Sunday, September 23, 2018 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.54 AM

ബുദ്ധിയാണാവശ്യം

uploads/news/2018/09/245281/re4.jpg

അറിവുമാത്രം പോരാ അതു പ്രയോഗിക്കാന്‍ വിവേകവും പ്രായോഗികതയും ആവശ്യമാണ്‌. ചിന്തനീയമായ ഒരു സൂഫി കഥയുണ്ട്‌.
തനിക്ക്‌ അഭിവൃദ്ധി ലഭിക്കുന്ന വഴി കണ്ടെത്താനായി ഒരാള്‍ ഒരു സൂഫി ഗുരുവിനെ അന്വേഷിച്ചു നടന്നു. യാത്രാ മധ്യേ പുഴ കടക്കവേ ഒരു മത്സ്യം അയാളോട്‌ ചോദിച്ചു: 'നീ എങ്ങോട്ടാണു പോകുന്നത്‌?' അയാള്‍ യാത്രയുടെ ഉദ്ദേശം മീനിനോട്‌ പറഞ്ഞു. മീന്‍ പറഞ്ഞു: 'താങ്കള്‍ കണ്ടുമുട്ടുന്ന ഗുരുവിനോട്‌ ദയവായി എന്തുകൊണ്ടാണ്‌ എനിക്കു വെള്ളത്തിന്‌ മുകളില്‍ ജീവിക്കാന്‍ പറ്റാത്തത്‌ എന്നു ചോദിക്കാമോ?'
ചോദിക്കാമെന്ന്‌ പറഞ്ഞ്‌ അയാള്‍ യാത്ര തുടര്‍ന്നു. വഴിയില്‍ അയാള്‍ ഒരു മരത്തിന്റെ ചോട്ടില്‍ ഇരുന്നു. കാറ്റത്ത്‌ മരത്തിന്റെ കൊമ്പുകള്‍ ആടിയുലഞ്ഞു. അപ്പോള്‍ ആ മരം ചോദിച്ചു, 'താങ്കള്‍ എങ്ങോട്ടാണു പോകുന്നത്‌?' ഒരു ഗുരുവിനെ കാണാനെന്ന്‌ അയാള്‍ മരത്തോട്‌ പറഞ്ഞു. മരം ചോദിച്ചു, 'ഇപ്പോള്‍ ഉള്ളതിനെക്കാള്‍ ഉയരത്തില്‍ വളരാന്‍ എന്താണു വഴി എന്ന്‌ ദയവായി എനിക്കു വേണ്ടി ഗുരുവിനോട്‌ ചോദിക്കാമോ?' ചോദിക്കാമെന്നു പറഞ്ഞ്‌ അയാള്‍ യാത്ര തുടര്‍ന്നു. വഴിയില്‍ അയാള്‍ ഒരു ചെന്നായയെ കണ്ടു. അതു ചോദിച്ചു, 'താങ്കള്‍ എങ്ങോട്ടാണു പോകുന്നത്‌?'അയാള്‍ ഉത്തരം തുടര്‍ന്നു. ചെന്നായ ചോദിച്ചു: 'എന്തുകൊണ്ടാണ്‌ ഞാന്‍ തടിക്കാത്തതെന്ന്‌ ഗുരുവിനോട്‌ ചോദിക്കാമോ?'
അയാള്‍ അതും സമ്മതിച്ചു. ഒടുവില്‍ അയാള്‍ ഗുരുവിനെ കണ്ടെത്തി. ഗുരുവിനോട്‌ അയാള്‍ പറഞ്ഞു,
'വളരെയേറെ യാത്ര ചെയ്‌താണു ഞാന്‍ ഇവിടെയെത്തിയത്‌. എനിക്ക്‌ അഭിവൃദ്ധി ഉണ്ടാവാനുള്ള മാര്‍ഗം താങ്കള്‍ പറഞ്ഞുതരണം. അതു മാത്രമല്ല, വഴിയില്‍ ഞാന്‍ കണ്ട മീനിന്റെയും മരത്തിന്റെയും ചെന്നായയുടെയും ചോദ്യങ്ങള്‍ക്കുകൂടി ഉത്തരം തരണം'.
ഗുരു ചിരിയോടെ ചോദിച്ചു, 'അവസാന ഫലം അനുഭവിക്കാന്‍ നിങ്ങള്‍ തയാറാണോ?'
അയാള്‍ പറഞ്ഞു, 'തയാറാണ്‌'
ഗുരു അയാളുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കൊടുത്തു. എന്നിട്ടിത്രയും കൂടി പറഞ്ഞു. 'എനിക്കു വഴി പറഞ്ഞു തരാനേ പറ്റൂ. നിങ്ങള്‍ ബുദ്ധി ഉപയോഗിച്ച്‌ കാര്യങ്ങള്‍ ചെയ്യണം. എന്നാലേ അഭിവൃദ്ധിയുണ്ടാവൂ. അപകടം മുന്‍കൂട്ടി അറിയാനുള്ള ത്രാണി ഉണ്ടാവണമെന്നു മാത്രം.'
അയാള്‍ തിരിച്ചു യാത്രയായി. വഴിയില്‍ കാത്തിരിക്കുകയായിരുന്ന മീനിനോട്‌ അയാള്‍ പറഞ്ഞു.
'നിന്റെ ചെകിളയ്‌ക്കുള്ളില്‍ ഒരു കല്ലുണ്ട്‌. അത്‌ എടുത്തുമാറ്റിയാല്‍ നിനക്കു വെള്ളത്തിന്‌ മുകളില്‍ ഉയരാന്‍ സാധിക്കും.'
മീന്‍ കരയിലേക്കു വന്നപ്പോള്‍ അയാള്‍ കല്ലെടുത്തു. അത്‌ വളരെ വിലപിടിപ്പുള്ള ഒരു വൈരക്കല്ലായിരുന്നു. മീന്‍ പറഞ്ഞു, 'താങ്കള്‍ ചെയ്‌തു തന്നെ ഉപകാരത്തിനു പകരമായി ഈ കല്ല്‌ എടുത്തുകൊള്ളൂ.'
അയാള്‍ പറഞ്ഞു, 'ചില വൈരക്കല്ലുകള്‍ ജീവിതത്തെ അപകടത്തിലാക്കും എന്നു കേട്ടിട്ടുണ്ട്‌. എനിക്കതു വേണ്ട.'
മരത്തോട്‌ പറഞ്ഞു. 'നീ വളരാത്തതിന്റെ കാരണം അടിവേരില്‍ ഒരു കലശം ഉള്ളതുകൊണ്ടാണ്‌. അതു നീക്കിയാല്‍ നീ വളരും.'
ആ കലശം നീക്കിക്കൊടുക്കുവാന്‍ മരം അയാളോടു പറഞ്ഞു. അയാള്‍ കൊത്തിക്കിളച്ച്‌ അടിവേരിലെ കലശം എടുത്തു. അതില്‍ നിറച്ചും സ്വര്‍ണനാണയങ്ങളായിരുന്നു. അയാളതെടുത്തില്ല. സ്വര്‍ണ നാണയങ്ങള്‍ വില്‍ക്കാന്‍ തനിക്കു കഴിയില്ലെന്നു അയാള്‍ കരുതി.
വീടിനടുത്തു ചെന്നായ കാത്തിരിപ്പുണ്ടായിരുന്നു. അത്‌ ചോദിച്ചു,
'എന്താണ്‌ എന്റെ ചോദ്യത്തിനുള്ള ഉത്തരം?'
അയാള്‍ പറഞ്ഞു,
നിനക്കു ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിച്ചു ധാരാളം മാംസം കഴിക്കണം അപ്പോള്‍ വലിപ്പം കൂടും. ഇനി ഞാന്‍ നന്നായി മാംസം കഴിച്ചോളാം. അതു പറഞ്ഞതും ചെന്നായ അയാളുടെ മേല്‍ ചാടി വീണു.
ഗുരു മുഖത്തു നിന്ന്‌ ഉപദേശം ലഭിക്കും. എന്നാല്‍ ബുദ്ധി ഉപയോഗിക്കേണ്ടത്‌ കേള്‍ക്കുന്ന വ്യക്‌തിയാണ്‌. നമുക്ക്‌ അറിവല്ല ആവശ്യം അറിവു ഫലപ്രദമായി ഉപയോഗിക്കാനുള്ള പ്രായോഗിക ജ്‌ഞാനമാണ്‌.

Ads by Google
Sunday 02 Sep 2018 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW