Monday, April 22, 2019 Last Updated 11 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.29 AM

കല്‍പ്പാന്തത്തിലും കടപുഴകാത്ത നന്മമരങ്ങള്‍

uploads/news/2018/09/244931/2.jpg

മലയാളിയുടെ അഭിമാനവും കൂട്ടായ്‌മയും നഷ്‌ടപ്പെടുത്താന്‍ ഒരു പ്രളയത്തിനും കഴിയില്ലെന്നു തെളിയിച്ച ദിവസങ്ങള്‍. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ നമുക്കു കഴിയുമെന്ന ആത്മവിശ്വാസം വീണ്ടെടുത്ത ദിവസങ്ങളിലൂടെയാണു നമ്മള്‍ കടന്നുപോയത്‌. ഒരു ശരാശരി മലയാളിക്ക്‌ അഭിമാനിക്കാന്‍ ഇതില്‍പ്പരമെന്തുവേണം? ജാതിയും മതവും ദേശവും രാഷ്‌്രടീയവിശ്വാസങ്ങളും വിഭിന്നമാണെങ്കിലും യഥാര്‍ഥ പോര്‍മുഖങ്ങളില്‍ ഒരു സൈന്യത്തിന്റെ അര്‍പ്പണവും വീറും വാശിയും സംഘാടനവും നിര്‍വഹിക്കാന്‍ അത്തരം ഭിന്നതകള്‍ തടസമാകില്ലെന്നു ലോകത്തെ ഓര്‍മിപ്പിച്ച ദിവസങ്ങള്‍.
പ്രളയത്തിന്റെ ദിവസങ്ങളില്‍ ചങ്ങനാശേരി ബോട്ടുജെട്ടിയില്‍ കുട്ടനാടിന്റെ മക്കളെ രക്ഷിച്ചുകൊണ്ടുവരാന്‍ എല്ലാവരും ഒരുമിച്ചു കാണിച്ച സമര്‍പ്പണത്തിന്റെ നിമിഷങ്ങള്‍ ഇന്നും മനസില്‍ സൂക്ഷിക്കുകയാണ്‌.
ദുരന്തമുഖങ്ങളിലേക്കു വള്ളവുമെടുത്തു തുഴഞ്ഞുപോയ കറുകച്ചാലിലെ സുഹൃത്ത്‌, ടോറസുകള്‍ ഉള്‍പ്പെടെ കൈവശമുള്ള എല്ലാ വാഹനവും ഇതിനായി വിട്ടുനല്‍കിയ സുമനസുകള്‍, കണ്‌ഠമിടറാതെ ദിവസങ്ങളോളം തുടര്‍ച്ചയായി മൈക്കിലൂടെ നിര്‍ദേശം നല്‍കിക്കൊണ്ടിരുന്ന ഡോക്‌ടര്‍, സന്നദ്ധ പ്രവര്‍ത്തകരുടെ അണമുറിയാത്ത സാന്നിധ്യം ഇവയെല്ലാം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആരും ആരുടെയും നിര്‍ദേശങ്ങള്‍ക്കായി കാത്തു നില്‍ക്കാതെ ആര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കാതെ അവരവര്‍ക്ക്‌ കഴിയുന്ന കാര്യങ്ങള്‍ ഏറ്റെടുത്ത്‌ കുറവുകള്‍ പരിഹരിക്കുന്ന കാഴ്‌ചകള്‍. മനുഷ്യനിലെ ദൈവികത്വം വെളിപ്പെട്ട നിമിഷങ്ങള്‍. ഒറ്റമനസോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും ആരും കാത്തുനില്‍ക്കുന്നില്ല.
എവിടെയോ പ്രളയത്തിലകപ്പെട്ട അജ്‌ഞാതര്‍ക്ക്‌ വേണ്ടിയെത്തുന്ന ഫോണ്‍കോളുകള്‍, അവര്‍ക്ക്‌ നല്‍കുന്ന കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍, രക്ഷപ്പെട്ടെത്തുന്ന വൃദ്ധരെ കോരിയെടുത്ത്‌ കഴുത്തറ്റം വെളത്തിലൂടെ നടന്നുവരുന്ന സന്നദ്ധഭടന്‍മാര്‍, തണുത്തുവിറങ്ങലിച്ച്‌ വരുന്നവര്‍ക്ക്‌ ചൂടുകാപ്പിയുമായി കാത്തുനില്‍ക്കുന്നവര്‍, വാക്കുകള്‍ക്കപ്പുറത്ത്‌ വാചാലാമായിരുന്നു ആ പ്രവര്‍ത്തന പഥങ്ങള്‍.
ആര്‍ദ്രമായ മനസുകളുടെ പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനകളും അങ്ങകലെയുള്ള ജലപ്പരപ്പില്‍ കരകയറാന്‍ കാത്തുനില്‍ക്കുന്നവരുടെ ജീവനുവേണ്ടി മാത്രമായിരുന്നു. ബോട്ടുജട്ടിയിലെ കുരിശുപള്ളിക്കകം മുഴുവന്‍ ഭക്ഷണപ്പൊതികളും വസ്‌ത്രങ്ങളും നിറഞ്ഞുകൊണ്ടിരുന്നു.
ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നു വിളിക്കാന്‍ കഴിയാത്തവയായിരുന്നു ഞങ്ങളുടെ നാട്ടിലെ ക്യാമ്പുകള്‍. തങ്ങളുടെ സ്‌ഥലത്ത്‌ ക്യാമ്പ്‌ ആരംഭിക്കാത്തത്‌ എന്തേയെന്ന്‌ സ്‌നേഹംകൊണ്ട്‌ പരിഭവം പറഞ്ഞ നാട്ടുകാരുണ്ട്‌. ക്യാമ്പ്‌ തുടങ്ങാന്‍ സാധ്യതയുണ്ടെന്ന്‌ കണ്ട്‌ ആളുകളെ എത്തിക്കുന്നതിന്‌ മുന്‍പേ അമല്‍ജ്യോതി എന്‍ജിനീയറിങ്‌ കോളജില്‍ ആയിരത്തോളം പൊതിച്ചോറുകളാണ്‌ സന്നദ്ധ പ്രവര്‍ത്തകരെത്തിക്കാന്‍ ശ്രമിച്ചത്‌. അവിടെ ക്യാമ്പില്ലയെന്നറിഞ്ഞപ്പോള്‍ അതുമായി ചങ്ങനാശേരിയിലേക്ക്‌.
തീരുമാനങ്ങള്‍ക്ക്‌ ഇത്രവേഗമോയെന്ന്‌ അത്ഭുതപ്പെട്ടുപോയി. മലപ്പുറത്തുനിന്ന്‌ ഒരു ലോറി നിറയെ സാധനങ്ങളുമായി വന്ന അജ്‌ഞാതരായ ചെറുപ്പക്കാര്‍, രാത്രിയെ പകലാക്കിയ സന്നദ്ധപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ക്യാമ്പുകളിലെ പിരിമുറുക്കങ്ങളെ പൊട്ടിച്ചെറിയാന്‍ സഹായിച്ച കലാകാരന്മാര്‍. ഇതെല്ലാം നന്മയുടെയും ഗ്രാമസൗന്ദര്യത്തിന്റെയും വര്‍ത്തമാനകാലത്തെ നേര്‍ക്കാഴ്‌ചകളായിരുന്നു. ഇവിടെയാരും അന്യരല്ലെന്നു പഠിപ്പിച്ച പാഠങ്ങള്‍, കുട്ടനാടിന്റെ ഹൃദയത്തില്‍ നിന്നെത്തിയ അജ്‌ഞാതരായവര്‍ സഹോദരങ്ങളെപ്പോലെ പ്രിയപ്പെട്ടവരാകാന്‍അധികം സമയം വേണ്ടിവന്നില്ല.
സമാനതകളില്ലാത്ത കാഴ്‌ചകളായിരുന്ന ക്യാമ്പുകളില്‍. അതിഥി ദേവോ ഭവ എന്ന സൂക്‌തം അക്ഷരാര്‍ത്ഥത്തില്‍ അടുത്തറിഞ്ഞ നിമിഷങ്ങള്‍. പാഠപുസ്‌തകങ്ങള്‍ നഷ്‌ടപ്പെട്ട കുട്ടികള്‍ക്ക്‌ പകരം പഠനോപകരണങ്ങള്‍ നല്‍കിയപ്പോള്‍ രണ്ടുവയസുകാരിക്ക്‌ കിട്ടാത്തതിലെ പരിഭവം കരച്ചിലായി. ഒരു നോട്ടുബുക്കും പെന്‍സിലും നല്‍കിയപ്പോള്‍ ലഭിച്ച പുഞ്ചിരിക്ക്‌ നൂറ്‌ അക്ഷരങ്ങളുടെ തിളക്കമുണ്ടായിരുന്നു.
നമ്മുടെ യൗവനങ്ങള്‍ മൊബൈലിലും വാട്‌സാപ്പിലുമാണെന്ന്‌ അധിക്ഷേപിച്ചവര്‍ അവരുടെ സന്‍മനസും പ്രവര്‍ത്തനവും ഈ സന്ദര്‍ഭങ്ങളില്‍ കാണേണ്ടതായിരുന്നു. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും എന്ന രീതിയിലുള്ള വിമര്‍ശകര്‍ എവിടെയും കാണാം. ആസൂത്രിതമായ സംരംഭങ്ങള്‍ക്കു പോലും ചിലപ്പോള്‍ പാളിച്ചകള്‍ നേരിടാറുണ്ട്‌. കുറവുകള്‍ മാത്രം എടുത്തുകാട്ടി വിമര്‍ശിച്ച ഒരു ചെറിയ വിഭാഗം എവിടെയും കാണും. അതൊഴിവാക്കിയാല്‍ മഹാഭൂരിപക്ഷവും ഈ പ്രളയത്തിലെല്ലാം നഷ്‌ടപ്പെട്ടവര്‍ക്ക്‌ താങ്ങും തണലുമായിരുന്നു.
സാധാരണ ഉദ്യോഗസ്‌ഥ സമീപനങ്ങളില്‍നിന്ന്‌ വേറിട്ട കാഴ്‌ചകളും പ്രളയത്തോടനുബന്ധിച്ചുണ്ടായി. അവധിയില്ലാതെ, ഓണം പോലും വേണ്ടെന്നുവെച്ച്‌ ക്യാമ്പുകളില്‍ കര്‍മനിരതരായവര്‍ നിരവധി. ഞാന്‍ കണ്ട ഉദ്യോഗസ്‌ഥര്‍ക്ക്‌ അതിന്‌ പരിഭവമില്ലായിരുന്നു. ഒരു കടമയായി കണ്ടു. പൊന്‍കുന്നം മിനി സിവില്‍ സ്‌റ്റേഷന്റെ വിശാലമായ മുറ്റത്ത്‌ ആയിരക്കണക്കിന്‌ കിറ്റുകള്‍ തയാറാക്കുന്ന സ്‌കൂള്‍ കുട്ടികളും ഉദ്യോഗസ്‌ഥരും മറ്റൊരു കാഴ്‌ചയായിരുന്നു.
ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന്‌ സ്‌നേഹപൂര്‍വം തങ്ങളുടെ വീടുകളിലേക്ക്‌ അതിഥികളായി ക്ഷണിച്ചുകൊണ്ടു പോയവര്‍ ഒട്ടനവധി. സാമൂഹികമാധ്യമങ്ങളെ ക്രിയാത്മകമല്ലാത്ത പ്രവര്‍ത്തനങ്ങളെ ഈ പംക്‌തിയില്‍ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്‌. എന്നാല്‍ സമൂഹനന്മയ്‌ക്ക്‌ അവയെ ഉപയോഗിക്കാന്‍ കഴിയുമെന്ന്‌ പ്രളയം ബോധ്യപ്പെടുത്തി. മാധ്യമങ്ങള്‍ ദുരന്തത്തിന്റെ തീവ്രത ജനങ്ങളിലെത്തിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മറ്റൊരു നേര്‍ക്കാഴ്‌ചയായിരുന്നു.
ആശ്വാസത്തിനുവേണ്ടി വിളിക്കുന്നവരോട്‌, മാധ്യമസുഹൃത്തുക്കളുടെ നമ്പര്‍ നല്‍കിയ എത്രയോ സന്ദര്‍ഭങ്ങള്‍. സംഭവങ്ങളുടെ തീവ്രതയൊട്ടും ചോരാതെ അതിശയോക്‌തിയില്ലാതെയുള്ള മാധ്യമ പ്രവര്‍ത്തനം തങ്ങള്‍ക്കറിയാമെന്നും തെളിയിച്ച സന്ദര്‍ഭങ്ങള്‍. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മുന്നറിയിപ്പിനേക്കാള്‍ ജനം ശ്രദ്ധിച്ചത്‌ മാധ്യമങ്ങളുടെ അലേര്‍ട്ടുകളായിരുന്നു.
വിവാഹങ്ങളുടെ ആര്‍ഭാടങ്ങള്‍ ലളിതമാക്കി മാതൃക കാണിക്കാനും നമ്മള്‍ പഠിച്ചു. ദുരന്തമില്ലാത്ത പ്രദേശത്ത്‌ നടന്ന വിവാഹങ്ങള്‍ പോലും അനാര്‍ഭാടമാക്കി നടത്തിയവരെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. സമുദായ സംഘടനകളുടെ ആഘോഷങ്ങള്‍ പ്രാര്‍ഥനയിലൊതുക്കി നിന്നപ്പോള്‍ അത്‌ പ്രളയബാധിതര്‍ക്കുവേണ്ടിയെന്നു തോന്നിപ്പിച്ചു. വ്യത്യസ്‌ത രാഷ്‌ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകള്‍ ഓരോ അരിച്ചാക്കിന്റെയും രണ്ടറ്റത്തും പിടിച്ച കലവറയിലേക്ക്‌ കൊണ്ടുപോകുന്നതു കണ്ടു.
ക്യാമ്പിലെ കുട്ടികളുടെ കാരിക്കേച്ചര്‍ വരച്ച്‌ ആഹ്ലാദിപ്പിച്ച കാര്‍ട്ടൂണ്‍ അക്കാദമി കലാകാരന്‍മാര്‍, വിലകൂടിയ വസ്‌ത്രങ്ങള്‍ ആവോളം നല്‍കി സഹായിക്കാന്‍ മുന്നോട്ടുവന്ന വ്യാപാരസമൂഹം. നന്മയുടെ ചിത്രങ്ങള്‍ ഇനിയുമേറെ. ഒരു ക്യാമ്പില്‍ കടന്നു ചെന്നപ്പോള്‍ വീട്‌ പോയതിനേക്കാളേറെ സ്വന്തം കന്നുകാലികള്‍ ജീവനോടെ ഉണ്ടോയെന്ന വേദന പങ്കിട്ട പാവപ്പെട്ട കര്‍ഷകനെയാണു കണ്ടത്‌.
വിദ്യാലയങ്ങളുടെ വാതായനങ്ങള്‍ തുറന്ന്‌ നല്‍കാന്‍ മടികാണിക്കാത്തവര്‍ വിദ്യാലയമാണ്‌ യഥാര്‍ത്ഥ ദേവാലയമെന്നുകൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.
ഒരു പ്രളയം നമ്മെ പഠിപ്പിച്ചതും കാട്ടിത്തന്നതും ജീവിതമെന്ന പുസ്‌തകത്തിലെ ഒട്ടേറെ പാഠങ്ങളാണ്‌. ഇനിയും മരിക്കാത്ത നന്മയുടെ കിരണങ്ങള്‍ നമ്മുടെ ഉള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന്‌ തെളിയിക്കുന്ന ജീവിതപാഠങ്ങള്‍. ഏത്‌ കൂരിരുട്ടിലും മനുഷ്യന്‍ ഇത്തിരി വെട്ടം ബാക്കി വയ്‌ക്കുമെന്ന ചിന്തയുടെ വെളിച്ചങ്ങള്‍.
പ്രകൃതിയൊരു പക്ഷേ അതിന്റെ സംഹാരതാണ്ഡവത്തിലൂടെ സൃഷ്‌ടിക്കാന്‍ ശ്രമിച്ചതും നഷ്‌ടമായിക്കൊണ്ടിരിക്കുന്ന ഇത്തരം നന്മകളുടെ നാമ്പുകളെയാകാം. അതിനെ നനവും കരുത്തും നഷ്‌ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ മറ്റെല്ലാം തിരികെ വീണ്ടെടുക്കാന്‍ നമുക്ക്‌ കഴിയും. പ്രളയജലത്തിലൊഴുകി പോകാത്ത കരുത്ത്‌ നമുക്കുണ്ടെന്ന്‌ കാലം തെളിയിക്കും. അതൊടൊപ്പം ഇപ്പോള്‍ തെളിച്ച മണ്‍ചെരാതിലെ വെളിച്ചവും സൂക്ഷിക്കാം.

Ads by Google
Saturday 01 Sep 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW