Monday, June 17, 2019 Last Updated 9 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 11.39 PM

മഹാഗുരു..!

uploads/news/2018/09/245107/sun1.jpg

എറണാകുളം കാരിക്കാമുറി റോഡില്‍ 'സന്ധ്യ' എന്ന വീടിന്റെ ഗേറ്റ്‌ തള്ളിത്തുറന്ന്‌ ഒരു വൈകിട്ട്‌ തലയില്‍ നരയുടെ വെള്ളത്തൊപ്പിവച്ച ഒരു മനുഷ്യന്‍ കയറി വന്നു.
കോളിങ്‌ബെല്ലില്‍ വിരലമര്‍ത്തി അയാള്‍ അക്ഷമയോടെ കാത്തിരുന്നു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ അകത്തുനിന്നു പ്രായത്തെ തോല്‍പ്പിക്കുന്ന ചുറുചുറുക്കോടെ ഗൃഹനാഥന്‍ ഇറങ്ങിവന്നു.
പുറത്തുനില്‍ക്കുന്ന സന്ദര്‍ശകനെ അദ്ദേഹം ചോദ്യഭാവത്തില്‍ നോക്കി.
''മാഷ്‌ന് എന്നെ മനസ്സിലായോ?''
ചോദ്യംകേട്ട്‌ അദ്ദേഹം ആഗതനെ ഒന്നു സൂക്ഷിച്ചുനോക്കി ചോദിച്ചു:
''അയ്യരല്ലേ...?''
മറുപടികേട്ട്‌ അയ്യര്‍ സന്തോഷാശ്രുക്കളാല്‍ മാഷിന്റെ കാല്‍ക്കല്‍ വീണു.
തന്നെ നമസ്‌കരിച്ചു കിടക്കുന്ന ശിഷ്യനെക്കണ്ട്‌ മാഷിന്റെ ഓര്‍മകള്‍ ശരവേഗത്തില്‍ പിന്നിലേക്കോടിപ്പോയി.
ആലപ്പുഴയിലെ സനാതനധര്‍മ സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നസമയം പ്രധാനാധ്യാപകന്‍ പറഞ്ഞു:
''മാഷിന്‌ ഇന്ന്‌ ഒരു പ്രത്യേക ക്ലാസാണ്‌ ഞാന്‍ തരുന്നത്‌. പേടിക്കരുത്‌. ഈ സ്‌കൂളിലെത്തന്നെ ഏറ്റവും വലിയ ഉഴപ്പന്മാരും ഹെഡ്‌മാസ്‌റ്ററെ കത്തികൊണ്ടു കുത്താന്‍വന്ന രണ്ടുപേരും ആ ക്ലാസിലുണ്ട്‌. ഞങ്ങളൊക്കെ നോക്കിയിട്ടും അവരെ നേര്‍വഴിക്കു നയിക്കാന്‍ പറ്റുന്നില്ല. മാഷൊന്നു പോയിനോക്കൂ...''
പ്രധാനാധ്യാപകന്റെ നിര്‍ദേശാനുസരണം മാഷ്‌ ക്ലാസില്‍ച്ചെന്നു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ക്ലാസു തുടങ്ങി. സ്വരാക്ഷരങ്ങളില്‍ സ്‌നേഹവും വ്യഞ്‌ജനങ്ങളില്‍ കരുണയും ചില്ലക്ഷരങ്ങളില്‍ സഹാനുഭൂതിയും ചേര്‍ത്തു മാഷ്‌ അവരുടെ ഹൃദയം കവര്‍ന്നു. അന്നത്തെ വില്ലന്മാരില്‍ ഒരാളായിരുന്ന രാമചന്ദ്ര അയ്യര്‍ ശാസ്‌ത്രജ്‌ഞനായി മാറുകയും അമേരിക്കയില്‍ നിന്നുവന്നു തന്റെ മുന്നില്‍ നിറകണ്ണുകളോടെ നില്‍ക്കുന്നതെന്നും മാഷ്‌ തിരിച്ചറിഞ്ഞു.
അക്ഷരമാലയില്‍ സ്‌നേഹത്തിന്റെ വ്യാകരണം പകര്‍ന്ന ഈ മാഷിനെ ലോകം സാനു മാഷ്‌ എന്നു വിളിക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട എം.കെ. സാനുമാഷ്‌!

പ്രിയപ്പെട്ട ഗുരുനാഥന്‍

എണ്ണിയാലൊടുങ്ങാത്ത ശിഷ്യസമ്പത്തിനുടമയാണ്‌ സാനുമാഷ്‌ എന്ന ഗുരുനാഥന്‍. അതുപക്ഷേ ആലങ്കാരികതയ്‌ക്കപ്പുറം മലയാളം പ്രത്യക്ഷത്തില്‍ ദര്‍ശിച്ച കല്‌പനാവൈഭവമാണ്‌. പഴയകാല ശിഷ്യന്മാരുടെ പെണ്ണുകാണല്‍ച്ചടങ്ങില്‍ മിക്കവാറും കൂടെപ്പോയിരുന്നത്‌ അവരുടെ ഗുരുവായ സാനുമാഷായിരുന്നു. ഇന്നിതു കേള്‍ക്കുമ്പോള്‍ പലര്‍ക്കും അവിശ്വസനീയമായിത്തോന്നാം. മാഷ്‌ സ്വന്തം കാശുമുടക്കി വസ്‌ത്രങ്ങള്‍ വാങ്ങിയിട്ട്‌ ഇന്നേക്കു അറുപത്‌ വര്‍ഷമായി എന്നു കേള്‍ക്കുമ്പോള്‍ അതിനേക്കാള്‍ അല്‍ഭുതമായിത്തോന്നാം. ഇത്രയുംകാലം മാഷിനുള്ള വസ്‌ത്രങ്ങള്‍, പരശ്ശതം ശിഷ്യന്മാര്‍ കൊടുത്തുകൊണ്ടേയിരിക്കുന്നു.
വസ്‌ത്രങ്ങള്‍ക്കപ്പുറം മോരുകറി മുതല്‍ മീന്‍കറിവരെ ശിഷ്യര്‍ പലപ്പോഴായി മാഷിന്‌ എത്തിച്ചുകൊടുക്കുന്നു.
മുറിഞ്ഞുപോകാത്ത സ്‌നേഹത്തിന്റെ പവിത്രച്ചരടിനാല്‍ മാഷും ശിഷ്യരും ബന്ധിക്കപ്പെട്ടിരിക്കുന്നു. താന്‍ പഠിപ്പിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും തന്റെ മകനെപ്പോലെയോ മകളെപ്പോലെയോ കണക്കാക്കുന്നതാണ്‌ സാനു മാഷിന്റെ മാന്ത്രികത. അധ്യാപനം എന്നതു കേവലം ചടങ്ങല്ലാതിരുന്ന ഒരു മനുഷ്യസ്‌നേഹിയുടെ കരുതലായിരുന്നു ഓരോ പാഠഭാഗങ്ങളും.

മഹാരാജാസിലെ മഹാഗുരു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനം കഴിഞ്ഞ്‌ സാനുമാഷ്‌ 1955ല്‍ കൊല്ലം ശ്രീനാരായണകോളജില്‍ അധ്യാപകനായി. 1956 ഡിസംബറില്‍ എറണാകുളം മഹാരാജാസ്‌ കോളജിലെത്തി. പിന്നീട്‌ വിരമിക്കുന്നതുവരെ സാനുമാഷ്‌ എറണാകുളം മഹാരാജാസിലെ മഹാഗുരുവായി സേവനമനുഷ്‌ഠിച്ചു.
ശിഷ്യര്‍ വായിക്കുന്ന പാഠഭാഗങ്ങളിലായിരുന്നില്ല പകരം അവരുടെ മനസ്സിലായിരുന്നു മാഷ്‌ ജീവിച്ചത്‌. .
ഒരിക്കല്‍, മഹാരാജാസില്‍ ബിരുദത്തിനു പഠിച്ചിരുന്ന ഒരു പെണ്‍കുട്ടിക്കു മാനസികമായി ചില അസ്വസ്‌ഥതകളുണ്ടായിരുന്നത്‌ മാഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഹോസ്‌റ്റലിലായിരുന്നു അവള്‍ താമസിച്ചിരുന്നത്‌. മുറിയില്‍ വേറെ രണ്ടു മൂന്നു കുട്ടികളുമുണ്ടായിരുന്നു. മാഷ്‌ മറ്റാരേക്കാള്‍ ആ കുട്ടിയില്‍ ശ്രദ്ധചെലുത്തിയിരുന്നു.
ഒരു ദിവസം രാത്രി ഈ കുട്ടി തന്റെ കൂടെത്താമസിക്കുന്നവരെയെല്ലാം മുറിക്കു പുറത്താക്കി വാതിലടച്ചു. ആരൊക്കെ വിളിച്ചിട്ടും, എത്ര ശ്രമിച്ചിട്ടും അവള്‍ വാതില്‍ തുറന്നില്ല. സാനുമാഷ്‌ പറഞ്ഞാല്‍ അവള്‍ വാതില്‍ തുറക്കുമെന്നു കൂട്ടത്തില്‍ ആരോ പറഞ്ഞു. ഉടന്‍ ചില കുട്ടികള്‍ മാഷിനെ കൂട്ടിക്കൊണ്ടുവന്നു. മാഷ്‌ സ്‌നേഹപൂര്‍വം വിളിച്ചപ്പോള്‍ അവള്‍ വാതില്‍ തുറന്നു. ഇത്‌ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ മാഷ്‌ ആ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഒരു മന:ശാസ്‌ത്ര ചികില്‍സക്കു വിധേയമാക്കുകയും അസുഖം പൂര്‍ണമായി ഭേദമാവുകയും ചെയ്‌തു. ആ പെണ്‍കുട്ടി ഇന്നു കുടുംബിനിയായി ജീവിക്കുന്നു.

വിജയം ആശംസിക്കാന്‍ കഴിയില്ല
1957 കാലം.
ട്യൂട്ടോറിയല്‍ കോളജുകളാല്‍ സമൃദ്ധമായിരുന്നു അക്കാലത്ത്‌ കേരളം. ഒരു കോളജിന്റെ വാര്‍ഷികത്തിനു ആശംസാപ്രസംഗകനായി മാഷിനേയും വിളിച്ചു. തന്റെ പ്രസംഗത്തില്‍ മാഷ്‌ പറഞ്ഞു:
''കാര്യമൊക്കെ ശരിതന്നെ. എന്നെ ഈ പരിപാടിയില്‍ വിളിച്ച സംഘാടകരുടെ നല്ല മനസ്സിനു നന്ദി പറയുന്നതോടൊപ്പം മറ്റൊരു കാര്യവും ഞാന്‍ പറയട്ടെ; അതിതാണ്‌, എനിക്ക്‌ ഈ സ്‌ഥാപനത്തിന്‌ വിജയം ആശംസിക്കാന്‍ കഴിയില്ല.''
മാഷിന്റെ വാക്കുകേട്ട്‌ വേദിയും സദസ്സും ഒരു നിമിഷം സ്‌തബ്‌ധമായി.
സദസ്സിനെ സാകൂതം വീക്ഷിച്ചു മാഷ്‌ തുടര്‍ന്നു:
''ഞാന്‍ ഈ ട്യൂട്ടോറിയല്‍ കോളജിനു വിജയം ആശംസിച്ചാല്‍ എന്റെ വിദ്യാര്‍ത്ഥികള്‍, ഞാന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ തോല്‍ക്കുക എന്നതായിരിക്കും ഫലം.''
മാഷിന്റെ വാക്കുകള്‍ കേട്ടതോടെ സദസ്സിലെ അങ്കലാപ്പ്‌ കൈയടിയും പൊട്ടിച്ചിരിയുമായി മാറി.
ഒരു അധ്യാപകന്റെ നേരുള്ള മനസ്സില്‍നിന്നു വന്ന വാക്കുകളായിരുന്നു അത്‌. ഈ വാക്കിലെ നേരു കണ്ടാവണം അന്നു കേരളത്തിലെ ആഭ്യന്തരമന്ത്രിയും ആ പരിപാടിയിലെ മുഖ്യാതിഥിയുമായിരുന്ന വി.ആര്‍.കൃഷ്‌ണയ്യര്‍ നേരിട്ടുവന്നു പരിചയപ്പെട്ടു. ആ പരിചയം പിന്നീട്‌ കൃഷ്‌ണയ്യരുടെ ദേഹവിയോഗംവരെ തുടര്‍ന്നു.
അദ്ധ്യാപനവും എഴൂത്തും കഴിഞ്ഞാല്‍ മാഷ്‌ എക്കാലവും പ്രാധാന്യം കൊടുത്തിരുന്നത്‌ പ്രഭാഷണങ്ങള്‍ക്കാണ്‌. ദിവസേന പത്ത്‌ യോഗങ്ങളില്‍ വരെ സംബന്ധിക്കുന്ന മാഷിനെ അത്ഭുതത്തോടെയാണ്‌ പലരും നോക്കി കാണുന്നത്‌. തൊണ്ണൂറാം വയസിലും മാഷ്‌ ഈ ദിനചര്യ മാറ്റമില്ലാതെ തുടരുന്നു. റിട്ടയര്‍മെന്റിന്‌ ശേഷമുള്ള കാലം തന്നിലെ അദ്ധ്യാപകന്‍ സജീവമാകുന്നത്‌ പ്രസംഗസദസുകളിലാണെന്ന്‌ മാഷ്‌ വിശ്വസിക്കുന്നു.
പ്രസംഗത്തെക്കുറിച്ചു സാനുമാഷ്‌ പറയുന്നതിതാണ്‌:
''എഴുത്തിനു ചെയ്യാന്‍ കഴിയാത്തത്‌ പറയുമ്പോള്‍ സാധിക്കും.''

സ്വയം മാതൃകയാവുക

സമൂഹത്തോട്‌, പ്രത്യേകിച്ച്‌ അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും സാനുമാഷിന്‌ പറയാനുള്ളത്‌, മാതൃകയായി ജീവിക്കുകയെന്നതാണ്‌. ഇതു പറയാന്‍ മാഷിനെപ്പോലെ മറ്റൊരാള്‍ക്കും അര്‍ഹതയില്ലെന്നതും സത്യം. സാനു മാഷിന്റെ ജീവിതത്തിലെ സത്യസന്ധത ഒന്നുകൊണ്ടുമാത്രമാണ്‌ 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം നിയമസഭാമണ്ഡലത്തില്‍ നിന്നും ജനങ്ങള്‍ സമാനകളില്ലാത്ത വിജയം അദ്ദേഹത്തിന്‌ സമ്മാനിച്ചത്‌. ക്രൈസ്‌തവഭൂരിപക്ഷമുള്ള എറണാകുളം മണ്ഡലത്തില്‍ സാനുമാഷ്‌ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്വതന്ത്ര സ്‌ഥാനാര്‍ത്ഥയായി മല്‍സരിച്ചു. എല്ലാവരേയും അമ്പരപ്പിച്ച്‌ പതിനായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിക്ഷത്തില്‍ സാനു മാഷ്‌ വിജയിച്ചു. ഈ വിജയം മാഷിന്റെ രാഷ്‌ട്രീയബന്ധം കൊണ്ടായിരുന്നില്ല. പകരം ഒരു അധ്യാപകന്റെ നൈര്‍മല്യവും ശിഷ്യഗണങ്ങളുടെ ബാഹുല്യവുംകൊണ്ടായിരുന്നു. ശിഷ്യര്‍ എന്ന്‌ പറയുമ്പോള്‍ മാഷ്‌ അക്കാദമി തലത്തില്‍ പഠിപ്പിച്ചവര്‍ മാത്രമല്ല. ഏതെങ്കിലും വിധത്തില്‍ മാഷിന്റെ ഉപദേശ-നിര്‍ദ്ദേശങ്ങള്‍ ആരായാത്ത ആരും തന്നെ കേരളത്തിന്റെ സാമൂഹ്യ-രാഷ്‌ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലില്ല എന്ന്‌ പറഞ്ഞാല്‍ അത്‌ അതിശയോക്‌തിയല്ല.

നവതിയുടെ നിറവില്‍

2018 ഒക്‌ടോബര്‍ 27ന്‌ സാനുമാഷിന്‌ 90 വയസ്സു പൂര്‍ത്തിയാവും. ധന്യമായ നവതിക്കാലമാണിപ്പോള്‍ കടന്നുപോകുന്നത്‌. മാഷിന്റെ നവതിയാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ടു നടന്ന പരിപാടിയില്‍, മഹാരാജാസിലെ ക്ലാസുമുറിയില്‍ സാനുമാഷ്‌ വീണ്ടും അധ്യാപകനായി മാറി. അമ്പതില്‍പ്പരം ശിഷ്യന്മാര്‍ ക്ലാസില്‍ വീണ്ടും വിദ്യാര്‍ത്ഥികളുമായി.
അഗാധമായ നന്മയും അളവില്ലാത്ത കാരുണ്യവുമായി ഈ ഗുരു നമ്മുടെയെല്ലാം ജീവിതത്തെ ഉന്നതികളിലേക്ക്‌ നയിക്കാന്‍ ഇപ്പോഴും അക്ഷീണം പ്രയത്നിക്കുന്നു. ഗുരു എന്നതിന്റെ വ്യാകരണമായി മാറിയിരിക്കുന്നു സാനുമാഷ്‌. അറുപതോളം പുസ്‌തകങ്ങളും ഇക്കാലയളവില്‍ മാഷിന്റെ രചനാസൗഭഗങ്ങളായി വിലസുന്നു. എല്ലാറ്റിനും കൂട്ടായി പ്രിയപത്നി രത്നമ്മയും.

ഉമ ആനന്ദ്‌

Ads by Google
Saturday 01 Sep 2018 11.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW