Tuesday, July 16, 2019 Last Updated 11 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 11.39 PM

വെട്ടിപ്പിടിച്ച വിജയങ്ങള്‍

uploads/news/2018/09/245108/sun2.jpg

''ആദ്യം ആടിനെ അറുക്കുന്നതു കണ്ടപ്പോള്‍ ഞങ്ങളാകെ പേടിച്ചു പോയി. എനിക്കാണെങ്കില്‍ ശരീരം തളര്‍ന്നു പോകുന്നതു പോലെയായിരുന്നു. കൂടെവന്നവര്‍ പേടിച്ച്‌ കണ്ണുമടച്ച്‌ നില്‍ക്കുകയാണ്‌. ഞാന്‍ കൂടി പേടിച്ചു പിന്‍മാറിയാല്‍ ഇത്‌ ചെയ്യുന്ന വിധം എങ്ങനെ മനസിലാക്കും. അതുകൊണ്ട്‌ ട്രെയിനിങ്ങ്‌ സെന്ററിലെ സാര്‍ ആടിനെ അറുക്കുന്നതും ഇറച്ചിയാക്കി മാറ്റുന്നതുമെല്ലാം സര്‍വധൈര്യവും സംഭരിച്ച്‌ നോക്കി നിന്ന്‌ കണ്ടു പഠിച്ചു. പിന്നെ പതുക്കെ പതുക്കെ ഞങ്ങളുടെ പേടി പോയി. രണ്ടാഴ്‌ച കഴിഞ്ഞപ്പോള്‍ ഞങ്ങളും എക്‌സ്പേര്‍ട്ടായി''
തൃശൂര്‍ ജില്ലയിലെ കയ്‌പ്പമംഗലം പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്‌ മെമ്പറായ ഓമന പറയുമ്പോള്‍ വാക്കുകള്‍ക്ക്‌ പ്രതിസന്ധികളെ അതിജീവിച്ച സ്‌ത്രീയുടെ കരുത്ത്‌.
കയ്‌പ്പമംഗലം പഞ്ചായത്തിലെ ഗ്രാമലക്ഷ്‌മി അയല്‍ക്കൂട്ടം രൂപീകരിച്ച നാള്‍ മുതല്‍ ഇന്നു വരെ അതിന്റെ പ്രസിഡന്റാണ്‌ ഓമന ഗോപി. വലക്കാട്ടായിരുന്നു ഓമനയുടെ ജനനം. അച്‌ഛന്‍ മത്സ്യത്തൊഴിലാളിയായിരുന്നു. രണ്ട്‌ സഹോദരന്‍മാരും മൂന്ന്‌ സഹോദരിമാരും അടങ്ങുന്ന സാധാരണ കുടുംബം. കടലില്‍ പോയി കഷ്‌ടപ്പെട്ടാല്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ഒരു കുടുംബം. പത്താംക്‌ളാസില്‍ തോറ്റതോടെ പഠനം നിര്‍ത്തി, തയ്യല്‍ പഠിക്കാന്‍ പോയി. അങ്ങനെ ഉന്തിയും തള്ളിയും ജീവിതം മുന്നോട്ടു പോകുമ്പോഴായിരുന്നു വിവാഹം. നിര്‍ദ്ധന കുടുംബമായിരുെന്നങ്കിലും മത്സ്യത്തൊഴിലാളിയും കഠിനാദ്ധ്വാനിയുമായ ഭര്‍ത്താവുമൊന്നിച്ച്‌ ഓമന തന്റെ ജീവിതമാരംഭിച്ചു. വിവാഹപ്രായമെത്തിയ മൂന്നു സഹോദരിമാരും മാതാപിതാക്കളുമടങ്ങുന്ന കുടുംബമായിരുന്നു അത്‌. ഓരോ ദിവസവും മുന്നോട്ടു പോകാന്‍ ഏറെ കഷ്‌ടപ്പാടുകള്‍ സഹിക്കേണ്ടി വന്നു. പലപ്പോഴും കണ്ണീരും വേദനയുമായി ദിവസങ്ങള്‍ കടന്നു പോയി. ഭര്‍ത്താവ്‌ സ്‌നേഹസമ്പന്നനും ദുശീലങ്ങളൊന്നുമില്ലാത്ത ആളുമായിരുന്നു എന്നതു മാത്രമായിരുന്നു സമാധാനം.
തൊണ്ണൂറ്റി ഒമ്പതില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെയാണ്‌ ഓമനയുടെ ജീവിതം മാറിയത്‌. വീടിനുള്ളില്‍ മാത്രമൊതുങ്ങിയിരുന്ന ഓമനയുടെ ലോകം സ്‌ത്രീശാക്‌തീകരണത്തിന്റെ വലിയ ചക്രവാളങ്ങളിലേക്ക്‌ വികസിച്ചു. ആദ്യമായി ഗ്രാമലക്ഷ്‌മി അയല്‍ക്കൂട്ടം രൂപീകരിക്കുമ്പോള്‍ അതിന്റെ പ്രസിഡന്റ്‌ ഓമനയായിരുന്നു. തുടര്‍ച്ചയായി ആറു വര്‍ഷത്തോളം സി.ഡി.എസ്‌ ചെയര്‍പേഴ്‌സണായി. ഇപ്പോള്‍ സി.ഡി.എസ്‌ മെമ്പര്‍. സി.ഡി.എസ്‌ ചെയര്‍പേഴ്‌ണായിരുന്ന കാലത്ത്‌ ഇരുനൂറോളം സംഘക്കൃഷി ഗ്രൂപ്പുകളാണ്‌ ഓമനയുടെ നേതൃത്വത്തില്‍ കയ്‌പ്പമംഗലം പഞ്ചായത്തില്‍ രൂപീകരിച്ചത്‌. കൂടാതെ നിരവധി സൂക്ഷ്‌മസംരംഭങ്ങളും രൂപീകരിച്ചുകൊണ്ട്‌ ഓമന കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ കച്ചവടത്തിനായി പണിത മുറി വെറുതെ കിടക്കുന്നത്‌ പുതിയ എന്തെങ്കിലും സംരംഭത്തിനായി മാറ്റിയെടുക്കാമെന്ന്‌ അംഗങ്ങളെല്ലാം ചേര്‍ന്ന്‌ തീരുമാനിച്ചിരുന്നു. അഞ്ചു ലക്ഷം രൂപ വായ്‌പയെടുത്ത്‌ ആ മുറിയോടു ചേര്‍ന്ന്‌ ഒരു ഹാള്‍ പണിത്‌ വാടകയ്‌ക്കു കൊടുത്തു. അടുക്കളകൂടി പണിതാല്‍ കല്യാണമോ മറ്റു പരിപാടികളോ നടത്താന്‍ കഴിയുന്ന വിധത്തില്‍ ഹാള്‍ മാറ്റിയെടുക്കാന്‍ കഴിയുമെന്ന ആശയം ഉദിച്ചത്‌ അപ്പോഴാണ്‌. അതെങ്ങനെ ഫലപ്രദമായി നടത്താന്‍ പറ്റും എന്നതിനെ കുറിച്ചായി അടുത്ത ചിന്ത. അയല്‍ക്കൂട്ടത്തിലെ സമ്പാദ്യമായ രണ്ടര ലക്ഷം രൂപയും അതോടൊപ്പം പത്തു ലക്ഷം രൂപ വായ്‌പയുമെടുത്ത്‌ അടുക്കള, ബാത്ത്‌റൂം എന്നിവ പണിതു. കെട്ടിടത്തില്‍ വെളളവും വൈദ്യുതിയും എത്തിച്ചു. നൂറ്റമ്പതോളം പേര്‍ക്കിരിക്കാവുന്ന ഹാള്‍.
സി.ഡി.എസ്‌ ചെയര്‍പേഴ്‌സണ്‍ പദവി ഒഴിയുമ്പോള്‍ പഞ്ചായത്തിലും സമൂഹത്തിലും ഒരു മികച്ച സാമൂഹ്യ പ്രവര്‍ത്തക എന്ന പേര്‌ നേടിയെടുക്കാന്‍ ഓമനയ്‌ക്ക് കഴിഞ്ഞു. അതിന്റെ അടിത്തറ പാകിയത്‌ കുടുംബശ്രീ അനുഭവങ്ങളുടെ ഉള്‍ക്കരുത്താണ്‌. ഗ്രാമലക്ഷ്‌മി അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ക്കും തനിക്കും ഒരു മികച്ച വരുമാനദായക സംരംഭം എന്ന നിലയ്‌ക്കാണ്‌ ഇറച്ചിക്കട എന്ന ആശയം ഓമനയുടെ നേതൃത്വത്തില്‍ നടപ്പാക്കിയത്‌. അതിന്റെ ഭാഗമായി ശാസ്‌ത്രീയമായി ആടിനെ അറുക്കുന്ന രീതിയും ഇറച്ചി സംസ്‌ക്കരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശീലനം നേടാനാണ്‌ ഓമന, ഹസീന, ഫാത്തിമ, നജീറ, ഉഷ എന്നിവര്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ പോയത്‌. രാവിലെ തിയറി ക്‌ളാസ്‌ കഴിഞ്ഞ്‌ എല്ലാവരെയും പ്രാക്‌ടിക്കല്‍ സെഷന്‍ കാണിക്കാന്‍ കൊണ്ടു പോയി. ആടിനെ അറുക്കുന്ന സമയത്ത്‌ ചോര ചീറ്റിത്തെറിക്കുന്നത്‌ കണ്ടതും അഞ്ചു പേര്‍ക്കും തല കറങ്ങി. ഓമനയൊഴികെ ബാക്കിയുള്ളവര്‍ തൂണിന്റെ പിന്നിലൊളിച്ചു. കുറച്ചുനേരം പേടിച്ചു നിന്നെങ്കിലും ഓമന വീണ്ടും ധൈര്യം സംഭരിച്ച്‌ അതിന്റെ പ്രക്രിയകള്‍ മുഴുവന്‍ കണ്ടു മനസിലാക്കി.
രണ്ടാഴ്‌ച നീണ്ട പരിശീലനത്തിനൊടുവില്‍ എല്ലാവരുടെയും പേടി മാറി. ആടിനെ തനിയെ അറുക്കുന്ന വിധത്തില്‍ വൈദഗ്‌ധ്യം നേടി. പുരുഷന്‍മാരുടെ കുത്തകയായ ഇറച്ചിവെട്ട്‌ മേഖലയിലേക്ക്‌ ഓമനയുടെയും സംഘത്തിന്റെയും കടന്നു വരവ്‌ യാദൃശ്‌ചികമായിരുന്നു. കുടുംബശ്രീയുടെ ആടുഗ്രാമം പദ്ധതിയിലും അംഗങ്ങള്‍ പങ്കാളികളായിരുന്നു. എല്ലാവരുടെയും വീടുകളില്‍ ആട്‌ വളര്‍ത്തല്‍ ആരംഭിച്ചതോടെ ചെറിയ തോതില്‍ വരുമാനം ലഭിക്കാന്‍ തുടങ്ങി. തങ്ങളുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിനെ കുറിച്ച്‌ ഈ പെണ്‍കൂട്ടായ്‌മ ചിന്തിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ആട്ടിറച്ചി സംസ്‌ക്കരണ യൂണിറ്റ്‌ എന്ന ആശയം മനസില്‍ മുള പൊട്ടിയത്‌. അതിനിടെ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്‌തമായി നടത്തുന്ന പദ്ധതിയില്‍ ഇവരെ ഗുണഭോക്‌താക്കളായി തിരഞ്ഞെടുത്തത്‌ ആശയ സാക്ഷാത്‌ക്കാരത്തിന്‌ വേഗം കൂട്ടി. തുടര്‍ന്ന്‌ പുതുതായി തുടങ്ങിയ സംരംഭം ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു. കുടുംബശ്രീക്കു കീഴില്‍ സംസ്‌ഥാനത്തു പ്രവര്‍ത്തിക്കുന്ന ആദ്യ ആട്ടിറച്ചി സംസ്‌കരണ ശാലയാണ്‌ തൃശൂര്‍ കൈയ്‌പ്പമംഗലത്തു പ്രവര്‍ത്തിക്കുന്ന ഗ്രാമലക്ഷ്‌മി അയല്‍ക്കൂട്ടത്തിന്റേത്‌.
ഇവര്‍ സ്വന്തമായി വാങ്ങിയ സ്‌ഥലത്താണ്‌ ആട്ടിറച്ചി സംസ്‌ക്കരണ യൂണിറ്റിന്റെ പ്രവര്‍ത്തനം. ഓമന ഗോപി, നജീറ നൂറുദ്ദീന്‍, നിര്‍മല മോഹന്‍, ഉഷാ പ്രേമദാസ്‌ എന്നിവരാണ്‌ യൂണിറ്റിന്റെ സാരഥികള്‍. ഇവരാണ്‌ ആടിനെ വെട്ടി ഇറച്ചിയാക്കി വില്‍ക്കുന്നത്‌. പണി കൂടുതലുള്ള അവസരങ്ങളില്‍ ആടിന്റെ തോലുരിയ്‌ക്കാനും ഇറച്ചി നുറുക്കാനും അയല്‍ക്കൂട്ടത്തിലെ മറ്റുളളവരെ കൂടി വിളിക്കും. അന്നത്തെ ലാഭവിഹിതം തുല്യമായി വീതിച്ച്‌ അതിന്റെ പങ്ക്‌ അവര്‍ക്കും നല്‍കും. എങ്ങനെ പോയാലും ഒരാള്‍ക്ക്‌ അഞ്ഞൂറു രൂപയില്‍ കുറയാതെ കിട്ടും. അതു കൊണ്ട്‌ അവര്‍ക്കും സന്തോഷമാണ്‌. വെള്ളി, ബുധന്‍ ദിവസങ്ങളിലാണ്‌ വില്‍പന. ആവശ്യമനുസരിച്ച്‌ മറ്റു ദിവസങ്ങളിലും ആടിനെ വെട്ടി വില്‍പന നടത്തും. കുടുംബശ്രീ അംഗങ്ങളുടെ വീടുകളില്‍ വളര്‍ത്തുന്ന ആടുകളെയാണ്‌ ഇറച്ചിക്കായി ഉപയോഗിക്കുന്നത്‌. ആടിനെ വെട്ടുന്നതിനു മുമ്പും ശേഷവും മൃഗഡോക്‌ടറെ കൊണ്ടു വിശദമായ പരിശോധന നടത്തും. അതിനു ശേഷമാണ്‌ വില്‍ക്കുക. തുമ്പൂര്‍മൊഴി മാതൃകയില്‍ തികച്ചും ശാസ്‌ത്രീയമായ രീതിയിലാണ്‌ മാലിന്യ സംസ്‌കരണം.
''ഇറച്ചിക്കായി ആടുകളെ ലഭിക്കാന്‍ ബുദ്ധിമുട്ടില്ല. ഇപ്പോള്‍ ആടുകളെ ഹലാല്‍ രീതിയിലാണ്‌ അറുക്കുന്നത്‌. ആദ്യമൊക്കെ കിലോയ്‌ക്ക് 550 രൂപയ്‌ക്കാണ്‌ വിറ്റിരുന്നത്‌. മുപ്പത്തിയഞ്ച്‌ കിലോ തൂക്കമുള്ള ആടിനെ വരെ ഒരു ദിവസം ഇറച്ചിയാക്കി വിറ്റിട്ടുണ്ട്‌. ഇറച്ചിവെട്ടുള്ള ദിവസം രാവിലെ മുതല്‍ തന്നെ ആളുകള്‍ ഇറച്ചി വാങ്ങാന്‍ വന്നു തുടങ്ങും. കല്യാണം, കല്യാണ നിശ്‌ചയത്തിനും മറ്റു പരിപാടികള്‍ക്കും വലിയ ഓഡര്‍ കിട്ടുന്നുണ്ട്‌. ഈ പണി ചെയ്യുന്നതേറെയും ആണുങ്ങളാണല്ലോ? സ്‌ത്രീകളെ സംബന്ധിച്ച്‌ വളരെ ആയാസമുണ്ട്‌. പക്ഷേ ഞങ്ങള്‍ അതു കാര്യമാക്കാറില്ല. എത്ര കഷ്‌ടപ്പാടാണെങ്കിലും നല്ല വരുമാനമുള്ള ഒരു തൊഴില്‍ എന്ന നിലയ്‌ക്ക് വളരെ ഉത്സാഹത്തോടെയാണ്‌ ഞങ്ങള്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നത്‌. ആട്ടിറച്ചി എത്രയുണ്ടെങ്കിലും അത്‌ വിപണനം ചെയ്യുന്നതിന്‌ തടസമില്ല. അത്രയ്‌ക്ക് ആവശ്യക്കാരുണ്ട്‌. കൂടാതെ എല്ലാ ആഴ്‌ചയിലും ലുലുമാളിലേക്ക്‌ ആടിനെ നല്‍കാനുള്ള കരാറും ഞങ്ങള്‍ക്കുണ്ട്‌. അതുകൊണ്ട്‌ കൃത്യമായ രീതിയില്‍ വരുമാനം ലഭിക്കുന്നുണ്ട്‌''
ഓമന പറയുന്നു.
ഇറച്ചി വില്‍പന വഴി അംഗങ്ങള്‍ക്കെല്ലാം മാസം നല്ല വരുമാനവും ലഭിക്കുന്നുണ്ട്‌. ഒരു ദിവസം ശരാശരി നാല്‍പത്‌ കിലോ ഇറച്ചി വരെ വില്‍ക്കാന്‍ കഴിയുന്നുണ്ട്‌. സ്‌ഥിരം ജീവനക്കാരായ ഓമന, നജീറ, നിര്‍മല, ഉഷ എന്നിവര്‍ക്ക്‌ എല്ലാ മാസവും 15,000 രൂപയില്‍ കുറയാത്ത വരുമാനമുണ്ട്‌. ഇടയ്‌ക്ക് പണി കൂടുതലുള്ളപ്പോള്‍ വരുന്ന മറ്റുള്ളവര്‍ക്കും ദിവസം അഞ്ഞൂറു രൂപയോളം കിട്ടും. വരുമാനത്തിനു മുട്ടില്ലാത്തതു കൊണ്ട്‌ ആദ്യമെടുത്ത അഞ്ചു ലക്ഷം രൂപ വായ്‌പ പൂര്‍ണമായും തിരിച്ചടച്ചു. പത്തു ലക്ഷം രൂപ വായ്‌പയെടുത്തതിന്‌ മാസം 36,000 രൂപ അടയ്‌ക്കണം. അതും കൃത്യമായി അടയ്‌ക്കുന്നുണ്ട്‌. സംരംഭം വിപുലീകരിച്ച്‌ വരുമാനം കുറേ കൂടി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ കാലാവധിക്കു മുമ്പു തന്നെ വായ്‌പ തിരിച്ചടയ്‌ക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയും ഇവര്‍ക്കുണ്ട്‌. ഇപ്പോള്‍ വളരെ മികച്ച രീതിയില്‍ വരുമാനം കിട്ടുന്നതുകൊണ്ട്‌ കൂടെയുള്ളവര്‍ക്കെല്ലാം വളരെ സന്തോഷമാണ്‌.
കടയില്‍ വരുന്നവര്‍ക്കു മാത്രമല്ല, ഫോണ്‍വഴി ബുക്കു ചെയ്യുന്നവര്‍ക്ക്‌ പാഴ്‌സലായും വീടുകളില്‍ ഇറച്ചി എത്തിച്ചു കൊടുക്കാറുണ്ട്‌. അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഇറച്ചിക്ക്‌ ഓര്‍ഡറുണ്ട്‌. ആവശ്യാനുസരണം എത്തിച്ചു കൊടുക്കാനുളള സ്‌റ്റോക്കില്ലാത്തതിന്റെ പ്രശ്‌നമേയുള്ളൂ. ഇറച്ചി കേടു കൂടാതെ വയ്‌ക്കാന്‍ നല്ല പ്രവര്‍ത്തനക്ഷമതയുള്ള ശീതീകരണ യന്ത്രം വേണം. കടയില്‍ നിന്നും കൊണ്ടുപോകുന്ന ഇറച്ചി കേടുവരാതെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും എത്തിച്ചു കൊടുക്കാനും വാഹനത്തില്‍ ശീതീകരണ യന്ത്രം സജ്‌ജീകരിക്കണം. അതുകൂടി കിട്ടിയാല്‍ വ്യാപാരം ഉഷാറാക്കാന്‍ സാധിക്കുമെന്ന്‌ ഓമനയ്‌ക്കുറപ്പാണ്‌. ഇതിനുളള സാമ്പത്തിക സഹായം ലഭിക്കുന്നതിനായി ജില്ലാ മിഷനില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌. അതു കൊണ്ടു തന്നെ ഈ തൊഴില്‍ മേഖലയില്‍ കൂടുതല്‍ ശക്‌തമായി മുന്നോട്ടു കൊണ്ടു പോകാന്‍ തന്നെയാണ്‌ ഓമനയുടെയും സംഘത്തിന്റെയും തീരുമാനം.
പത്തൊമ്പത്‌ വര്‍ഷത്തെ നിസ്വാര്‍ത്ഥമായ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഓമനയ്‌ക്കും സഹപ്രവര്‍ത്തകര്‍ക്കും ദേശീയ തലത്തില്‍ അംഗീകാരവും ലഭിച്ചു. ഓമന ഗോപിക്ക്‌ ജീവിതത്തിലെ ഏറ്റവും അവിസ്‌മരണീയമായ നിമിഷമായിരുന്നു അത്‌. രാജ്യത്തെ മികവുറ്റ അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌ ന്യൂഡല്‍ഹിയിലെ പുസാ എ.പി.ഷിന്‍ഡെ ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ്ങ്‌ ടോമര്‍ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശംസാപത്രവുമടങ്ങിയ അവാര്‍ഡ്‌ സ്വീകരിക്കുമ്പോള്‍ ഒരു നിമിഷം ഓമനയുടെ കണ്ണുകള്‍ നിറഞ്ഞു. തൃശൂര്‍ അസിസ്‌റ്റന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ ബൈജു മുഹമ്മദ്‌ എം.എ, അയല്‍ക്കൂട്ടം ഭാരാഹികളായ ഓമന ഗോപി, നജീറ, സി.ഡി.എസ്‌ ചെയര്‍പേഴ്‌സണ്‍ മിനി.എ.കെ എന്നിവര്‍ സംയുക്‌തമായാണ്‌ അവാര്‍ഡ്‌ സ്വീകരിച്ചത്‌.
അവാര്‍ഡ്‌ കിട്ടിയത്‌ കൂടുതല്‍ ഉത്തരവാദിത്വങ്ങളാണ്‌ നല്‍കിയതെന്ന്‌ ഓമന പറയും. കാരണം ഗ്രാമലക്ഷ്‌മി സെന്റര്‍ എന്ന പേരില്‍ തങ്ങള്‍ നിര്‍മിച്ച കെട്ടിടത്തില്‍ ഇപ്പോള്‍ കൈമെയ്‌ മറന്ന്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തിരക്കിലാണ്‌ ഓമന ഗോപി. നാടെങ്ങും പേമാരിയും പ്രളയവും ഉരുള്‍പൊട്ടലുമൊക്കെയായി ജനങ്ങള്‍ തീരാദുരിതത്തിലാഴുമ്പോള്‍ അവരുടെ കണ്ണീരൊപ്പാനും ആവുന്നത്ര സഹായങ്ങളെത്തിക്കാനുമുള്ള പരിശ്രമങ്ങളിലാണ്‌ ഓമന. ഒപ്പം ഗ്രാമലക്ഷ്‌മിയിലെ അംഗങ്ങളും.

ആശ.എസ്‌. പണിക്കര്‍

Ads by Google
Saturday 01 Sep 2018 11.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW