Saturday, September 01, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 02.51 PM

ലിസ്റ്റീരിയോസിസ് – ഈ ഭക്ഷ്യവിഷബാധ ഗുരുതരമാണ്!

Listeriosis

എന്താണ് ലിസ്റ്റീരിയോസിസ്? (What is listeriosis)

മലിനമായ ആഹാരത്തിലൂടെ പകരുന്ന ഗുരുതരമായ അണുബാധയാണ് ലിസ്റ്റീരിയോസിസ്. ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് എന്ന ബാക്ടീരിയയാണ് ഇതിനു കാരണമാവുന്നത്.

കാരണങ്ങൾ (Causes)


മണ്ണ്, വെള്ളം, മൃഗങ്ങളുടെ വിസർജ്യം എന്നിവയിൽ കാണപ്പെടുന്ന ലിസ്റ്റീരിയ എന്ന വിഭാഗത്തിൽ പെടുന്ന ബാക്ടീരിയയാണ് ലിസ്റ്റീരിയോസിസിനു കാരണമാവുന്നത്. ഇവയുടെ സാന്നിധ്യമുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെയാണ് അണുബാധയുണ്ടാവുന്നത്;

1. പാകംചെയ്യാത്ത പച്ചക്കറികളും മാംസവും
2. തിളപ്പിക്കാത്ത അല്ലെങ്കിൽ പാസ്ചുറൈസു ചെയ്യാത്ത പാലും പാൽ ഉത്പന്നങ്ങളും
3. ധാന്യത്തിന്റെ മുളകൾ, ഉണക്കിയ കടൽ ഭക്ഷണങ്ങൾ, ചിലതരം ചീസുകൾ അല്ലെങ്കിൽ പാകംചെയ്ത മാംസം ഗർഭിണികൾ മലിനമായ ഭക്ഷണം കഴിക്കുകയാണെങ്കിൽ കുട്ടികൾക്ക് , ജന്മനാ തന്നെ ലിസ്റ്റീരിയ അണുബാധ ഉണ്ടായേക്കാം.

മറ്റു ബാക്ടീരിയകളിൽ നിന്ന് വ്യത്യസ്തമായി, റഫ്രിജറേറ്ററിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ പോലും ലിസ്റ്റീരിയയ്ക്ക് അതിജീവനവും സങ്കലനവും സാധ്യമാണ്. എന്നാൽ, ചില പ്രോസസു ചെയ്ത ഭക്ഷണപദാർത്ഥങ്ങളിൽ, അവ പാകം ചെയ്ത ശേഷം പായ്ക്ക് ചെയ്യുന്നതിനു മുമ്പായിരിക്കും അണുബാധ ഉണ്ടാകുന്നത്.

ഇനി പറയുന്നവർക്ക് ഇത്തരം അണുബാധ ഉണ്ടാകാനുള്ള അപകടസാധ്യതയുണ്ട്;

1. ഗർഭിണികൾ
2. നവജാതശിശുക്കൾ
3. വയസ്സായവർ ( 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ)
4. പ്രതിരോധശേഷി കുറഞ്ഞ ആളുകൾ

ലക്ഷണങ്ങൾ (Symptoms)


ലിസ്റ്റീരിയോസിസ് ബാധിച്ചവർക്ക് ഇനി പറയുന്ന ലക്ഷണങ്ങൾ ഉണ്ടാകാം;

1. പനി
2. പേശിവേദന
3. കഴുത്തിന് വഴക്കമില്ലായ്മ
4. ചിലപ്പോൾ, വയറിളക്കം അല്ലെങ്കിൽ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ലക്ഷണങ്ങൾ
അണുബാധ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്.

ഗർഭിണികൾക്ക് പനിയും ക്ഷീണവും ശരീരവേദനയും പോലെ ഇതുമായി ബന്ധമില്ലാത്ത ലക്ഷണങ്ങളായിരിക്കും ഉണ്ടാകുക.

രോഗനിർണയം (Diagnosis)


ലിസ്റ്റീരിയോസിസ് ബാധയുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ, രോഗനിർണയത്തിനായി രക്തം, മൂത്രം, സ്പൈനൽ ഫ്ളൂയിഡ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും.
Listeriosis

ചികിത്സ (Treatment)


സാധാരണയായി, ഗുരുതരമല്ലാത്ത ലക്ഷണങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ ഭേദമാവും. അണുബാധയ്ക്കെതിരെ ആന്റിബയോട്ടിക്കുകളാണ് നൽകാറുള്ളത്. ഗർഭിണികൾക്ക് ആന്റിബയോട്ടിക് കുത്തിവയ്പുകളും നൽകിയേക്കാം. അണുബാധയുടെ തീവ്രത അനുസരിച്ചായിരിക്കും ആന്റിബയോട്ടിക് ചികിത്സയുടെ കാലാവധി.

പ്രതിരോധം (Prevention)


ലിസ്റ്റീരിയ അണുബാധ പ്രതിരോധിക്കുന്നതിനുള്ള പൊതുവായ ടിപ്പുകളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

1. പഴങ്ങളും പച്ചക്കറികളും മറ്റും ഭക്ഷിക്കുന്നതിനും പാകപ്പെടുത്തുന്നതിനും മുമ്പ് നല്ലവണം കഴുകി വൃത്തിയാക്കുക.
2. പച്ചക്കറികളും മറ്റ് ഭക്ഷണപദാർത്ഥങ്ങളും വൃത്തിയാക്കിയ ശേഷം കത്തികളും കട്ടിംഗ് ബോർഡും മറ്റും വൃത്തിയാക്കിവയ്ക്കുക.
3. വൃത്തിയാക്കാത്ത ഇറച്ചിയോ പച്ചക്കറികളോ സൂക്ഷിച്ച ശേഷം റഫ്രിജറേറ്റർ വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കുക.
4. ഇറച്ചിയും മറ്റും ശരിയായ താപനിലയിൽ വേവിക്കുക.
5. പാകംചെയ്യുന്നതിനുള്ളതോ പാകംചെയ്തതോ ആയ ഭക്ഷണങ്ങൾ റഫ്രിജറേറ്ററിനുള്ളിൽ കൂടുതൽ സമയം സൂക്ഷിക്കരുത്.
6. അണുനശീകരണം നടത്താത്ത പാൽ അല്ലെങ്കിൽ പാൽ ഉത്പന്നങ്ങൾ ഒഴിവാക്കുക.
7. മാളുകളിൽ നിന്ന് റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരിക്കുന്ന സ്മോക്ക്ഡ് സീഫുഡ് വാങ്ങുന്നത് ഒഴിവാക്കുക.

സങ്കീർണതകൾ (Complications)


ഗുരുതരമല്ലാത്ത ലിസ്റ്റീരിയ അണുബാധ ഉത്കണ്ഠയുടെ കാര്യമല്ല. എന്നാൽ, ഗുരുതരമായ അണുബാധ ഇനി പറയുന്ന അവസ്ഥകൾക്ക് കാരണമായേക്കാം;

1. രക്തത്തിലെ അണുബാധ (സെപ്റ്റീസിമിയ)
2. മെനിഞ്ജൈറ്റിസ് (തലച്ചോറിനെ ചുറ്റിയുള്ള ആവരണങ്ങൾക്കും ദ്രാവകത്തിനും ഉണ്ടാകുന്ന കോശജ്വലനം)

ഗർഭകാലത്ത് ലിസ്റ്റീരിയോസിസ് ഉണ്ടായായാൽ ഇനി പറയുന്ന അപകടസാധ്യതകൾ ഉണ്ടാകാം;

1. ഗർഭമലസൽ
2. മാസംതികയാതെയുള്ള പ്രസവം
3. ചാപിള്ളയെ പ്രസവിക്കൽ
4. മെനിഞ്ജൈറ്റിസ് പോലെയുള്ള മാരകമായ അണുബാധകൾ

അടുത്ത നടപടികൾ (Next Steps)


നിങ്ങൾക്ക് ലിസ്റ്റീരിയോസിസ് ബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചാൽ, ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക് കോഴ്സ് പൂർത്തിയാക്കുകയും തുടർന്നുള്ള പരിശോധനകൾക്ക് വിധേയമാവുകയും ചെയ്യുക. അടുക്കളയിലും ഫ്രിഡ്ജിലും ലിസ്റ്റീരിയ ബാക്ടീരിയകൾ വളരാനുള്ള സാഹചര്യമൊരുക്കരുത്. ഭക്ഷണം പാകം ചെയ്യുന്നതിലും ശുചിത്വം പാലിക്കുന്നതിലും വീഴ്ചവരുത്താതിരിക്കുക.

അപകടസൂചനകൾ (Red Flags)


നിങ്ങൾക്ക് ലിസ്റ്റീരിയോസിസ് അണുബാധ ഉണ്ടെന്ന് സംശയിക്കുന്നുവെങ്കിലോ അണുബാധയുള്ള ഭക്ഷണം കഴിച്ചുവെന്ന് സംശയമുണ്ടെങ്കിലോ ഉടൻ ഡോക്ടറുടെ ഉപദേശം തേടുക. ലിസ്റ്റീരിയ ബാധയ്ക്കുള്ള അപകടസാധ്യത കൂടുതൽ ഉള്ളവരാണെങ്കിൽ ഡോക്ടറെ സന്ദർശിക്കുന്നതിൽ കാലതാമസം വരുത്തരുത്.

കടപ്പാട്: modasta.com

Ads by Google
Saturday 01 Sep 2018 02.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW