Tuesday, April 23, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.44 AM

അതിവര്‍ഷത്തില്‍ തകര്‍ന്ന്‌ കാര്‍ഷികമേഖല

2002-03 ല്‍ ഗുരുതര പ്രതിസന്ധി സൃഷ്‌ടിച്ചതു വരള്‍ച്ചയാണെങ്കില്‍ ഇക്കൊല്ലം വയനാടന്‍ സമ്പദ്‌വ്യവസ്‌ഥയ്‌ക്കു കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുന്നത്‌ അതിവര്‍ഷവും അതിനോടനുബന്ധിച്ചുണ്ടായ പ്രകൃതി ദുരന്തങ്ങളും. പരക്കെയുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം ഹെക്‌ടറുകളോളം കൃഷിസ്‌ഥലങ്ങള്‍ നശിച്ചതിനു പുറമേയാണ്‌ അതിവര്‍ഷം മൂലം വയനാട്ടിലെ കൃഷികള്‍ക്കു കനത്ത നാശം സംഭവിച്ചിരിക്കുന്നത്‌. കൃഷി നശിച്ച്‌ ജീവിതം പ്രതിസന്ധിയിലായതോടെ കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ പുല്‍പ്പള്ളി മേഖലയില്‍ രണ്ടു കര്‍ഷകരാണ്‌ ജീവനൊടുക്കിയത്‌. ഉപജീവനമാര്‍ഗം നഷ്‌ടപ്പെട്ട കര്‍ഷകര്‍ക്കു സര്‍ക്കാര്‍ താങ്ങായില്ലെങ്കില്‍ വീണ്ടും വയനാട്‌ കര്‍ഷക ആത്മഹത്യകളിലൂടെ കുപ്രസിദ്ധിയാര്‍ജിക്കാനുള്ള സാധ്യത ഏറെയാണ്‌.

റെേക്കാഡ്‌ മഴ, റെേക്കാഡ്‌ നഷ്‌ടം

കഴിഞ്ഞ 10 വര്‍ഷ കണക്കു പ്രകാരം ഒരു വര്‍ഷം ശരാശരി 2400 മി.മീ. മഴയാണ്‌ വയനാട്ടില്‍ ലഭിക്കുന്നത്‌. എന്നാല്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ ഓഗസ്‌റ്റ്‌ വരെയുള്ള മൂന്നു മാസത്തിനിടെ ലഭിച്ചത്‌ 3800 മി.മീ. മഴയാണ്‌. വൈത്തിരി, പൊഴുതന, പനമരം, തവിഞ്ഞാല്‍, തിരുനെല്ലി, മേപ്പാടി പഞ്ചായത്തുകള്‍, കല്‍പ്പറ്റ, മാനന്തവാടി മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ പരിധിയിലുള്ള സ്‌ഥലങ്ങളില്‍ കഴിഞ്ഞ 80 ദിവസത്തിനുള്ളില്‍ ലഭിച്ച 4825 മി.മീ. മഴ റെക്കോഡാണ്‌. അപ്രതീക്ഷിതമായി തുടര്‍ച്ചയായി പെയ്‌ത മഴയാണു കൃഷിനാശത്തിനും ഉരുള്‍പൊട്ടലുകള്‍ക്കും മണ്ണിടിച്ചിലിനും കാരണമായത്‌. കാലവര്‍ഷക്കെടുതിയില്‍ വയനാട്‌ ജില്ലയില്‍ 1,411 കോടിയുടെ നഷ്‌ടമുണ്ടായെന്നാണ്‌ ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക കണക്ക്‌. കൃഷിക്ക്‌ 331.44 കോടിയുടെ നഷ്‌ടം കണക്കാക്കുന്നു. ഇത്രയധികം കൃഷിനാശം വയനാടിന്റെ ചരിത്രത്തിലാദ്യമായാണ്‌.

കുരുമുളകു തോട്ടങ്ങളില്‍ നീരുറവകള്‍

2003, 2004 വര്‍ഷങ്ങളില്‍ വരള്‍ച്ചയും രോഗ- കീടബാധകളും കാരണം കുരുമുളകു കൃഷിക്കുണ്ടായ നാശമാണ്‌ വയനാടന്‍ സമ്പദ്‌വ്യവസ്‌ഥയെ തകര്‍ത്തത്‌. അന്നു വയനാട്ടില്‍ തുടര്‍ച്ചയായുണ്ടായ കര്‍ഷക ആത്മഹത്യകള്‍ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കുരുമുളകു കൃഷിയെത്തന്നെയാണു ഭൂരിപക്ഷം കര്‍ഷകരും ആശ്രയിച്ചത്‌. സ്‌പൈസസ്‌ ബോര്‍ഡ്‌ 2010-11 ല്‍ നടപ്പാക്കിയ പുനരുജ്‌ജീവന പദ്ധതിയെത്തുടര്‍ന്നാണ്‌ വയനാട്ടില്‍ കുരുമുളകുകൃഷി വീണ്ടും വ്യാപകമായത്‌. നിലവില്‍ ഏകദേശം 24,500 ഹെക്‌ടറിലാണ്‌ കുരുമുളകു കൃഷിയുള്ളത്‌. ഇപ്രാവശ്യത്തെ അതിവര്‍ഷത്തില്‍, പ്രത്യേകിച്ച്‌ പുല്‍പ്പള്ളി മേഖലയിലെ കുരുമുളകു തോട്ടങ്ങളില്‍ പ്രത്യക്ഷപ്പെട്ട നീരുറവകള്‍ കണ്ട്‌ വിറങ്ങലിച്ചുനില്‍ക്കുകയാണ്‌ കര്‍ഷകര്‍. ഒരുകാലത്ത്‌ ഒരിറ്റു നീരിനായി വലഞ്ഞ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പല കുരുമുളക്‌ തോട്ടങ്ങളിലും ഉറവവെള്ളം ഒഴുകുകയാണ്‌. ഉയര്‍ന്ന പ്രദേശത്ത്‌ സ്‌ഥിതിചെയ്ുന്ന യപാടിച്ചിറ പുല്ലാട്ട്‌ സജിയുടെ മൂന്നേക്കര്‍ കുരുമുളക്‌ തോട്ടം ചതുപ്പുനിലത്തിനു സമാനമാണിപ്പോള്‍. ചെടി മുഴുവന്‍ പഴുത്തുനശിച്ചു. വാഴവറ്റ പറയരുമലയില്‍ ബാബുവിന്റെ കുരുമുളകു വള്ളികളും പഴുത്തുനില്‍ക്കുകയാണ്‌. സംസ്‌ഥാനത്ത്‌ കുരുമുളക്‌ ഉല്‍പ്പാദനത്തില്‍ രണ്ടാം സ്‌ഥാനത്തുള്ള ജില്ലയാണ്‌ വയനാട്‌. ഇടുക്കിക്കാണ്‌ ഒന്നാം സ്‌ഥാനം. ഒരു കാര്‍ഷിക വിളയ്‌ക്കും അമിതമായ ജലാംശത്തില്‍ വളരാന്‍ കഴിയില്ല. അടയ്‌ക്ക, തേങ്ങ, കാപ്പിക്കുരു എന്നിവയും വ്യാപകമായി കൊഴിഞ്ഞുതുടങ്ങി.

Ads by Google
Monday 03 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW