Tuesday, November 20, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.29 AM

നോട്ടു നിരോധനം: സര്‍ക്കാര്‍ യാഥാര്‍ത്ഥ്യം വ്യക്‌തമാക്കണം

uploads/news/2018/09/244930/1.jpg

ഇന്ത്യയെ ഞെട്ടിച്ചു കൊണ്ടായിരുന്നു 2016 നവംബര്‍ എട്ടിന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി അന്ന്‌ രാജ്യത്ത്‌ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയത്‌. രാജ്യത്ത്‌ പ്രചാരത്തിലുണ്ടായിരുന്ന നോട്ടില്‍ 86 ശതമാനവും ഏതാനും മണിക്കൂറുകള്‍കൊണ്ട്‌ വിലയില്ലാത്തവ ആയിത്തീര്‍ന്നു. കള്ളപ്പണം കള്ളനോട്ട്‌ എന്നിവയില്‍നിന്ന്‌ രാജ്യത്തെ മോചിപ്പിച്ച്‌ സമ്പദ്‌ വ്യവസ്‌ഥയെ ശാക്‌തീകരിക്കാന്‍ ഉള്ള നടപടി എന്നായിരുന്നു നോട്ട്‌ നിരോധനത്തെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും വിശേഷിപ്പിച്ചത്‌. നിരോധിച്ച നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ രണ്ടുമാസത്തോളം സമയമാണ്‌ നല്‍കിയത്‌. ഇതിനിടയില്‍ പുതിയ 500, 2000 നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്‌തു. വലിയ വിസ്‌ഫോടനം ആയിരുന്നു നോട്ടു നിരോധനത്തെ തുടര്‍ന്ന്‌ രാജ്യത്തുണ്ടായത്‌. ദിവസങ്ങളോളം ജനങ്ങള്‍ ബുദ്ധിമുട്ടി. എ.ടി.എം. കൗണ്ടറുകളിലും ബാങ്കുകളിലും മണിക്കൂറുകളോളം ക്യൂ നിന്ന്‌ ജനങ്ങള്‍ നോട്ടു മാറ്റിയെടുത്തു. ഈ യാതനയ്‌ക്കിടയില്‍ നൂറിലേറെ പേര്‍ മരണമടയുകയും ചെയ്‌തു. 50 ദിവസംകൊണ്ട്‌ എല്ലാം ശരിയാകുമെന്നും തുടര്‍ന്നു സമ്പദ്‌ വ്യവസ്‌ഥ ശക്‌തമാകുമെന്നും ആയിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്‌. ബുദ്ധിമുട്ടും എതിര്‍പ്പും ഉണ്ടായിരുന്നെങ്കിലും അതെല്ലാം മറന്ന്‌ ജനങ്ങള്‍ ഈ നടപടിയോട്‌ സഹകരിച്ചത്‌ രാജ്യത്ത്‌ കള്ളനോട്ടുകളും കള്ളപ്പണവും ഇല്ലാതാകും എന്ന പ്രതീക്ഷയിലായിരുന്നു.
എന്നാല്‍, റിസര്‍വ്‌ ബാങ്കിന്റെ 2017-18 വര്‍ഷത്തിലെ റിപ്പോര്‍ട്ട്‌ പ്രകാരം നോട്ട്‌ നിരോധനം കൊണ്ട്‌ ഉദ്ദേശിച്ച ഫലം കിട്ടിയില്ല എന്നാണ്‌ വ്യക്‌തമാകുന്നത്‌. നിരോധിച്ച നോട്ടിലെ 99.3 ശതമാനവും ബാങ്കില്‍ മടങ്ങിയെത്തി എന്ന്‌ റിസര്‍വ്‌ ബാങ്ക്‌ വ്യക്‌തമാക്കുന്നു. നിരോധിക്കുമ്പോള്‍ 15.41 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്‌. ഇതില്‍ 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തി എന്നാണ്‌ റിസര്‍വ്‌ ബാങ്കിന്റെ റിപ്പോര്‍ട്ട്‌. പ്രചാരത്തിലുണ്ടായിരുന്നതില്‍ കണക്കില്‍പ്പെടാത്ത മൂന്നുലക്ഷം കോടി രൂപയെങ്കിലും തിരിച്ചെത്തില്ല എന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇത്‌ കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുമെന്നും അത്‌ സമ്പത്ത്‌ വ്യവസ്‌ഥയെ ശക്‌തമാക്കും എന്നുമായിരുന്നു സര്‍ക്കാരിന്‍റെ അവകാശവാദം. എന്നാല്‍, 10000 കോടി രൂപ ഒഴികെയുള്ള നോട്ട്‌ ബാങ്കില്‍ തിരിച്ചെത്തി.
വന്‍തോതില്‍ കള്ളനോട്ട്‌ തിരിച്ചെത്തിയെന്നും അവ നിയമവിധേയ പണമായി മാറ്റപ്പെട്ടുവെന്നുമാണ്‌ റിസര്‍വ്‌ ബാങ്ക്‌ റിപ്പോര്‍ട്ടില്‍നിന്ന്‌ മനസിലാക്കേണ്ടത്‌. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുക എന്നതായിരുന്നു നോട്ട്‌ നിരോധനത്തിന്റെ ലക്ഷ്യമെങ്കില്‍ ലക്ഷ്യം പരാജയപ്പെട്ടുവെന്ന്‌ ഈ കണക്കില്‍ നിന്ന്‌ വ്യക്‌തമാണ്‌. കള്ളപ്പണം സാധാരണഗതിയില്‍ സ്‌ഥലം വാങ്ങാനും സ്വര്‍ണം വാങ്ങാനും ആണ്‌ ഉപയോഗിക്കപ്പെടുക എന്നുള്ളതിനാല്‍ അത്‌ എങ്ങനെ കണ്ടെത്തുമെന്ന്‌ അന്നേ സംശയമുണ്ടായിരുന്നു. കള്ളനോട്ട്‌ ബാങ്കില്‍ തിരിച്ചെത്തില്ല എന്നതുമാത്രമായിരുന്നു അന്ന്‌ ഉണ്ടായിരുന്ന പ്രതീക്ഷ. അതും അസ്‌ഥാനത്തായിരിക്കുകയാണ്‌.
ലക്ഷ്യം കണ്ടില്ല എന്നുമാത്രമല്ല പുതിയ നോട്ട്‌ അച്ചടിക്കാന്‍ രണ്ടുവര്‍ഷമായി വേണ്ടിവന്നത്‌ 10000 കോടി രൂപയിലേറെയാണ്‌. പുതിയ നോട്ടുകള്‍ ഏറെ സുരക്ഷ ഉള്ളതാണെന്ന്‌ അവകാശവാദം ഉണ്ടായിരുന്നെങ്കിലും അവയുടെയും കള്ളനോട്ടുകള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്‌. നോട്ട്‌ നിരോധനം വിജയമായിരുന്നു എന്നാണ്‌ സര്‍ക്കാരിന്റെ അവകാശവാദം. ആദായനികുതി അടയ്‌ക്കുന്നവരുടെ എണ്ണംകൂടി എന്നതും കണക്കു കാണിച്ചുകൊണ്ടുള്ള സാമ്പത്തിക ഇടപാടുകള്‍ വര്‍ദ്ധിച്ചു എന്നതുമാണ്‌ ഇതിന്‌ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. കണക്കു കാണിച്ചുകൊണ്ടുള്ള സാമ്പത്തിക ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ നോട്ട്‌ നിരോധിക്കേണ്ടിയിരുന്നില്ല, നിയമം കര്‍ക്കശമാക്കി യാല്‍ മതിയായിരുന്നു. റിസര്‍വ്‌ ബാങ്കിന്റെ റിപ്പോര്‍ട്ട്‌ വന്നതോടെ നോട്ട്‌ നിരോധനത്തിന്റെ ഗുണം സംബന്ധിച്ച്‌ രാജ്യമെമ്പാടും സംശയം ഉയര്‍ന്നിട്ടുള്ളതിനാല്‍ ഇതുസംബന്ധിച്ച്‌ എല്ലാ വിശദാംശങ്ങളും വ്യക്‌തമാക്കി സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണം.

Ads by Google
Saturday 01 Sep 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW