Thursday, July 18, 2019 Last Updated 10 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.56 AM

നോട്ട്‌ നിരോധനകാലത്തെ മോഹന്‍ലാലിന്‌... പ്രിയപ്പെട്ട ലാലേട്ടാ, അന്നത്തെ ബ്ലോഗ്‌ ആരെ സുഖിപ്പിക്കാനായിരുന്നു?

uploads/news/2018/09/245282/Mohanlal10.jpg

പ്രിയപ്പെട്ട ലാലേട്ടാ,

താങ്കള്‍ പൃഥ്വിരാജിന്റെ "ലൂസിഫര്‍" സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്‌ തിരക്കിലാണെന്നറിയാം. നമ്മുടെ റിസര്‍വ്‌ ബാങ്ക്‌, തകര്‍ന്നുപോയ ഒരു നോട്ട്‌ നിരോധന ദുരന്തത്തെകുറിച്ചു വ്യക്‌തമാക്കിയപ്പോള്‍, ബി.ജെ.പി. നേതാവ്‌ കെ. സുരേന്ദ്രന്‌ ഒരു തുറന്ന കത്തെഴുതണം എന്നാണു കരുതിയിരുന്നത്‌. പക്ഷേ, ഈ കത്ത്‌ താങ്കള്‍ക്കായി എഴുതാന്‍ തീരുമാനിക്കുകയായിരുന്നു.

1) ഷൂട്ടിങ്‌ തിരക്കുകള്‍ക്കിടയിലും നമ്മുടെ റിസര്‍വ്‌ ബാങ്കില്‍ നിന്നുവന്ന ഹൃദയഭേദകമായ ഒരു വാര്‍ത്ത, രാജ്യത്തെ ജനങ്ങളെ വഞ്ചിച്ച ഭരണകൂട നടപടിയെകുറിച്ചുള്ള ഒരു വാര്‍ത്ത താങ്കളും അറിഞ്ഞിട്ടുണ്ടാകുമെന്നു കരുതുന്നു. കറന്‍സി നിരോധനംമൂലം ഒരു മഹാരാജ്യത്തെയാകെ നരകതുല്യമാക്കി മാറ്റിയ ഭരണകൂട നടപടി ഒരു വലിയ ദുരന്തവും പരാജയവുമായിരുന്നു എന്നാണു നമ്മുടെ റിസര്‍വ്‌ ബാങ്ക്‌തന്നെ പറയുന്നത്‌. ആ ദുരിതനാളുകളില്‍, കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച കലാകാരന്മാരില്‍ ഒരാള്‍ എന്ന നിലയിലാണ്‌ അങ്ങേക്ക്‌ ഈ കത്തെഴുതുന്നത്‌.

2) ഒരു ദേശീയ ഓണ്‍ലൈന്‍ മാധ്യമത്തില്‍ ആര്‍.ബി.ഐയുടെ നോട്ട്‌നിരോധന കദനകഥ പുറത്തിറങ്ങിയത്‌ വായിച്ചത്‌ ഇന്നേക്ക്‌ കൃത്യം ഒരു വര്‍ഷം മുമ്പായിരുന്നുവെന്ന്‌ എന്റെ ഫെയ്‌സ്‌ബുക്ക്‌ മെമ്മറി ഓര്‍മിപ്പിക്കുന്നു. 21,000 കോടി മുടക്കി 16,000 കോടി ഖജനാവിന്‌ ലാഭമുണ്ടാക്കിയ നരേന്ദ്രന്‍ എന്ന "മാന്ത്രികന്റെ വിസ്‌മയം" പണ്ടുതന്നെ വിവരമുള്ളവര്‍ പ്രവചിച്ചിരുന്നു.
ഹാര്‍വാഡ്‌ സര്‍വകലാശാലയില്‍നിന്നും സാമ്പത്തിക ശാസ്‌ത്രത്തില്‍ അറിവ്‌ നേടിയ ഡോ. മന്‍മോഹന്‍ സിങ്ങും, 56 ഇഞ്ചുള്ള ഭരണാധികാരിയും തമ്മിലുള്ള വ്യത്യാസവും രഘുറാം രാജന്‍ മുതല്‍ അമര്‍ത്യാ സെന്‍ തുടങ്ങി ലോകത്തിലെ സകല പണ്ഡിതരും ആവര്‍ത്തിച്ചു. ഇപ്പോള്‍ രാജ്യം ഇന്ധന വിലവര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും തുടങ്ങി ആ അരാജക സാമ്പത്തിക നടപടികളുടെ ഭവിഷ്യത്തുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. 99 ശതമാനത്തിലധികം കറന്‍സിയും റിസര്‍വ്‌ ബാങ്കിലേക്ക്‌ തിരിച്ചെത്തിയെന്നു ബാങ്ക്‌തന്നെ സമ്മതിക്കുന്നു.

3) സിനിമാകൊട്ടകകള്‍ക്കു മുന്നില്‍ ആളുകളെ ക്യൂ നിര്‍ത്തിയ താങ്കള്‍, ഒരു ജനതയെ ഒന്നാകെ നാട്ടിലെ ബാങ്കുകളുടെ മുന്നില്‍ പൊരിവെയിലത്ത്‌ ക്യൂ നിര്‍ത്തിയ പ്രധാനമന്ത്രിയെ ന്യായീകരിച്ചുകൊണ്ട്‌ എഴുതിയ ബ്ലോഗിന്റെ നാളുകള്‍ ഓര്‍മയുണ്ടോ? റിസര്‍വ്‌ ബാങ്ക്‌ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തില്‍ താങ്കള്‍ക്ക്‌ അന്നത്തെ ജനവിരുദ്ധ നിലപാടില്‍ പശ്‌ചാത്താപമുണ്ടോ?

4) അന്നത്തെ താങ്കളുടെ ബ്ലോഗിനെക്കുറിച്ച്‌ സത്യസന്ധമായി പറയട്ടെ. ഒരു ആര്‍.എസ്‌.എസ്‌. ശാഖയില്‍ വായിക്കാന്‍ തയാറാക്കിയ ഒരു മുഖസ്‌തുതി സര്‍ക്കുലര്‍ പോലെ തോന്നിയിരുന്നു ഞങ്ങള്‍ മലയാളികള്‍ക്കെല്ലാം.

5) വെറും 400 കോടിയുടെ വ്യാജ കറന്‍സിക്കാരെ പരാജയപ്പെടുത്താന്‍ കോടാനുകോടി മനുഷ്യരെ ക്ലേശിപ്പിക്കുന്നതിനെ "ചെറിയ ബുദ്ധിമുട്ടുകള്‍" എന്നു പേരിട്ടുവിളിക്കുന്നതിലെ യുക്‌തിയെന്തായിരുന്നു ലാലേട്ടാ!. ഈ നിസഹായരായ ഇന്ത്യന്‍ ആള്‍ക്കൂട്ടം ബാങ്കുകള്‍ കൊള്ളയടിച്ചില്ല, കാവല്‍ നിന്നിരുന്ന പോലീസിനെ വകവരുത്തില്ല, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ധാന്യപ്പുരകള്‍ കൊള്ളയടിച്ചില്ല...

6) ഒരുതുണ്ടു നോട്ടിനുവേണ്ടിയുളള പരക്കം പാച്ചില്‍ കലാപത്തില്‍ അവസാനിക്കാന്‍ സാധ്യതയുണ്ടെന്നു സുപ്രീംകോടതിക്കുപോലും പറയേണ്ടിവന്നതും അന്നത്തെ താങ്കളുടെ ബ്ലോഗില്‍ വിഷയമായി കണ്ടില്ല. അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട്‌ ആഹാരവും മരുന്നും പോലും വാങ്ങാനാവാത്ത അവസ്‌ഥ നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടോ ലാലേട്ടാ?


7) കോടിക്കണക്കിനു രൂപയുടെ കളളപ്പണം സൂക്ഷിക്കുന്നവരെ വഴിയാധാരമാക്കാനാണ്‌ പ്രധാനമന്ത്രി അസാധാരണമായ ചങ്കൂറ്റത്തോടെ നോട്ടു പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌ എന്നായിരുന്നു താങ്കള്‍ ഉള്‍പ്പടെയുള്ള ആരാധകരുടെ സ്‌തുതിഗീതം. എന്നാല്‍ ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും മുന്നില്‍ വഴിയാധാരമായി നില്‍ക്കുന്നത്‌ എല്ലും തോലുമായ പരമദരിദ്രരും. വിജയ്‌ മല്യയ്‌ക്കു പറന്നു പോകാന്‍ വിമാനത്താവളം തുറന്നിട്ടതിനു തൊട്ടുപിന്നാലെ കോടിക്കണക്കിനു വായ്‌പ കിട്ടാക്കടങ്ങളുടെ പട്ടികയിലേക്കു വകമാറ്റി. അമിത്‌ ഷാ പിണിയാളായിട്ടുള്ള ബാങ്കുകള്‍ കോടികള്‍ ലാഭമുണ്ടാക്കി. ഇതൊന്നും അറിയാനും, എഴുതാനും ആ ദിനങ്ങളില്‍ മേജര്‍ രവിയുടെ കശ്‌മീരിലെ സിനിമാ സെറ്റില്‍ സംവിധാനം ഇല്ലാതെ ബുദ്ധിമുട്ടുന്ന നാളുകള്‍ ഇപ്പോഴെങ്കിലും ഓര്‍ക്കുന്നുണ്ടോ അങ്ങ്‌?

8) "മദ്യഷോപ്പിന്‌ മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക്‌ എ.ടി.എമ്മിനു മുന്നിലും അതാകാം" എന്നായിരുന്നു അന്നത്തെ താങ്കളുടെ ന്യായവാദം. കേരളത്തിലെ എത്ര ശതമാനം മനുഷ്യരാണ്‌ മദ്യഷാപ്പിനു മുന്നില്‍ ക്യൂ നിലക്കാറുള്ളത്‌? അക്കൂട്ടര്‍ തന്നെയാണോ എ.ടി.എമ്മിനും ബാങ്കുകള്‍ക്കും മുന്നില്‍ രാവേറെ ക്യൂ നിന്നിരുന്ന ദുരന്തമുണ്ടായത്‌? മദ്യഷോപ്പിനു മുന്നില്‍ ക്യൂ നില്‍ക്കുന്നതുപോലെയാണോ ഒരു നേരത്തെ അന്നത്തിനോ മരുന്നിനോ വേണ്ടി സ്വയം അദ്ധ്വാനിച്ച കാശിനായി പൗരന്‍ പൊരിവെയിലത്ത്‌ യാതന സഹിക്കുന്ന അവസ്‌ഥയുണ്ടായിരുന്നത്‌?

9) നോട്ടുകളായി സൂക്ഷിക്കുന്ന കള്ളപ്പണം ആറു ശതമാനത്തില്‍ താഴെയുളള രാജ്യത്തിലായിരുന്നു പ്രചാരത്തിലുളള കറന്‍സിയുടെ 86 ശതമാനം നോട്ടുകളും പിന്‍വലിച്ച തുഗ്ലക്‌ പരിഷ്‌കാരം എന്നോര്‍ക്കുന്നുണ്ടോ? ഒരു കള്ളപ്പണക്കാരന്റെയും ജീവിതം പ്രധാനമന്ത്രി കാരണം വഴിമുട്ടിയില്ല എന്നു ഇന്നത്തെ ദിവസം തിരിച്ചറിയുന്നവരുടെ എണ്ണം എത്രയാണെന്ന്‌ താങ്കള്‍ക്ക്‌ ഊഹിക്കാമോ?

10) നിര്‍മാതാക്കള്‍ ഒരുക്കുന്ന ആഡംബരത്തില്‍ ലോകത്തെ ഏറ്റവും മുന്തിയ വാഹനങ്ങളില്‍ ജീവിക്കുന്ന താങ്കളെപ്പോലെയല്ല സര്‍ ഒരു സാധാരണ ബി.ജെ.പിക്കാരന്‍ പോലും. അയാളുടെ കൈയിലും മൂന്നും നാലും ക്രെഡിറ്റ്‌ കാര്‍ഡോ, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ സംവിധാനമോ ഒന്നുമില്ല സര്‍. ഒരു പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിയും ആശങ്കയിലായിരുന്നെന്ന്‌ ഓര്‍മയുണ്ടോ? തീരുമാനം സെല്‍ഫ്‌ ഗോളാകുമോ എന്ന സംശയം അവര്‍ സ്വകാര്യമായി പ്രകടിപ്പിച്ചത്‌ ഇന്ന്‌ യാഥാര്‍ഥ്യമായി മാറിയിരിക്കുന്നു.

11) പത്തുമിനിറ്റെങ്കിലും താങ്കള്‍ എവിടെയെങ്കിലും പണത്തിനായി ക്യൂ നിന്നിരുന്നോ? താങ്കളുടെ ബ്ലോഗ്‌ ദന്തഗോപുരത്തിലിരുന്നുകൊണ്ട്‌ ഫാസിസ്‌റ്റുകള്‍ക്ക്‌ അടുക്കളപ്പണിചെയ്യലായിരുന്നു എന്ന്‌ റിസര്‍വ്‌ ബാങ്ക്‌ വാര്‍ത്തകള്‍ പ്രകാരം പറയാതെ കഴിയുമോ സര്‍ ..?

12) ആ "പരിഷ്‌കാരം" അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കിയത്‌ എങ്ങിനെയാണ്‌ സര്‍..? എത്ര തീവ്രവാദികളും മാവോയിസ്‌റ്റുകളും മനഃസ്‌താപത്തോടെ മടങ്ങി? ഏതു ഡേറ്റയുടെ അടിസ്‌ഥാനത്തിലായിരുന്നു ഇന്നു ബി.ജെ.പിക്കാരും കേന്ദ്രസര്‍ക്കാര്‍ പോലും ബഡായി വിടാന്‍ മടിക്കുന്ന അവകാശ വാദങ്ങള്‍ താങ്കള്‍ നടത്തിയിരുന്നത്‌?

13) ആ നടപടികൊണ്ട്‌ 2,46,300 കോടി രൂപയുടെ കള്ളപ്പണവും 400 കോടിയുടെ കള്ളനോട്ടുമാണ്‌ ഇല്ലാതാകുമെന്നു ബി.ജെ.പിക്കാര്‍ വീമ്പടിച്ചത്‌. കുറഞ്ഞത്‌ 2,65,000 കോടിയുടെ പൊതു നഷ്‌ടവും പുതിയ നോട്ടച്ചടിക്കാന്‍ 12,000 കോടി രൂപ വേറെയും നാടിനു നഷ്‌ടം വന്നു. 120 കോടി ജനതയുടെ ദുരിതവും കുഴഞ്ഞുവീണും ചികിത്സകിട്ടാതെയും ചത്തൊടുങ്ങാന്‍ കുറെ പൗരന്‍മാരെയും ചെലവഴിച്ച്‌ നടത്തിയ ആ യുദ്ധത്തിന്റെ ലാഭക്കണക്ക്‌ എന്തായിരിക്കുമെന്ന്‌ ഒരു ബ്ലോഗ്‌ എഴുതുന്നതിനിടെ ഒരു നിമിഷം പോലും ചിന്തിക്കാന്‍ താങ്കള്‍ക്കു സാധിച്ചില്ല എന്നത്‌ അത്ഭുതപ്പെടുത്തുന്നു
.
14) തൊഴില്‍ ലീവാക്കി ഒരു പകല്‍ മുഴുവന്‍ വെയിലത്ത്‌ നിന്നാലും അവസാനിക്കാത്ത ക്യൂവായിരുന്നില്ലേ. ഹൃദയസ്‌തംഭനം വന്നും തളര്‍ന്നുവീണും ക്യൂവില്‍ത്തന്നെ മരിച്ച നൂറുകണക്കിനാളുകള്‍, ആത്മഹത്യ, സംഘര്‍ഷങ്ങള്‍, നിശ്‌ചയിച്ചുറപ്പിച്ച വിവാഹം ഉപേക്ഷിക്കുന്നവര്‍, ചികിത്സയും മരുന്നും ആംബുലന്‍സ്‌ സേവനവും നിഷേധിക്കപ്പെടുന്നവര്‍, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കൈവശമുളള മാതാപിതാക്കളുടെ കണ്‍മുന്നില്‍ ചികിത്സ കിട്ടാതെ പിടഞ്ഞു മരിക്കുന്ന നവജാതശിശു... ഒരു ഭരണാധികാരി സൃഷ്‌ടിച്ച മരണങ്ങളുടെ ഘോഷയാത്രകള്‍ ഓര്‍മയുണ്ടായിരുന്നോ അങ്ങേക്ക്‌. ആ തീരുമാനത്തിന്റെ ഇരകളുടെ പട്ടികയില്‍ ഇനിയാരൊക്കെയെന്നു ഒരു വരി പോലും എഴുതാതിരുന്ന ബ്ലോഗ്‌ ആരെ സുഖിപ്പിക്കാനായിരുന്നു എന്ന്‌ ഈ നിമിഷം ചിന്തിക്കാമോ?

15) മോഡി ഭരണകൂടത്തിന്റെ കുഴലൂത്തുകാരന്‍ എന്ന പാതാളത്തിലേക്ക്‌ അധഃപതിച്ചുപോയ ഒരു കലാകാരന്‍ ഞങ്ങളുടെ നാട്ടില്‍ ജീവിച്ചിരുന്നു എന്ന്‌ നിശ്‌ചയമായും ചരിത്രം താങ്കളെ അടയാളപ്പെടുത്തും.

ഇനിയെങ്കിലും സാമൂഹിക വിഷയങ്ങളില്‍ ഫാസിസ്‌റ്റ്‌ അടുക്കളപ്പണിക്കാരനാവാതെ സദ്‌ബുദ്ധിയും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു കലാകാരനായി മാനസിക പരിവര്‍ത്തനം വരട്ടേയെന്ന പ്രാര്‍ത്ഥനകളോടെ...

മഹാനായ കലാകാരനായ താങ്കള്‍ക്കു മുകളിലെ വിഹായസുകള്‍ നിറയെ സ്‌നേഹാദരവുകളോടെ...ഒരഭ്യുദയകാംക്ഷി....!

അഡ്വ. ജഹാംഗീര്‍ റസാഖ്‌ പാലേരി

ലേഖകന്റെ ഫോണ്‍ നമ്പര്‍: 9447 447 889)

Ads by Google
Sunday 02 Sep 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW