതിയോടിണങ്ങി അവയ്‌ക്കൊപ്പം സഞ്ചരിക്കാന്‍ മാത്രമേ നമുക്കു കഴിയൂ. അവയുടെ സാധ്യതകളും ചലനക്രമവും അടുത്തുനിന്നു മനസിലാക്കി അവയുമായി ഇണക്കത്തില്‍ സഞ്ചരിക്കാം. പരിസ്‌ഥിതി പ്രവര്‍ത്തകരെ വികസനവിരോധികളെന്നു പരിഹസിച്ചു തള്ളി നമുക്കു തന്നെ കെണിയൊരുക്കാതിരിക്കുക.

പ്രഫ. സി. മാമ്മച്ചന്‍

(ലേഖകന്റെ ഫോണ്‍: 9400571882 )

Monday 03 Sep 2018 01.45 AM
YOU MAY BE INTERESTED
Loading...
TRENDING NOW