Wednesday, June 12, 2019 Last Updated 7 Min 34 Sec ago English Edition
Todays E paper
Ads by Google
വി.പി. നിസാര്‍
Saturday 01 Sep 2018 08.22 AM

വീടിനുള്ളില്‍ രണ്ടാള്‍ പൊക്കത്തില്‍ വെള്ളം ; 23 ദിവസം പ്രായമായ കുട്ടിയുമായി ചെറിയതോണിയില്‍ രണ്ടു കിലോമീറ്റര്‍ ; ജൈസല്‍ ചവിട്ടുപടിയായ കാഴ്ച കാട്ടിത്തന്ന നയീമിന് ഈ ദൃശ്യം പകര്‍ത്താന്‍ കഴിയാത്തതില്‍ ദു:ഖം

uploads/news/2018/09/245012/jaisel.jpg

മലപ്പുറം: സഹജീവികളോടുള്ള കാരുണ്യത്തിന്റെ ഏറ്റവും വലിയ ദൃശ്യം മൊെബെലില്‍ പകര്‍ത്തി ലോകത്തിനു കാട്ടിക്കൊടുത്ത യുവാവിന് അതിലും വലിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യം കൈവിട്ടതില്‍ മനപ്രയാസം. പ്രളയത്തില്‍പ്പെട്ടവരെ ഡിങ്കിബോട്ടില്‍ രക്ഷപ്പെടുത്താന്‍ സ്വന്തംശരീരം മത്സ്യത്തൊഴിലാളിയായ ജൈസല്‍ ചവിട്ടുപടിയാക്കുന്ന കാഴ്ച ചിത്രീകരിച്ച വേങ്ങര മുതലമാട്ടിലെ വി.കെ. നയിമാണ് ഇതോര്‍ത്തു വിഷമിക്കുന്നത്.

ഇതിനേക്കള്‍ ദുരിതം അനുഭവിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായതാണു കാരണം. 23 ദിവസം പ്രായമായ കുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യമാണു പകര്‍ത്താന്‍ കഴിയാതെ പോയത്. രണ്ടുകിലോമീറ്ററോളം വെള്ളത്തിലൂടെ രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിനെ കരയ്ക്കു കൊണ്ടുവന്നത് ഒരിക്കലും മറക്കാനാകില്ല. ജൈസലിന്റെ കാരുണ്യപ്രവര്‍ത്തനത്തിനു തലേദിവസമായിരുന്നു ഇത്.

വേങ്ങര മുതലമാട് പെരുമ്പുഴക്കടുത്തായിരുന്നു ആ രക്ഷാപ്രവര്‍ത്തനം. രണ്ടാള്‍ പൊക്കത്തില്‍ വീടുകളില്‍ വെള്ളം കയറി. ഇതിനിടെയാണ് ഒരുവീട്ടില്‍ നവജാത ശിശുവുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്നു ചെറിയ തോണി സംഘടിപ്പിച്ചു. ശക്തമായ ഒഴുക്കുള്ളതിനാല്‍ തോണി നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇതോടെ വെള്ളത്തിന് മുകളിലൂടെ വീടു വരെ പ്ലാസ്റ്റിക് കയര്‍ കെട്ടി.

കുഞ്ഞിനെയും വീട്ടുകാരെയും തോണിയില്‍ ഇരുത്തി കയറില്‍പ്പിടിച്ച് കരക്കെത്തിച്ചു. ട്രോമാകെയര്‍ ലീഡര്‍ അബ്ബാസിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ഇടയ്ക്ക് തോണിയുടെ നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ കയറില്‍പിടിച്ചു തള്ളിയും പുറത്തു വെള്ളത്തില്‍ ചാടിയുമാണ് കരക്കെത്തിച്ചത്. സ്വന്തം ജീവന്‍പോലും ശ്രദ്ധിക്കാതെ മത്സ്യത്തൊഴിലാളികളായ ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനം തന്നെ അത്ഭുതപ്പെടുത്തിയതായി പ്രവാസിയായ നയിം പറഞ്ഞു.

സൗദിയിലെ ദമാമില്‍ ജോലിചെയ്യുന്ന ഇദ്ദേഹം രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പ്രളയക്കെടുതി ശക്തമായതോടെ തട്ടാഞ്ചേരി മലയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കഴിഞ്ഞ 17ന് താനൂരില്‍നിന്നു ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ വേങ്ങരയിലെത്തിയത്. ആദ്യദിവസമാണ് കുഞ്ഞിനെ രക്ഷിച്ചത്. അന്നു ജൈസല്‍ സംഘത്തോടൊപ്പം ഇല്ലായിരുന്നു.

പിറ്റേദിവസം വൈകിട്ടാണു വന്നത്. അഞ്ചുമണിയോടെ ദൗത്യം അവസാനിപ്പിച്ചു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണ് തട്ടാഞ്ചേരി മലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് തഹസില്‍ദാര്‍ മുന്നറിയിപ്പ് നല്‍കിയത്. മടങ്ങാന്‍ തയാറെടുക്കുന്ന എന്‍.ഡി.ആര്‍.എഫിന്റെ ഡിങ്കിയില്‍ മത്സ്യത്തൊഴിലാളികളായ അബ്ബാസ്, ജൈസല്‍, ജസീല്‍ എന്നിവരോടൊപ്പം നയിമും വെള്ളം കയറിയ വീടുകള്‍ തേടിയിറങ്ങി.

സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യം ബോട്ടില്‍ കയറ്റിയത്. തേര്‍ക്കയം പാലത്തിന് സമീപത്തുനിന്നുള്ള പ്രായമായ സ്ത്രീകള്‍ക്ക് ഡിങ്കിയിലേക്ക് കയറാന്‍ സാധിച്ചില്ല. ഇതോടെയാണു മുതുക് ചവിട്ടുപടിയാക്കി നല്‍കിയത്. ഇതിനു സാക്ഷ്യംവഹിച്ച നയിം ദൃശ്യം മൊെബെല്‍ ഫോണില്‍ പകര്‍ത്തി.അതിന്റെ ചാരിതാര്‍ഥ്യം മനസിലുണ്ട്. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് തന്റെ ഫെയ്‌സ്ബുക്ക്‌പേജില്‍ അദ്ദേഹം വീഡിയോ പങ്കുവച്ച് ഒരുമണിക്കുറിനകം ഒരുലക്ഷം പേര്‍ കണ്ടു. തുടര്‍ന്ന് അനേക ലക്ഷങ്ങള്‍ വീക്ഷിച്ചു.

ആയിരങ്ങള്‍ ഷെയര്‍ചെയ്തു. പിന്നീട് ദൃശ്യം വാട്‌സ്ആപ്പിലൂടെയും വ്യാപകമായി പ്രചരിച്ചു. വിദേശങ്ങളിലെ ഉള്‍പ്പെടെ മുഴുവന്‍ ചാനലുകളും സംപ്രേഷണം ചെയ്തത് ഈ വീഡിയോയാണ്. ഇപ്പോള്‍ ജൈസലും നയിമും അടുത്ത സുഹൃത്തുക്കളാണ്.

അമ്പതോളം കുടുംങ്ങളെ രക്ഷപ്പെടുത്താന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും. നാളെ അവധി കഴിഞ്ഞ് തിരിച്ചു പോകേണ്ടതായിരുന്നു. ഒരുമാസത്തേക്കു കൂടി അവധി നീട്ടാന്‍ സ്‌പോണ്‍സറോട് ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ പകര്‍ത്തിയ ദൃശ്യത്തിനു കിട്ടിയ വരവേല്‍പ്പില്‍ നയിം അഭിമാനിക്കുന്നു. രക്ഷകനെ കാട്ടിക്കൊടുക്കാനായതില്‍ ഏറെ സന്തോഷവുമുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW