Sunday, November 18, 2018 Last Updated 32 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 05.22 PM

തെലങ്കാനയിലെ നിര്‍ണായക മന്ത്രിസഭാ യോഗം അവസാനിച്ചു; നിയമസഭ പിരിച്ചുവിടുന്നത് തീരുമാനമായില്ല

Telangana

ഹൈദരാബാദ്: തെലങ്കാനയിലെ നിര്‍ണായക മന്ത്രിസഭാ യോഗം അവസാനിച്ചു. നിയമസഭ പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പ് നടത്താന്‍ തെലങ്കാന രാഷ്ട്ര സമിതി ആലോചിക്കുന്നതായും ഇത് സംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊള്ളുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിയമസഭ പിരിച്ചു വിടുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ഒന്നും എടുത്തില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് വീണ്ടും മന്ത്രിസഭാ യോഗം ചേരുമെന്ന് ഉപമുഖ്യമന്ത്രി കാഡിയം ശ്രീഹരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തില്‍ പിന്നോക്ക വിഭാഗക്കാര്‍ക്കായി കമ്മ്യൂണിറ്റി കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഹൈദരാബാദിലെ 75 ഏക്കര്‍ ഭൂമിയില്‍ 70 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ടി.ആര്‍.എസിന്റെ മഹാറാലി സംഘടിപ്പിച്ചിട്ടുണ്ട്. റാലിയില്‍ വച്ച് നിയമസഭാ പിരിച്ചുവിടാനുള്ള തീരുമാനം മുഖ്യമന്ത്രി കെ.സി.ആര്‍ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു ടി.ആര്‍.എസ് നേതാക്കള്‍ സൂചിപ്പിച്ചിരുന്നത്. റാലിയില്‍ 25 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് ടി.ആര്‍.എസിന്റെ അവകാശവാദം. റാലിയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കുന്നതിന് തെലങ്കാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ 7200 ബസുകളും വിട്ടു കൊടുത്തിട്ടുണ്ട്.

ടി.ആര്‍.എസ് റാലിക്ക് പോകുന്ന വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കില്ലെന്ന് ഹൈദരാബാദ് മെട്രോപൊളീറ്റന്‍ അതോറിറ്റി അറിയിച്ചു. അതേസമയം ടോള്‍ ഒഴിവാക്കിയും സര്‍ക്കാര്‍ ബസുകള്‍ പാര്‍ട്ടി പരിപാടിക്ക് വിട്ടു കൊടുത്തും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW