Tuesday, September 11, 2018 Last Updated 29 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.22 AM

പ്രളയമേഖലകളില്‍ എലിപ്പനി ഭീഷണി

uploads/news/2018/09/244924/5.jpg

കൊച്ചി: പ്രളയക്കെടുതിയെ അതിജീവിച്ചവരുടെ ജീവനു ഭീഷണിയായി എലിപ്പനി പടരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ എലിപ്പനി ബാധിച്ചു മരിച്ചവര്‍ ഒന്‍പതായി. വടക്കന്‍ കേരളത്തിലാണു മരണസംഖ്യ ഏറെ. പ്രളയം സൃഷ്‌ടിച്ച മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണു പലര്‍ക്കും രോഗം ബാധിച്ചത്‌. മലിനജലവുമായുള്ള സമ്പര്‍ക്കം രോഗസാധ്യത കൂട്ടുമെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു. കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. ഇവിടെ 30 പേരില്‍ എലിപ്പനി സ്‌ഥിരീകരിച്ചു. പറവൂരിലും മലപ്പുറം പരപ്പനങ്ങാടിയിലും ഒരാള്‍ വീതം മരിച്ചു. 60 പേര്‍ കോഴിക്കോട്‌ നിരീക്ഷണത്തിലാണ്‌. എറണാകുളം ജില്ലയില്‍ ഏഴുപേരില്‍ എലിപ്പനി സ്‌ഥിരീകരിച്ചു. 70 പേര്‍ ഇവിടെ നിരീക്ഷണത്തിലാണ്‌.
പ്രളയബാധിത ജില്ലകളില്‍ പകര്‍ച്ചവ്യാധി ഭീഷണി വ്യാപകമാകുമെന്നു ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഓഗസ്‌റ്റ്‌ അവസാനവാരത്തിലാണ്‌ എലിപ്പനി വ്യാപകമായത്‌. കോഴിക്കോട്‌, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ എലിപ്പനി ബാധിച്ചവര്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്‌. എലിപ്പനിക്കു പുറമേ ഡെങ്കിപ്പനിയും വൈറല്‍പനിയും വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
ഓഗസ്‌റ്റില്‍ കൊച്ചിയില്‍ മൂന്നു പേരില്‍ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. 59 പേര്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്‌. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്‌റ്റ്‌വരെ 665 പേര്‍ക്കു എലിപ്പനി ബാധിച്ചതായാണു ആരോഗ്യവകുപ്പിന്റെ കണക്ക്‌. ഇതില്‍ 30 പേര്‍ മരിച്ചു. ഓഗസ്‌റ്റില്‍ മാത്രം രോഗം പിടിപെട്ടത്‌ 150 പേര്‍ക്ക്‌. ഈ വര്‍ഷം ഓഗസ്‌റ്റ്‌ 28 വരെയുള്ള കണക്കില്‍ തിരുവനന്തപുരം ജില്ലയിലാണ്‌ എലിപ്പനി ബാധിതരേറെയും- 109 പേര്‍. പത്തനംതിട്ട ജില്ലയില്‍ 108 പേര്‍ക്കു രോഗബാധയുണ്ടായി.
രോഗം

എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്‌, ലെപ്‌റ്റോസ്‌പൈറ എന്ന ബാക്‌ടീരിയ മൂലമാണുണ്ടാകുന്നത്‌. എലി, മരപ്പട്ടി, അണ്ണാന്‍, പൂച്ച തുടങ്ങി ഒരു ഡസനോളം ജീവികള്‍ ഈ രോഗാണുവാഹകരാണ്‌.
പകരുന്നത്‌

രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന ജലം മുറിവുകളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ രോഗാണു ശരീരത്തിനുള്ളില്‍ കടക്കുന്നു. ശരീരത്തില്‍ പ്രവേശിച്ചാല്‍ 19 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിക്കും.
ലക്ഷണങ്ങള്‍

പനി, തലവേദന, ശരീരവേദന, കാല്‍വണ്ണ വേദന എന്നിവയാണു പ്രാഥമിക ലക്ഷണങ്ങള്‍. രോഗം കലശലായാല്‍ തലച്ചോര്‍, വൃക്ക എന്നിവയെ ബാധിക്കും. കടുത്ത ശ്വാസംമുട്ടല്‍ ഉണ്ടാകും. ഹൃദയാഘാതം, രക്‌തവാര്‍ച്ച എന്നിവയോടെ മരണം സംഭവിക്കും.
രോഗപ്രതിരോധം

പ്രതിരോധ മരുന്നായ ഡോക്‌സിസൈക്‌ളിന്‍ ആഴ്‌ചയില്‍ 200 മില്ലിഗ്രാം (രണ്ടു ഗുളിക)ഡോക്‌ടര്‍മാര്‍ ശിപാര്‍ശ ചെയ്യുന്നു. പനി ലക്ഷണമുണ്ടെങ്കിലും ഗുളികകള്‍ കഴിക്കണം. ഗര്‍ഭിണികളും കുഞ്ഞുങ്ങളും ഈ ഗുളിക കഴിക്കരുത്‌. രോഗം നേരത്തേ കണ്ടെത്തിയാല്‍ ചികിത്സ എളുപ്പമാകും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കൈകാലുറകള്‍ ധരിക്കണം. മലിന ജലം ഉപയോഗിച്ചു മുഖം കഴുകരുത്‌.

Ads by Google
Saturday 01 Sep 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW