Friday, April 19, 2019 Last Updated 17 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 11.39 PM

പ്രഭ ചൊരിയുന്ന മെഴുകുതിരിനാളം

uploads/news/2018/09/245103/sun3.jpg

ചാഞ്ഞു കിടക്കുന്ന മരച്ചില്ലയുടെ നിഴല്‍ വീണ വഴികളിലൂടെ ദൂരെ അയാളുടെ മെലിഞ്ഞരൂപം ദൃശ്യമായപ്പോള്‍ അവള്‍ എഴുന്നേറ്റു. ക്ഷീണമുണ്ടെങ്കിലും അവളെ കണ്ടമാത്രയില്‍ സൂര്യതേജസ്സ്‌ പോലെ ഒരൂര്‍ജം അയാളില്‍ നിറഞ്ഞു.
'വന്നിട്ടൊരുപാട്‌ നേരമായോ?'
അവള്‍ ഇല്ല എന്ന്‌ തലയാട്ടി. പൊതുനിരത്തിനടുത്തുള്ള പാര്‍ക്കിലെ ബെഞ്ചില്‍ അവര്‍ ഇരുന്നു. വെയില്‍ ചാഞ്ഞു തുടങ്ങിയിരുന്നു.
'അസ്‌തമയത്തിന ഇനി എത്ര നിമിഷം?' അവള്‍ അയാളുടെ കണ്ണിലേക്കു നോക്കി.
അയാള്‍ ഒന്നും പറയാതെ അവളുടെ ശിരസ്സില്‍ കൈ വച്ചു.
'നമ്മളൊന്നിച്ചാണ്‌ അസ്‌തമിക്കുക. മറുജന്മത്തില്‍ ഒന്നിച്ചുദിക്കും. ഈ ജന്മത്തിലെ കിട്ടാകടങ്ങളും കൊടുക്കാനാവാത്തതും ഒന്നൊന്നായി വീട്ടും. അതിനായാണ്‌ ഇപ്പൊ എന്റെ പ്രാര്‍ത്ഥന.'
ഏതോ ജന്മങ്ങളില്‍ പ്രണയിച്ചു പാതിവഴിയില്‍ നിന്ന്‌ പോയവര്‍. അത്രമേല്‍ അഗാധമായ പ്രണയം ഓരോ ജന്മത്തിലും കണ്ടുമുട്ടും. ഒന്നിച്ചുജീവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രണയിക്കും. വയലേലകളുടെ സുഗന്ധം വഹിക്കുന്ന ഇളംകാറ്റു പോലെ പ്രണയം അവരെ തഴുകി കടന്നുപോകും. കര്‍മബന്ധങ്ങളുടെയും ആദര്‍ശത്തിന്റെയും തെറ്റുശരികളുടെ വൃത്തത്തിനുള്ളില്‍ നിന്നവര്‍ മനസ്സുകൊണ്ട്‌ പ്രണയിച്ചു കൊണ്ടേയിരിക്കും. തനിയെ ഉരുകി പ്രഭ ചൊരിയുന്ന മെഴുകുതിരിനാളം കണക്കെ.
'ഇത്രനാള്‍ കാണാതിരുന്നിട്ട്‌ ഇപ്പോള്‍ എന്തിനാണ്‌ എന്നെ കാണാന്‍ വാശിപിടിച്ചത്‌?'
റിസ്വാന്‍ അവളുടെ മുടിയിഴകള്‍ ഒന്നൊതുക്കി.
'കാണാതെ മരിച്ചു പോകുമോ എന്നൊരു പേടി'.
'വായടയ്‌ക്ക്' അവന്റെ ദേഷ്യം കണ്ടവള്‍ മെല്ലെ പുഞ്ചിരിച്ചു.
ഓര്‍മവച്ച നാള്‍മുതല്‍ സുഹൃത്തുക്കളായിരുന്നവര്‍, ഏതോ നിമിഷത്തില്‍ പ്രണയബദ്ധരായി. അതവര്‍പോലും അറിയാതെ സംഭവിച്ചതായിരുന്നു. ഒരിക്കലും ഒരുമിക്കാനാവില്ല എന്നറിഞ്ഞിട്ടും പ്രണയിച്ചു. ഒന്നിച്ചു ജീവിക്കാനായി ഒരിടം കണ്ടെത്താനുള്ള ഓട്ടത്തിനിടയില്‍ പിടിക്കപ്പെട്ടു. അവളെ ഒരു രാത്രികൊണ്ട്‌ തന്നെ രാജ്യം കടത്താനവളുടെ വീട്ടുകാര്‍ക്ക്‌ കഴിഞ്ഞു. അവനെവിടെയാണെന്നറിയാതെ, എന്താണെന്നറിയാതെ കടന്നുപോയ വര്‍ഷങ്ങള്‍ക്കൊടുവില്‍ നാട്ടിലേക്കു തിരിച്ചു വരുമ്പോള്‍ എല്ലാം മാറിയിരുന്നു. മാതാപിതാക്കളുടെ കണ്ണീരു കണ്ട്‌, അവന്‍ വേറൊരാളുടെ സ്വന്തമായി കഴിഞ്ഞിരുന്നു.
പ്രണയത്തിന്റെ ശരി തെറ്റുകള്‍ വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമില്ല .ഇത്‌ തെറ്റ്‌, ഇത്‌ ശരി എന്ന്‌ സ്‌ഥാപിക്കുക ദുഷ്‌കരമാണ്‌. തന്റേതായ ശരി തെറ്റുകളിലൂടെ അപരന്റെ ജീവിതം നേര്‍ക്കാഴ്‌ചയാക്കാതിരിക്കുന്നതാണ്‌ നന്ന്‌.
മറ്റൊരാളെ വഹിക്കാന്‍ ഹൃദയത്തിനോ, ശരീരത്തിനോ ശക്‌തിയില്ല എന്ന തോന്നലിലാണ്‌ അവള്‍ വിവാഹിതയാവാതിരുന്നത്‌. അവന്‍ വിവാഹിതനായതുകൊണ്ടാണ്‌ കാണാന്‍ ശ്രമിക്കാതിരുന്നത്‌. എന്നിട്ടും ഒരു ദിവസം അവന്റെ ഭാര്യ അവളെ തേടി വന്നു.
'നിങ്ങളോട്‌ എനിക്കൊരു ദേഷ്യവും ഇല്ലാട്ടോ. എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്‌. അവര്‍ക്കു വലിയ ബഹുമാനമാണ്‌ നിങ്ങളെ. എപ്പോളും പറയും. വലിയ ഡോക്‌ടര്‍ ആണ്‌... നല്ല മിടുക്കി ആണ്‌ എന്നൊക്കെ. പത്രത്തില്‍ വരുന്ന ലേഖനങ്ങളിലെ ഫോട്ടോകള്‍ ഒക്കെ കാണിച്ചു തരും. അപ്പൊ നേരില്‍ കാണാന്‍ ഒരാഗ്രഹം.'
അവരുടെ കണ്ണില്‍നേര്‍ത്ത ഒരു പേടിയുണ്ടെന്ന്‌ അവള്‍ക്കു തോന്നി.
'പിന്നീട്‌ ഇതുവരെ റിസ്വാനെ ഞാന്‍ കാണാന്‍ ശ്രമിച്ചിട്ടില്ല. സത്യം... ഈ ജന്മം കാണുകയുമില്ല' അദിതി മെല്ലെ പറഞ്ഞു.
അവര്‍ തെല്ലു നേരം നിശ്ശബ്‌ദയായിരുന്നു.
'എന്തുകൊണ്ടാണ്‌ ഇക്ക നിങ്ങളെ ഇത്രയധികം സ്‌നേഹിക്കുന്നതെന്ന്‌ ഇപ്പോള്‍ എനിക്ക്‌ മനസിലായി...' യാത്ര പറയുമ്പോള്‍ അദിതിയുടെ കൈകള്‍ അവള്‍ കൈയിലെടുത്തു.
'അടുത്ത ജന്മം നിങ്ങളെടുത്തു കൊള്ളൂ അവരെ.'
അദിതിയുടെ കണ്ണുകള്‍ അതുകേട്ട്‌ നിറഞ്ഞൊഴുകി. ഒരേ പുരുഷനെ സ്‌നേഹിക്കുന്ന രണ്ടുപേര്‍ അയാളോടുള്ള സ്‌നേഹത്തിന്റെ തീവ്രതയില്‍, ആലിംഗനബദ്ധരായി.
'അദിതി നേരം ഇരുട്ടുന്നു രാത്രി വണ്ടിക്കു തിരിച്ചുപോകണം.' റിസ്വാന്‍ മെല്ലെ പറഞ്ഞു.
'ഉം' അദിതി എഴുന്നേറ്റു. ഉയര്‍ന്നുപൊങ്ങിയ കോട്ടണ്‍സാരിയുടെ തലപ്പ്‌ ഒതുക്കി അവള്‍ അയാള്‍ക്കൊപ്പം നടന്നു.
'എത്തിയാല്‍ വിളിക്കാം.'
'ഉം.'
അവള്‍ മെല്ലെ പുഞ്ചിരിച്ചു.
ആ ചിരിയുടെ നീല ഭംഗിയിലേക്ക്‌, പ്രപഞ്ചം മുഴുവന്‍ നിറയുന്ന വലിയ കണ്ണുകളിലേക്ക്‌, സ്‌നേഹത്തിന്റെ ഒറ്റത്തുരുത്തിലേക്ക്‌ അയാള്‍ ഇമവെട്ടാതെ നോക്കിനിന്നു.
'ആ വേദന വീണ്ടും വന്നു. അല്ലേ? 'അദിതി മുഖം കുനിച്ചു.
'അതാണോ കാണണം എന്ന്‌ തോന്നിയത്‌?'
അവളുടെ കണ്ണ്‌ തുളുമ്പി.
ഏതുനിമിഷവും നിന്നു പോയേക്കാവുന്ന ഒരു ഹൃദയം ആണ്‌ തന്റേത്‌ എന്ന്‌ അദിതി റിസ്വാനോട്‌ പറഞ്ഞില്ല. തന്റെ നിമിഷങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു എന്നും പറഞ്ഞില്ല. ഒരു ഉറക്കത്തിലില്ലാതെയായാല്‍ ഒരിക്കലൂം കാണാന്‍ കഴിയാതെ പോകേണ്ടി വന്നാല്‍ തന്റെ ആത്മാവിന്‌ ശാന്തികിട്ടില്ല എന്നും പറഞ്ഞില്ല.
തീരെ നിനച്ചിരിക്കാത്ത ഒരു നിമിഷത്തില്‍ ഇരുള്‍വീണ വഴിയരികിലെ വൃക്ഷത്തണലില്‍ വിജനമായ ഒരു മറവില്‍ അവനവളെ നെഞ്ചിലേക്കമര്‍ത്തി ദീര്‍ഘമായി ചുംബിച്ചു. ചുംബനത്തിനൊടുവില്‍ തളര്‍ന്നുപോയ അവളുടെ ഉടല്‍ തന്നോട്‌ അണച്ച്‌ പിടിച്ചു.
'ഏഴു ജന്മവും ഞാന്‍ നിന്റേതു മാത്രമായിരിക്കും.'
അദിതിക്ക്‌ ഇടനെഞ്ചില്‍ ഒരു വേദന വന്നു. അതുമറച്ച്‌ അവള്‍ പുഞ്ചിരിച്ചു. റയില്‍വേ സ്‌റ്റേഷനില്‍ അവന്റെ ഇരിപ്പിടത്തിനു വെളിയിലായി അവള്‍ നിന്നു.
'വിഷമിക്കാതിരിക്കണേ'
കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളില്‍ അവനെപ്പോളും പറഞ്ഞിരുന്ന ഒരു വാചകവുമതായിരുന്നു. ട്രെയിന്‍ നീങ്ങിത്തുടങ്ങി.
ഇടനെഞ്ചിലെ വേദന കടിച്ചമര്‍ത്തി അവള്‍ നടന്നു. അസ്‌തമയം ആയിക്കഴിഞ്ഞിരുന്നു. ഇരുള്‍വീണ വഴിയിലൂടെ അവള്‍ നടക്കുമ്പേള്‍, ഉള്ളിലൊരു ദീപക്കാഴ്‌ചപോലെ അവന്റെ മുഖം. ആ ഓര്‍മയുടെ തണുപ്പില്‍ അവള്‍ നടന്നുകൊണ്ടേയിരുന്നു മരണത്തിന്റെ നിത്യശാന്തിയിലേക്കു ഒരു ഞൊടി ദൂരമേയപ്പോള്‍ ഉണ്ടായിരുന്നുള്ളു.

അമ്മു സന്തോഷ്‌

Ads by Google
Saturday 01 Sep 2018 11.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW